തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത്, ട്രഷറര്‍ സ്വാമി നീലകണ്ഠപാദാനന്ദ സരസ്വതി, സ്വാമി യോഗാനന്ദ സരസ്വതി തുടങ്ങിയവര്‍ സ്വാമിജിയോടൊപ്പം ദര്‍ശനത്തിനെത്തിയിരുന്നു. ക്ഷേത്രം മേല്‍ശാന്തി ജ്യോതിഷ് പോറ്റി പൂര്‍ണകുംഭം നല്‍കിയാണ് സന്യാസിമാരെ സ്വീകരിച്ചത്. ആഴിമല ശിവക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സത്യശീലന്‍, ട്രസ്റ്റ് അംഗങ്ങളായ അനൂപ്.എസ്.എന്‍, എസ്.ഷിബു കുമാര്‍, ഷൈജു.എം.എസ്, എസ്.സുരേഷ് തുടങ്ങിവര്‍ ദര്‍ശനവേളയില്‍ സന്നിഹിരായിരുന്നു.
ഗംഗാധരേശ്വര പ്രതിമയും നിര്‍മാണം പുരോഗമിക്കുന്ന ധ്യാനമണ്ഡപത്തിലും ദര്‍ശനം നടത്തി. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ക്ഷേത്രം മേല്‍ശാന്തി ജ്യോതിഷ് പോറ്റിയെ പൊന്നാടചാര്‍ത്തി ആദരിച്ചു. പാണ്ഡവര്‍ വനവാസ കാലത്ത് ഉപയോഗിച്ചിരുന്നതായി കരുതുന്ന പുണ്യതീര്‍ത്ഥമായ നീരുറവയും ശ്രീനാരായണഗുരുദേവന്‍ തപസിരുന്ന ഗുഹയും ദര്‍ശിച്ചശേഷം ആഴീവന്ദനവും നടത്തിയാണ് സ്വാമിമാര്‍ മടങ്ങിയത്. ഈശ്വരചൈതന്യം അനുഭവേദ്യമാക്കുന്ന പ്രകൃതിമനോഹരമായ ഈപുണ്യക്ഷേത്രത്തില്‍ സ്വദേശീയരും വിദേശീയരുമായി നിരവധി ഭക്തരാണ് ദിനംപ്രതി ദര്‍ശനത്തിനെത്തുന്നത്.
Discussion about this post