(ഉല്‍പ്പത്തിശാസ്ത്രം വേദങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പിണ്ഡം വയ്ക്കുന്നത് വിഡ്ഢിത്തമാണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. പിതൃപ്രാണ സിദ്ധാന്തപ്രകാരം ഇതില്‍ ശാസ്ത്രമുണ്ടോ എന്നു പരിശോധിക്കാം. വിസ്താരഭയം കൊണ്ട് ചിന്തയ്ക്ക് ഇടം നല്‍കുവാന്‍ അല്പം ചില സജ്ഞകള്‍ മാത്രം സൂചിപ്പിക്കുന്നു. വെളിയില്‍ നിന്നുവരുന്ന അച്ഛനെ തിരിച്ചറിയണമെങ്കില്‍ ഉള്ളില്‍ അച്ഛന്റെ രൂപം വേണം. അല്ലാത്തപക്ഷം അച്ഛന്‍ എന്നും പുതിയതാണ്. (ചന്ദ്രനില്‍ ആംസ്‌ട്രോങിനൊപ്പം പോയവര്‍ക്ക് അമ്മമാരെ തിരിച്ചറിയാതെ പോയ അനുഭവം ഓര്‍ക്കണം.) ഇതിന് കാരണം ഉള്ളിലെ രൂപം നഷ്ടപ്പെട്ടതാണ്. ഉള്ളില്‍ അച്ഛന്റെ രൂപം സൃഷ്ടിക്കുന്നതിന് പെയിന്റോ ശില്‍പ്പവേലകളോ പ്രയോജനപ്പെടില്ല. മറിച്ച് ചിന്താതരംഗങ്ങളാണതിനടിസ്ഥാനം. ചിന്തയ്ക്ക് പലതരം ഗുണങ്ങളുണ്ടാകാം. അതനുസരിച്ച് രൂപഭേദങ്ങളും വരും. തരംഗഭേദത്തിനനുസരിച്ചുണ്ടാകുന്ന രൂപഭേദം, നാമം, രൂപം, ഗുണം എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്നു. നമുക്ക് വെളിയിലുള്ള രൂപത്തോടും അകത്തുള്ള രൂപത്തോടുമുള്ള ബന്ധം ചിന്താതരംഗങ്ങളില്‍ രൂപപ്പെട്ടതാണ്(കാരണമായ പ്രാണനെ വിസ്മരിക്കരുത്). അച്ഛാ എന്നുവിളിക്കുന്നതിന് വിളിക്കണമെന്നുള്ള ചിന്ത ആദ്യം വേണം.
അപ്പോള്‍ അച്ഛന്‍ എന്നുവിളിച്ച ശബ്ദത്തിനും അടിസ്ഥാനം ചിന്ത തന്നെ. ഇങ്ങനെ ലോകത്തുകാണുന്ന സര്‍വരൂപത്തിനും ശബ്ദത്തിനും പ്രവൃത്തിക്കും ചിന്തയാണ് അടിസ്ഥാനം. ചിന്ത പ്രാണനോട് ബന്ധപ്പെട്ടിരിക്കുന്നു. പ്രാണന്‍ പരമേഷ്ഠി വരെയും ആപേക്ഷികസിദ്ധാന്തമനുസരിച്ച് പുറത്തും അകത്തുമുള്ളവ പരസ്പരം ബന്ധപ്പെടുന്നതെങ്ങിനെയെന്ന് സിദ്ധാന്തിക്കാം. ഇവകളെല്ലാം പ്രാണനിലും പ്രാണന്‍ അന്നത്തിലും അധിഷ്ഠിതമാണ്. ആഹാരം ഇല്ലെങ്കില്‍ പ്രാണന്‍ ശരീരത്തില്‍ നിലനില്‍ക്കുന്നില്ല.
പിണ്ഡമായി വയ്ക്കുന്ന ആഹാരവും അതിനോട് ബന്ധപ്പെടുന്ന പ്രാണനും പ്രാണനില്‍ നിന്നുണ്ടാകുന്ന ചിന്തകളും ബാഹ്യാന്തരീക്ഷത്തിലെ ആപേക്ഷികബന്ധമുള്ള വസ്തുക്കളും ചേര്‍ന്ന് ശക്തിപ്രാപിക്കുന്നുവെന്നുള്ളത് ശാസ്ത്രം തന്നെയാണല്ലോ. മരണാനന്തരമുള്ള ശ്രാദ്ധകര്‍മ്മങ്ങളില്‍ പിണ്ഡം വയ്ക്കുന്നത് പഴഞ്ചനായ അന്ധവിശ്വാസമല്ല. ശാസ്ത്രമാണെന്ന് ശാസ്ത്രരീത്യാ ചിന്തിക്കാം. ഇത്രയേറെ ശാസ്ത്രീയാടിത്തറയുള്ള ഭാരതീയ ഗ്രന്ധങ്ങള്‍ അവമതിക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു. പുരോഗതി കടംവാങ്ങിയ ചിന്തയായി അധഃപതിക്കുമ്പോള്‍ സ്വന്തം നാടിന്റെ ശാസ്ത്രം സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുവാന്‍ കരുത്തും, ശേഷിയുമുള്ള ഭാവിതലമുറ വളര്‍ന്നുവരട്ടെ.
Discussion about this post