ദീപാവലി എന്ന വാക്ക് ദീപ്+ആവലി എന്നീ രണ്ടു വാക്കുകള്‍ ചേര്‍ത്തുണ്ടായതാണ്. ആവലി എന്നാല്‍ ‘പംക്തി’. ഇപ്രകാരം ‘ദീപാവവലി എന്ന വാക്കിന്റെ അര്‍ഥം ദീപങ്ങളുടെ പംക്തി എന്നാണ്. ദീപാവലി ദിവസം വീടുകളും കെട്ടിടങ്ങളും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. അതുകൊണ്ട് ഇതിനെ ‘ദീപോത്സവം’ എന്നും പറയുന്നു.
ദീപാവലിയില്‍ ഉള്‍പ്പെടുന്ന വിവിധ ദിവസങ്ങള്‍ ഇപ്രകാരമാണ് – ശകവര്‍ഷ അശ്വിന മാസം കറുത്ത പക്ഷ ത്രയോദശി ദിവസം ‘ധനത്രയോദശി’യും, ചതുര്‍ദശി ദിവസം ‘നരകചതുര്‍ദശി’യും ആഘോഷിക്കുന്നു. അമാവാസി ദിവസം ലക്ഷ്മീ പൂജ നടത്തുന്നു. കാര്‍ത്തിക മാസം വെളുത്ത പക്ഷ പ്രഥമ ദിവസം ‘ബലിപ്രതിപദ’ ആയി ആഘോഷിക്കുന്നു. ദീപാവലിയുടെ ഓരോ ദിവസവും തിന്മയ്ക്കുമേല്‍ നന്മയുടെ വിജയത്തെ ഓര്‍മപ്പെടുത്തുന്നു.
‘തമസോ മാ ജ്യോതിര്‍ഗമയ’, അതായത് ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് ഗമനം ചെയ്യുക. ഇത് ഉപനിഷത്തുകളുടെ സാരാംശമാണ്. നമ്മുടെ വീട്ടില്‍ എല്ലായ്‌പ്പോഴും ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യം ഉണ്ടാകണം. ഇതിനായി ഓരോരുത്തരും ആനന്ദത്തില്‍ ദീപോത്സവം ആഘോഷിക്കുന്നു.
ദീപാവലിയുടെ ചരിത്രം
പ്രഭു ശ്രീരാമചന്ദ്രന്‍ 14 വര്‍ഷങ്ങള്‍ വനവാസം കഴിഞ്ഞ് അയോധ്യയില്‍ തിരിച്ച് എത്തിയ സമയത്ത് പ്രജകള്‍ ആനന്ദത്തില്‍ ദീപോത്സവം നടത്തി. അന്നു മുതല്‍ തുടങ്ങിയതാണ് ദീപാവലി.
നരകാസുരന്‍ എന്ന അസുരനെ വധിച്ച് ശ്രീകൃഷ്ണന്‍ ജനങ്ങളെ അത്യാചാരം, ലോഭം, ദുരാചാരങ്ങള്‍ എന്നിവയില്‍നിന്നു മോചിപ്പിച്ചു. ദീപാവലി ദുര്‍ഗുണങ്ങള്‍ക്കുമേല്‍ ദൈവിക ഗുണങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നു. യഥാര്‍ഥ ദീപാവലി എന്നാല്‍ ഭൌതീകമായ ആസക്തികളില്‍നിന്നും മുക്തരായി നമ്മുടെ ആത്മജ്യോതിയെ തെളിയിക്കുകന്നതാണ്.
ദീപാവലിക്കു മുന്പ് തന്നെ ജനങ്ങള്‍ അവരുടെ വീടുകളും കാര്യാലയങ്ങളും അതിന്റെ പരിസരവും വൃത്തിയാക്കുന്നു. വീട്ടിലെ കേടുപാടുകളുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച് വീട് വൃത്തിയാക്കി അലങ്കരിക്കുന്നു. ഇങ്ങനെ ചെയ്യുന്‌പോള്‍ ആ വാസസ്ഥലത്തിന്റെ ആയുസ്സ് കൂടുന്നു. മാത്രമല്ല, വീട് ആകര്‍ഷകവുമാകുന്നു. വീട്ടിലെ എല്ലാ അംഗങ്ങളും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നു. മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്നു. ‘ദീപാവലിക്ക് ശ്രീലക്ഷ്മീ സത്യസന്ധരായവരുടെ ഗൃഹങ്ങളില്‍ വരുന്നു’, എന്നാണ് ബ്രഹ്മപുരാണത്തില്‍ പറയുന്നത്. വീടിനെ എല്ലാ തരത്തിലും ശുദ്ധവും സുശോഭിതവുമാക്കി ദീപാവലി ആഘോഷിക്കുന്നതില്‍ ശ്രീലക്ഷ്മീ പ്രസന്നയാകുകയും അവിടെ സ്ഥായീ രൂപത്തില്‍ വസിക്കുകയും ചെയ്യുന്നു’.
ദീപാവലി ദിവസങ്ങളില്‍ വീട്ടിന്റെ മുറ്റത്ത് അലങ്കാരത്തിനായി ഇടുന്ന കോലം
ദീപാവലിയുടെ ശുഭാവസരത്തില്‍ വീട്ടിനു മുറ്റത്ത് കോലമിടുന്നു. കോലമിടുന്നതിനു പിന്നില്‍ രണ്ട് ഉദ്ദേശ്യങ്ങളുണ്ട് – ‘സൌന്ദര്യത്തിന്റെ സാക്ഷാത്കാരവും മംഗളപ്രാപ്തിയും’. ദേവതകളെ സ്വാഗതം ചെയ്യുന്നതിനായാണ് കോലങ്ങള്‍ ഇടുക. കോലം ഇട്ട മുറ്റം കണ്ട് ദേവത പ്രസന്നയാകുന്നു. ഇക്കാരണത്താല്‍ ദീപാവലി നാളുകളില്‍ ദിവസവും ദേവത തത്ത്വം ആഗിരണം ചെയ്യുന്ന പല നിറങ്ങളുള്ള കോലങ്ങള്‍ ഇടുന്നു. ഇതിലൂടെ ദേവതാ തത്ത്വത്തിന്റെ ഗുണം നേടിയെടുക്കുകയും ചെയ്യുന്നു.
ആകാശദീപം
ആകാശദീപം വീട്ടിനു പുറത്ത് തൂക്കിയിടുന്നു. ദീപം തെളിയിക്കുന്നതു പോലെയാണ് ഇതും. അശ്വിന മാസം വെളുത്ത പക്ഷത്തിലെ ഏകാദശി മുതല്‍ കാര്‍ത്തിക മാസം വെളുത്ത പക്ഷത്തിലെ ഏകാദശി വരെ ഈ ആകാശദീപം തൂക്കി ഇടുന്നു.
മണ്‍ചിരാക് കത്തിക്കുക
ദീപാവലിക്ക് ദിവസവും മണ്‍ചിരാക് കത്തിക്കുന്നു. എണ്ണ വിളക്ക് ഒരു മീറ്റര്‍ ചുറ്റളവിലുള്ള സാത്ത്വിക തരംഗങ്ങളെ ആകര്‍ഷിക്കുകയും അവയെ പ്രക്ഷേപിക്കുകയും ചെയ്യുന്നു. മറിച്ച്, മെഴുകുതിരിയും വൈദ്യുത വിളക്കും രജ-തമ കണങ്ങളെയാണ് പ്രക്ഷേപണം ചെയ്യുന്നത്. കൂടാതെ വൈദ്യുത വിളക്ക് മനസ്സിനെ ബഹിര്‍മുഖവുമാക്കുന്നു. ആയതിനാല്‍ ദീപാവലിക്ക് എണ്ണയൊഴിച്ച് മണ്‍വിളക്ക് തന്നെ കത്തിക്കുക.
ദീപാവലിയുടെ വിവിധ ദിവസങ്ങളും
അവയുടെ ആന്തരാര്‍ഥവും :
നരകചതുര്‍ദശി മുതല്‍ പ്രതിപദ വരെ മൂന്നു തിഥികളിലാണ് ദീപാവലി. അതുകൂടാതെ ഗോവത്സ ദ്വാദശിയും ധനത്രയോദശിയും ഇതിന്റെ കൂടെ വരുന്നു. ഇനി നമുക്ക് ഈ ദിവസങ്ങളുടെ മഹത്ത്വം മനസ്സിലാക്കാം.
1. ഗോവത്സ ദ്വാദശി (വസുബാരസ്) (12.11.2020) : സമുദ്രമഥനത്തില്‍നിന്നും 5 കാമധേനു പശുക്കള്‍ പുറത്തു വന്നു. അവയിലെ നന്ദ എന്ന കാമധേനുവിനെ ഉദ്ദേശിച്ചുകൊണ്ട് ഈ ദിവസം ഇച്ഛാപൂര്‍ത്തിക്കായി വ്രതം നോല്‍ക്കുന്നു. ഈ ദിവസം സൌഭാഗ്യവതിയായ സ്ത്രീകള്‍ ഗോമാതാവിനെ പൂജിക്കുന്നു.
2. ധനത്രയോദശി/ ധന്വന്തരി ജയന്തി (13.11.2020) : അശ്വിന മാസം കറുത്ത പക്ഷം ത്രയോദശിയാണ് ധനത്രയോദശി. വ്യാപാരികള്‍ക്ക് ഈ ദിവസം വളരെ പ്രധാനമാണ്, അവര്‍ ഈ ദിവസം ധനത്തെ പൂജിക്കുന്നു. അതേപോലെ ആയുര്‍വേദ വൈദ്യര്‍ ഈ ദിവസം ധന്വന്തരി ദേവതയെ പൂജിക്കുന്നു. അമരത്വം നല്‍കുന്ന ദേവനാണ് ധന്വന്തരി. പല സ്ഥലങ്ങളിലും ആര്യവേപ്പിലയും പഞ്ചസാരയും ചേര്‍ത്തരച്ച് പ്രസാദമായി കഴിക്കുന്നു. ആര്യവേപ്പില ദിവസവും കഴിച്ചാല്‍ അസുഖങ്ങള്‍ വരാതിരിക്കും അത്രയധികം മഹത്ത്വം വേപ്പിലയ്ക്കുണ്ട്.
3. യമദീപദാനം (13.11.2020) : ധനത്രയോദശി ദിവസം യമദീപദാനവും ചെയ്യുന്നു. പ്രാണ ഹരണം ചെയ്യുന്ന ദേവനാണ് യമന്‍. നമുക്കാര്‍ക്കും മരണത്തെ ഒഴിവാക്കാന്‍ കഴിയുകയില്ല പക്ഷേ അകാല മരണവും അപമൃത്യുവും ആര്‍ക്കും വരാതിരിക്കുവാന്‍ ധനത്രയോദശി ദിവസം യമദേവനെ ഉദ്ദേശിച്ച് ഒരു വിധി ചെയ്യുന്നു. ഗോതന്പ് മാവ് കൊണ്ട് തയ്യാറാക്കിയ 13 വിളക്കുകള്‍ സന്ധ്യാസമയത്ത് വീട്ടിനു പുറത്ത്, അതിന്റെ തിരി തെക്ക് വശത്തോട് വച്ചുകൊണ്ട് തെളിയിക്കുക. നാം ഒരിക്കലും തെക്കോട്ട് തിരിച്ച് വിളക്ക് വയ്ക്കുകയില്ല പക്ഷേ യമദീപദാനത്തിന് മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം ഇപ്രകാരം പ്രാര്‍ഥിക്കുക – ‘യമദേവനെ, ദീപദാനത്താല്‍ പ്രസന്നനായി മൃത്യുപാശം മൃത്യുദണ്ഡം എന്നിവയില്‍നിന്നും എനിക്ക് മുക്തി നല്‍കണേ.’
4. നരകചതുര്‍ദശി (14.11.2020) : അശ്വിന മാസം കറുത്ത പക്ഷം ചതുര്‍ദശിയാണ് നരകചതുര്‍ദശി. ശ്രീമദ്ഭാഗവത പുരാണമനുസരിച്ച് ഈ ദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചത്. നമ്മുടെ നരകതുല്യമായ പാപങ്ങളെയും അഹംഭാവത്തെയും നശിപ്പിക്കുക എന്നാണ് ഈ ദിവസത്തിന്റെ ആന്തരാര്‍ഥം.
5. ലക്ഷ്മീപൂജ (14.11.2020) : അശ്വിന മാസം അമാവാസി ദിവസമാണ് ലക്ഷ്മീ പൂജ ചെയ്യുന്നത്. അലക്ഷ്മീയെ (ദാരിദ്യ്രം) ഇല്ലാതാക്കാന്‍ ലക്ഷ്മി ദേവിയെ (ധനത്തിന്റെ ദേവി) ഈ ദിവസം പൂജിക്കുന്നു.
6. ബലിപ്രതിപദ (15.11.2020) : കാര്‍ത്തിക മാസം വെളുത്ത പക്ഷം പ്രഥമ ദിവസമാണ് ബലിപ്രതിപദയായി ആഘോഷിക്കുന്നത്. അസുര രാജാവായ ബലി രാജാവിന്‍മേല്‍ ഭഗവാന്‍ മഹാവിഷ്ണുവിന്റെ വിജയത്തെയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. വര്‍ഷത്തിലെ മൂന്നര ശുഭമുഹൂര്‍ത്തങ്ങളിലെ അര ദിവസമാണ് ബലിപ്രതിപദ. (മൂന്നര ശുഭമുഹൂര്‍ത്തങ്ങള്‍ – യുഗാദി, അക്ഷയ തൃതീയ, വിജയദശമി എന്നീ മൂന്ന് ദിവസങ്ങളും ബലിപ്രതിപദയുടെ അര ദിവസവും വര്‍ഷത്തിലെ ശുഭമുഹൂര്‍ത്തങ്ങളാണ്. ഈ ദിനങ്ങളില്‍ ശുഭകാര്യത്തിനായി മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമില്ല. എല്ലാ മുഹൂര്‍ത്തവും ശുഭമായിരിക്കും.)
7. യമദ്വിതീയ (ഭായിദൂജ്) (16.11.2020) : കാര്‍ത്തിക മാസം വെളുത്ത പക്ഷം ദ്വിതീയയാണ് യമദ്വിതീയയായി ആഘോഷിക്കുന്നത്. ഈ ദിവസം സഹോദരനും സഹോദരിയും തമ്മിലുള്ള പവിത്രമായ ബന്ധത്തെ സൂചിപ്പിക്കുന്നു. യമദേവന്‍ ഊണ് കഴിക്കുന്നതിനായി തന്റെ സഹോദരിയുടെ വീട്ടില്‍ പോകുന്നു. ഈ ദിവസം സഹോദരന്മാര്‍ അവരുടെ സഹോദരിമാരുടെ വീടുകളില്‍ പോയി അവര്‍ക്ക് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ മുതലായവ സമ്മാനമായി നല്‍കി അവിടെത്തന്നെ ഭക്ഷണം കഴിക്കുന്നു. വൈരാഗ്യം, അസൂയ, എന്നിവ ഇല്ലാതാക്കി സ്‌നേഹം വര്‍ധിപ്പിക്കുക എന്നാണ് ഈ ദിവസത്തിന്റെ ആന്തരാര്‍ഥം.
ദീപാവലി ആഷോഘവും പടക്കങ്ങളും !
ദീപാവലിക്ക് എല്ലാ പ്രായക്കാരും പടക്കങ്ങള്‍ പൊട്ടിച്ച് ആനന്ദം പ്രകടിപ്പിക്കുന്നു. എന്നാല്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് വാസ്തവത്തില്‍ ഉചിതമാണോ? പടക്കങ്ങള്‍ എന്നാല്‍ പ്രകാശത്തിന്റെ മാധ്യമത്തിലൂടെ ഉത്സവത്തിന്റെ ഭംഗി കൂട്ടാനുള്ള ഒരു മാധ്യമമാണ്. പക്ഷേ ഭംഗിയെ അപേക്ഷിച്ച് പടക്കങ്ങള്‍ കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ അധികമാണ്.
ഈയിടെയായി പടക്കങ്ങളുടെ പുറം ചട്ടയില്‍ ദേവത, രാഷ്ട്രപുരുഷന്മാര്‍, എന്നിവരുടെ ചിത്രങ്ങള്‍ അച്ചടിക്കുന്നു, ഉദാ. ലക്ഷ്മീദേവിയുടെ ചിത്രങ്ങളുള്ള പടക്കങ്ങള്‍, ശ്രീകൃഷ്ണന്റെ ചിത്രമുള്ള പൂക്കുറ്റി, മുതലായവ. ഇങ്ങനെയുള്ള പടക്കങ്ങള്‍ പൊട്ടിച്ച് ദേവതകളുടെ ചിത്രങ്ങള്‍ ചിന്തിച്ചിതറിപ്പിച്ച് നമ്മുടെ തന്നെ ഭക്തിഭാവത്തെ നാം ചവിട്ടിയരയ്ക്കുകയാണ്. ഇതിലൂടെ ആധ്യാത്മികമായ ഹാനി കൂടി ഉണ്ടാകുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ പടക്കങ്ങള്‍ പൊട്ടിക്കുവാന്‍ ഒരു ധര്‍മശാസ്ത്രവും ഉപദേശിച്ചിട്ടില്ല. ഇതിനാല്‍ പടക്കങ്ങള്‍ പൊട്ടിക്കാതിരിക്കുക.
പടക്കങ്ങള്‍ പൊട്ടിക്കുന്നതു കൊണ്ടുള്ള ദോഷങ്ങള്‍
1. പടക്കങ്ങള്‍ കാരണം ശരീരത്തിനുണ്ടാകുന്ന ദോഷങ്ങള്‍ : പൊള്ളലും, കേള്‍വിക്കുറവും ഉണ്ടാകുന്നു. ചില പടക്കങ്ങള്‍ (ഉദാ. റോക്കറ്റ്) ചുറ്റുമുള്ള കുടിലുകളെയും ഉണങ്ങിയ വയലുകളെയും കത്തിച്ചാന്പലാക്കുന്നു.
2. പടക്കങ്ങള്‍ കാരണമുണ്ടാകുന്ന സാന്പത്തികമായ നഷ്ടങ്ങള്‍ : ഇതര മതസ്ഥര്‍ അവരുടെ പണം അവരുടെ മതപരമായ കാര്യങ്ങള്‍ക്കായി ചിലവഴിക്കുന്നു. എന്നാല്‍ ഹിന്ദുക്കള്‍ പടക്കങ്ങള്‍ വാങ്ങി പണം പാഴാക്കിക്കളയുന്നു.
ഇന്ന് നമ്മുടെ രാഷ്ട്രം പല പ്രതിസന്ധികളിലൂടെയും കടന്നു പോകുകയാണ്. പടക്കം പൊട്ടുന്നതു പോലെയാണ് പല സ്ഥലങ്ങളിലും ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുന്നത്. എത്രയോ ഭാരതീയര്‍ രണ്ടു നേരം ഭക്ഷണം കഴിക്കുവാന്‍ പോലും ബുദ്ധിമുട്ടുന്നു. ലോക ബാങ്കില്‍നിന്നും ഭാരതം കോടികള്‍ കടമായെടുത്തിട്ടുണ്ട്. എത്രയോ ഭാരതീയര്‍ തൊഴില്‍ രഹിതരാണ്, ദാരിദ്യ്രത്താലും രോഗ ചികിത്സിയ്ക്കായി പണമില്ലാതെയും ആളുകള്‍ മരിക്കുകയാണ്. ഈ സ്ഥിതിയില്‍ നമ്മുടെ പണം പടക്കങ്ങള്‍ക്കായി പാഴാക്കിക്കളയുന്നത് ശരിയാണോ? ഓരോ വര്‍ഷവും നമ്മള്‍ കോടിക്കണക്കിന് രൂപ പടക്കങ്ങള്‍ വാങ്ങിച്ച് നശിപ്പിക്കുകയാണ്. ഇതൊരു വലിയ പാപം തന്നെയാണ്. നമ്മുടെ ഓരോ പൈസയും നമ്മള്‍ ധര്‍മകാര്യത്തിനായി വിനിയോഗിക്കണം.
3. പടക്കങ്ങള്‍ കാരണം ആധ്യാത്മികപരമായി ഉണ്ടാകുന്ന ദോഷങ്ങള്‍ : ഭക്തി ഗാനങ്ങളും സാത്ത്വികമായ ധ്വനിയും ദേവതകളെയും ദൈവീക ശക്തികളെയും ആകര്‍ഷിക്കുന്നു, എന്നാല്‍ പടക്കങ്ങള്‍ പൊട്ടിക്കുന്‌പോള്‍ ഉണ്ടാകുന്ന ശബ്ദത്തിലൂടെ തമോഗുണമുണ്ടാകുന്നു. ഈ ശബ്ദത്തിലേക്ക് അനിഷ്ട ശക്തികള്‍ ആകര്‍ഷിക്കപ്പെടുന്നു. നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതൊരു കാരണമാണ്.
പടക്കങ്ങള്‍ പൊട്ടിക്കുന്‌പോള്‍ കിട്ടുന്ന സന്തോഷം കുറച്ച് സമയം മാത്രമായിരിക്കും, പക്ഷേ അതുകൊണ്ടുള്ള ദോഷങ്ങള്‍ വളരെയേറെ കാലം നീണ്ടുനില്‍ക്കുന്നു. അതിനാല്‍ ഈ താല്‍കാലിക സുഖത്തിനു പിന്നാലെ നാം പോകണോ? അതോ വരുന്ന തലമുറയ്ക്ക് സാത്ത്വികമായ അന്തരീക്ഷം നല്‍കേണ്ടതിനാണോ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്, എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് മനസ്സിലാക്കി ശരിയായ ഒരു കാഴ്ച്ചപ്പാട് വയ്ക്കുക. നമ്മുടെ കുട്ടികളിലും കുടുംബാംഗങ്ങളിലും ഇക്കാര്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക. ഈ ഒരു മഹത് കര്‍മത്തിലൂടെ നമുക്ക് ഈശ്വരന്റെയും അനുഗ്രഹം ലഭിക്കും!
ദീപാവലിയുടെ ശാസ്ത്രം മനസ്സിലാക്കി
സാത്ത്വികമായ ദീപാവലി ആഘോഷിക്കുവിന്‍ !
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍ !
നന്ദകുമാര്‍ കൈമള്‍, ഹിന്ദു ജനജാഗൃതി സമിതി, കേരളം
Discussion about this post