വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ 46-ാമതു പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോസഫ് റോ ബിനെറ്റ് ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്കു കടക്കവേ പെന്‍സില്‍വേനിയ(20 ഇലക്ടറല്‍ വോട്ടുകള്‍), നെവാഡ(6) സംസ്ഥാനങ്ങളില്‍ ബൈഡനു വ്യക്തമായ ലീഡ് ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 538 അംഗ ഇലക്ടറല്‍ കോളജില്‍ ബൈഡന് 290 വോട്ടുകളായി. ഭൂരിപക്ഷത്തിന് 270 മതി. എതിരാളിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് 214 ഇലക്ടറല്‍ വോട്ടുകളേ നേടാനായിട്ടുള്ളൂ. വിര്‍ജീനിയ(13 ഇലക്ടറല്‍ വോട്ടുകള്‍), നോര്‍ത്ത് കരോളൈന(15), അലാസ്‌ക(മൂന്ന്) എന്നീ സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി അറിയാനുള്ളത്. വിര്‍ജീനിയയിലും ബൈഡന്‍ ലീഡ് ചെയ്യുന്നതായാണു സൂചന.
നോര്‍ത്ത് കരോളൈനയിലും അലാസ്‌കയിലുമാണ് ട്രംപിനു സാധ്യതയുള്ളത്. മുന്പ് ബൈഡനൊപ്പമായിരിക്കുമെന്നു പ്രവചിക്കപ്പെട്ട അരിസോണ(11 ഇലക്ടറല്‍ വോട്ടുകള്‍)യില്‍ ട്രംപിനു വോട്ടു കൂടുന്നതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തേ, മുന്നൂറിലധികം വോട്ടുകള്‍ക്കു താന്‍ വിജയിക്കുമെന്ന് ബൈഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വിജയപ്രഖ്യാപനത്തിനു തയാറായില്ല. അതേസമയം ബൈഡനെതിരേ നിയമയുദ്ധം തുടങ്ങിയിട്ടേയുള്ളൂവെന്നു പറഞ്ഞ ട്രംപ് അത്രയെളുപ്പത്തില്‍ പരാജയം സമ്മതിക്കില്ലെന്നു വ്യക്തമാക്കി. പെന്‍സില്‍വേനിയ അടക്കമുള്ളിയിടങ്ങളില്‍ വ്യാപകമായി തെരഞ്ഞെടുപ്പു ക്രമക്കേട് നടന്നതായി അദ്ദേഹം ഇന്നലെയും ആരോപിച്ചു. തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെയാണ് പെന്‍സില്‍വേനിയയില്‍ ബൈഡന് ട്രംപിനെ മറികടന്നത്.













