വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനാല്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ സുരക്ഷ ശക്തമാക്കി. സായുധകലാപവും സത്യപ്രതിജ്ഞാ ചടങ്ങിനു നേരേ ആക്രമണവും ഉണ്ടായേക്കുമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.
നഗരത്തില്‍ വൈറ്റ് ഹൗസിലേക്കുള്ള പ്രധാന റോഡുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. റോഡുകളില്‍ വൈദ്യുതവേലികള്‍ സ്ഥാപിച്ചു. ഇരുപത്തയ്യായിരത്തോളം നാഷണല്‍ ഗാര്‍ഡുമാരെയും ആയിരക്കണക്കിനു പോലീസു കാരെയും മറ്റ് സുരക്ഷാ ഏജന്റുമാരെയും വാഷിംഗ്ടണില്‍ വിന്യസിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന കാപ്പിറ്റോള്‍ ഹില്‍, വൈറ്റ് ഹൗസ്, പെന്‍സില്‍വേനിയ അവന്യു എന്നിവിടങ്ങളില്‍ എട്ട് അടി ഉയരത്തില്‍ ഇരുന്പു ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
ബൈഡന്റെയും കമലയുടെ യും വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി ജനുവരി ആറിന് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം ട്രംപ് അനുകൂലികള്‍ അലങ്കോലമാക്കിയിരുന്നു. കലാപത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേരാണു മരിച്ചത്.
വാഷിംഗ്ടണ്‍ ഡിസിയിലെ മജസ്റ്റിക് നാഷണല്‍ മാള്‍ പരിസരത്ത് 4,000 സുരക്ഷാ സൈനികരെ വിന്യസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ ആയിരങ്ങള്‍ ഇവിടെ ഒത്തുകൂടും. അന്പതു സ്റ്റേറ്റുകളുടെ ആസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലും അന്പതു സംസ്ഥാന തലസ്ഥാനങ്ങളിലും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പു നല്‍കി. സുരക്ഷാ ഗാര്‍ഡുകളില്‍നിന്നു പോലും ആക്രമണമുണ്ടായേക്കാം.
ഇതിനിടെ, ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കൈവശം വച്ചിരുന്ന രണ്ടു പേരെ സൈന്യം അറസ്റ്റ് ചെയ്തു. തോക്ക്, മൂന്ന് മാഗസീന്‍, 37 തിര എന്നിവയുമായി വെര്‍ജീനിയ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ കാപ്പിറ്റോള്‍ ഹില്ലിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ സേനാംഗമാണെന്നു പറഞ്ഞെത്തിയ യുവതിയെ ചെക്ക്‌പോസ്റ്റില്‍ സൈന്യം തടഞ്ഞിരുന്നു. സത്യപ്രതിജ്ഞാ വേദിയില്‍നിന്നുതന്നെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ കെലീന്‍ പറഞ്ഞു.
Discussion about this post