യാങ്കോണ്‍: പട്ടാള അട്ടിമറി നടന്ന് ആറാം ദിനം മ്യാന്‍മര്‍ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. യാങ്കോണ്‍ നഗരത്തിലെ തെരുവുകളില്‍ നടന്ന മാര്‍ച്ചില്‍ ഫാക്ടറി തൊഴിലാളികളും വിദ്യാര്‍ഥികളും അടക്കം ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.
പട്ടാളം തടവിലാക്കിയ ജനാധിപത്യ നേതാവ് ഓംഗ് സാന്‍ സൂചി അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് ജനം ആവശ്യപ്പെട്ടു. പട്ടാളഭരണം പരാജയപ്പെടുമെന്നും ജനാധിപത്യം വിജയിക്കുമെന്നും മുദ്രാവാക്യം മുഴക്കി. എന്തിനും തയാറായി നിന്ന പോലീസുകാര്‍ക്ക് പ്രതിഷേധക്കാര്‍ റോസപ്പൂവും കുടിവെള്ളവും നല്കുന്ന കാഴ്ചകളും ഉണ്ടായി.
അതേസമയം, പ്രതിഷേധക്കാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വലിയതോതില്‍ പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തില്‍ പട്ടാള ഭരണകൂടം രാജ്യത്ത് ഇന്നലെ ഇന്റര്‍നെറ്റ് വിലക്കി. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം അതിനു മുന്പു നിരോധിച്ചിരുന്നു. ഒട്ടനവധിപ്പേര്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) സംവിധാനം ഉപയോഗിച്ച് സമൂഹമാധ്യമ നിരോധനം മറികടക്കാന്‍ തുടങ്ങിയതോടെയാണ് ഇന്റര്‍നെറ്റ് വിലക്കിയത്.
Discussion about this post