യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിലേക്ക്. ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇരുവരുടേയും വിജയം ഇനി നിര്‍ണയിക്കുക അഞ്ച് സിംഗ് സ്റ്റേറ്റുകള്‍.
പെല്‍സില്‍വേനിയ, മിഷിഗണ്‍, വിസ്കോണ്‍സിന്‍, ജോര്‍ജിയ, നോര്‍ത്ത് കരോളിന എന്നീ അഞ്ച് സ്റ്റേറ്റുകളാണ് അന്തിമ ഫലത്തില്‍ നിര്‍ണായകമാകുക. അഞ്ച് സംസ്ഥാനങ്ങളിലായി 77 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇതില്‍ വിസ്കോണ്‍സിനില്‍ ബൈഡന് മുന്നിലാണ്.
ജോര്‍ജിയയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അരിസോണയിലും ബൈഡനാണ് ലീഡ്. ഫ്ലോറിഡയും ഒഹായോയും ടെക്സസും ട്രംപിനൊപ്പം നില്ക്കുന്നു. പെല്‍സില്‍വേനിയ, മിഷിഗണ്‍ എന്നിവിടങ്ങളിലെ ഫലം വൈകാനാണ് സാധ്യത. അതിനാല്‍ അന്തിമ ഫലം ഇന്നുണ്ടാവില്ല.
വിവിധ തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത പാരമ്പര്യമുള്ള 12 സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകളായി അറിയപ്പെടുന്നത്. 2000 മുതല്‍ 2016 വരെ നടന്ന അഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ 38 സംസ്ഥാനങ്ങള്‍ ഒരേ രാഷ്ട്രീയ പാര്‍ട്ടിക്ക് തന്നെയാണ് ഭൂരിപക്ഷം നല്‍കിയത്. എന്നാല്‍ ശേഷിക്കുന്ന 12 സംസ്ഥാനങ്ങള്‍ ഈ അഞ്ച് തെരഞ്ഞെടുപ്പുകളിലും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നിന്നു.
ജോ ബൈഡനും ട്രംപും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ചതും ഈ സംസ്ഥാനങ്ങളിലായിരുന്നു എന്നതുതന്നെ ഇവയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. വോട്ടെണ്ണല്‍ അവസാന വട്ടത്തിലേക്ക് അടുക്കുമ്പോള്‍ സ്വിംഗ് സ്റ്റേറ്റുകള്‍ തന്നെയാണ് സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നത്.
Discussion about this post