വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്കു മുന്പായി പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവരും വലതുപക്ഷ സംഘടനകളും അമേരിക്കയിലെ പ്രധാനയിടങ്ങളിലെല്ലാം സായുധപ്രക്ഷോഭം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐയും യുഎസ് നാഷണല്‍ ഗാര്‍ഡ് ബ്യൂറോയും മുന്നറിയിപ്പു നല്കി. 20നാണു സത്യപ്രതിജ്ഞ നടക്കുക.
തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലും അന്പതു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും പ്രകടനങ്ങള്‍ നടത്താനുള്ള ആഹ്വാനം ഇന്റര്‍നെറ്റ് വഴി നടക്കുന്നുണ്ട്. 17ന് പ്രധാന നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും സത്യപ്രതിജ്ഞദിവസം വാഷിംഗ്ടണ്‍ ഡിസിയില്‍ റാലിക്കും പദ്ധതിയൊരുങ്ങുന്നതായി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്കുന്നു. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ട്രംപ് 24 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ ബുധനാഴ്ച നടന്ന കാപ്പിറ്റോള്‍ കലാപം പോലെയൊന്ന് ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സുരക്ഷാ ഏജന്‍സികള്‍ സ്വീകരിച്ചുതുടങ്ങി. ആഴ്ചയവസാനത്തോടെ 10,000 നാഷണല്‍ ഗാര്‍ഡുകളെ വാഷിംഗ്ടണ്‍ ഡിസിയില്‍ വിന്യസിക്കും. എന്തിനും തയാറായി മറ്റൊരു 5,000 ഗാര്‍ഡുകളെക്കൂടി തയാറാക്കി സുരക്ഷയൊരുക്കും.
ട്രംപിനെ പിന്തുണയ്ക്കുന്നവരും വലതുപക്ഷ സംഘടനാംഗങ്ങളുമായ 70,000 പേരുടെ അക്കൗണ്ടുകള്‍ റദ്ദാക്കിയതായി ട്വിറ്റര്‍ അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ‘ട്രംപിന്റെ വിജയം അപഹരിക്കപ്പെട്ടു’ എന്ന ഉള്ളടക്കമുള്ള ഏതു പോസ്റ്റും നിരോധിക്കുമെന്നു ഫേസ്ബുക്ക് അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാനായി ആരും വാഷിംഗ്ടണ്‍ ഡിസിയിലേക്കു വരേണ്ടെന്നു ബൈഡന്റെ ടീം അറിയിച്ചു.
ഇതിനിടെ, കാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍ ആരംഭിച്ച ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ജനപ്രതിനിധിസഭയില്‍ ഇന്നു വോട്ടോടുപ്പു നടന്നേക്കും. 25-ാം ഭേദഗതി പ്രയോഗിച്ച് ട്രംപിനെ പുറത്താക്കാന്‍ താത്പര്യമില്ലെന്നാണു വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നിലപാട്. യുഎസിന്റെ ചരിത്രത്തില്‍ രണ്ടുവട്ടം ഇംപീച്ച്‌മെന്റിനു വിധേയനാകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്.
Discussion about this post