അയോദ്ധ്യാകാണ്ഡത്തിലെ രാമന്

സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പശുക്കള്‍, ധനം എന്നിവയെല്ലാം അന്തഃപ്പുരവാസികള്‍ക്കും സേവകന്മാര്‍ക്കും ആവശ്യംപോലെ ദാനം ചെയ്തതുകൊണ്ടുള്ള സംതൃപ്തിയും പ്രാര്‍ത്ഥനയും വനവാസയാത്രയിലെ ദുര്‍ഘടങ്ങള്‍ ഒഴിവാക്കാന്‍ സഹായകമായിരുന്നു. മനസ്സിന്റെ സങ്കല്പം കൊണ്ട് വളരുന്ന തരംഗശക്തിയുടെ സ്വഭാവം അനുസരിച്ച് സങ്കടവും സന്തോഷവും ഉണ്ടാവുമെന്ന് ആധുനിക ഭൗതികശാസ്ത്രപരീക്ഷണം തെളിയിച്ചിട്ടുണ്ട്. (ക്ലീവ് ബക്സ്റ്റര്‍ എന്ന ശാസ്ത്രജ്ഞന്‍ അദ്ദേഹത്തിന്റെ ‘പോളീഗ്രാഫ് ‘ യന്ത്രത്തിലൂടെ ഒരു ചെടിയുടെ വികാരങ്ങള്‍ എങ്ങനെയെല്ലാം ഉണ്ടാകുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ചെമ്മീനിനെ ചൂടുവെള്ളത്തിലിട്ടാല്‍ അതിന്റെ ഘട്ടങ്ങളായുള്ള മരണം എങ്ങനെയെന്ന് ചിന്തിച്ചപ്പോള്‍ തന്നെ അദ്ദേഹം പോളീഗ്രാഫില്‍ ഘടിപ്പിച്ചിരുന്ന ടേപ്പുകളില്‍ അസാധാരണമായ തരംഗമുദ്രകള്‍ കാണപ്പെട്ടു. ആകാംക്ഷഭരിതനായ ക്ലീവ് ബക്സ്റ്റര്‍ ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെ ഒരുകാര്യം തെളിയിച്ചു. അകാരണമായി സഹജീവിയെ (ചെമ്മീന്‍) കൊല്ലുന്നതിനെതിരെ ചെടിക്കുണ്ടായ വികാരതരംഗങ്ങളാണ് താന്‍ ഘടിപ്പിച്ചിരുന്ന ടേപ്പുകളില്‍ കണ്ടതെന്ന് ക്ലീവ് പ്രഖ്യാപിച്ചു.) കല്ലും മുള്ളും നിറഞ്ഞ വനങ്ങളില്‍ നടക്കുമ്പോള്‍ ദയാലേശം ഇല്ലാതെ ആജ്ഞാപിച്ച ”പൃഥീശചിത്തം കഠോരമത്രെ തുലോം” എന്നിങ്ങനെയുള്ള ചിന്തകളില്‍ അയോദ്ധ്യാവാസികള്‍ വ്യാപൃതരായി. സര്‍വജനപ്രിയനായ രാമന്റെ ചെയ്തികള്‍ സര്‍വജനപ്രീതികരങ്ങള്‍ ആയിരുന്നു.
രാമന്റെ വേര്‍പാടില്‍ വേദന അനുഭവിക്കുന്ന അയോദ്ധ്യാവാസികളെ രാമസീതാവതാരോദ്ദേശ്യം വിശദീകരിച്ച് വാമദേവമഹാമുനി സമാധാനിപ്പിക്കുന്നു. ശാശ്വതശാന്തിക്കടിസ്ഥാനമായ രാമനാമജപവും രാമരൂപസ്മരണയും ജനഹൃദയങ്ങളില്‍ വളര്‍ത്തുവാനും സങ്കടനിവൃത്തി നേടുവാനും മഹാമുനിയുടെ വാക്കുകള്‍ പ്രയോജനപ്പെട്ടു. രാമന്റെ വ്യക്തിത്വം ദുഃഖനിവൃത്തിക്ക് പ്രയോജനമാണെന്നുള്ള ബോധം ജനങ്ങളിലടിയുറച്ചു. ”രാമനെ നാരായണനെന്നറിഞ്ഞുടന്‍” പൗരജനം ആനന്ദത്തില്‍ ആറാടി. രാവണവധവും ധര്‍മ്മസംസ്ഥാപനവുമാണ് രാമന്റെ ആഗമനോദ്ദേശ്യമെന്ന് അവര്‍ ഗ്രഹിച്ചു.
രാമനെ സാധാരണ മനുഷ്യനായി കണക്കാക്കുകയും രാമന്റെ നന്മനിറഞ്ഞ വ്യക്തിത്വത്തില്‍ സന്തോഷിക്കുകയും ചെയ്തതുകൊണ്ട് രാമന്റെ വേര്‍പാട് ദുഃഖകാരണമായി തോന്നി. പ്രിയപ്പെട്ടവര്‍ അകലുന്നത് മനുഷ്യസ്വഭാവത്തിലും ജന്തുസ്വഭാവത്തിലും സങ്കടകരമാണ്. രാമന്‍ മനുഷ്യനാണെന്നു ധരിച്ചതുകൊണ്ടുള്ള കുഴപ്പമാണിത്. പരമാത്മാവാണ് രാമന്‍ എന്നു ധരിച്ചെങ്കില്‍ ഖേദത്തിന് ന്യായമില്ല. പരമാത്മാവ് സ്ഥിരമാണ്. പോകുക, വരുക എന്നുള്ള പ്രകൃതിഭാവങ്ങളൊന്നും ഇല്ലാത്തതാണ് ആത്മസ്വഭാവം. ശരീരാഭിമാനംകൊണ്ടു തോന്നിയ സങ്കടഭാവം പരമാത്മബോധത്തില്‍ നശിക്കും. അതുകൊണ്ടാണ് ദുഃഖിതരായ അയോദ്ധ്യാവാസികള്‍ രാമനെ നാരായണനെന്നറിഞ്ഞപ്പോള്‍ പരമാനന്ദാബ്ധിയില്‍ മുഴുകിയത്. ആത്മബോധത്തിന്റെ മേന്മയും ആവശ്യകതയും പ്രത്യേകം ചൂണ്ടിക്കാണിച്ചിരിക്കുന്നു.
സീതാദേവിയെ മരവുരി ഉടുപ്പിക്കുന്ന കാര്യത്തില്‍ വസിഷ്ഠനു ബുദ്ധിമുട്ടു തോന്നിയെങ്കിലും രാമന് അതിലും പ്രത്യേക വിദ്വേഷമോ വിഷമമോ തോന്നിയിരുന്നില്ല. വനത്തില്‍ പോകേണ്ടതു സത്യമനുസരിച്ച് രാമന്‍ മാത്രമാണ്. ധന്യവസ്ത്രങ്ങള്‍ സ്വീകരിക്കേണ്ടതും രാമന്‍ മാത്രമാണ്. എന്നിരിക്കെ സീതയ്ക്ക് മരവുരി നല്‍കുന്നതിന് കൈകേയിയ്ക്ക് അവകാശമില്ല. എന്നാല്‍ രാമന് അതിനും പക്ഷാന്തരമുണ്ടായിരുന്നില്ല. ”ഖേദം കളഞ്ഞാലുമമ്മേ മനസി തേ” എന്നിങ്ങനെ കൈകേയിയോടു പറയുന്ന രാമന് കൗസല്യാദേവിയെ സമാധാനിപ്പിച്ച അതേ വികാരമേ ഉണ്ടായിരുന്നുള്ളു. കുലഗുരുവായ വസിഷ്ഠന്‍ രാമാവതാരരഹസ്യം അറിയാവുന്നവനാണ്. എന്നിട്ടുപോലും കൈകേയിയെ ”ദുഷ്‌ടേ! നിശാചരി! ദുര്‍വൃത്തമാനസേ” എന്നു ശകാരിക്കേണ്ടി വന്നു. ആ സന്ദര്‍ഭത്തിലും രാമന്‍ നിര്‍വികാരനായി കാണപ്പെട്ടു. എന്നുതന്നെയല്ല, സംശയിച്ചു നിന്ന സീതാദേവിയില്‍നിന്നും വല്ക്കലം വാങ്ങി ദേവിയുടെ ദിവ്യവസ്ത്രത്തിനുമുകളില്‍ വേഷ്ടിക്കുകയും ചെയ്തു.
(തുടരും)
Discussion about this post