ല ണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന്‍ (99) അന്തരിച്ചു. വിന്‍സര്‍ കാസിലില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യമെന്നു ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍ അറിയിച്ചു.
അണുബാധയെത്തുടര്‍ന്ന് ഫിലിപ്പ് രാജകുമാരന്‍ ഈയിടെ 28 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഹൃദയധമനികളിലെ തടസം അടക്കം നിരവധി രോഗങ്ങള്‍ക്ക് ഇദ്ദേഹം മുന്പ് ചികിത്സ തേടിയിരുന്നു.
1921 ജൂണ്‍ പത്തിന് ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. രണ്ടുമാസംകൂടി കഴിഞ്ഞാല്‍ നൂറു വയസ് പൂര്‍ത്തിയാകുമായിരുന്നു. 1947 നവംബര്‍ 20നായിരുന്നു ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്. 2017ല്‍ ഫിലിപ്പ് രാജകുമാരന്‍ പൊതുജീവിതത്തില്‍നിന്നു വിരമിച്ചു.
ഗ്രീക്ക് ദ്വീപായ കോര്‍ഫുവിലായിരുന്നു ഫിലിപ്പിന്റെ ജനനം. ഗ്രീസിലെ രാജാവിന്റെ ഇളയ സഹോദരനായ പ്രിന്‍സ് രാജകുമാരന്റെയും ബാട്ടെന്‍ബര്‍ഗ് രാജകുമാരി ആലീസിന്റെയും ഏക മകനായിരുന്നു ഫിലിപ്പ്. 1922ല്‍ കുടുംബം ഫ്രാന്‍സിലെത്തി. 1928ല്‍ ഫിലിപ്പ് ഇംഗ്ലണ്ടിലെത്തി. 1939ല്‍ റോയല്‍ നേവിയില്‍ അംഗമായി. രണ്ടാം ലോക മഹായുദ്ധത്തില്‍ നാവികസേനാംഗമായി പ്രവര്‍ത്തിച്ചു. 1947ല്‍ എലിസബത്ത് രാജകുമാരിയെ വിവാഹം ചെയ്തു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലായിരുന്നു വിവാഹം. അന്നുമുതല്‍ ഫിലിപ്പ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് എന്ന പദവിയിലെത്തി.
1952ല്‍ ജോര്‍ജ് ആറാമന്‍ രാജാവ് അന്തരിച്ചതോടെ രാജ്ഞിയായി എലിസബത്ത് അവരോധിതയായി. അന്നുമുതല്‍ അവരുടെ ഔദ്യോഗികപരിപാടികളില്‍ ഫിലിപ്പ് പങ്കെടുക്കുകയും വിദേശയാത്രകളില്‍ അനുഗമിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുള്‍പ്പെടെ നൂറ്റന്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ചാള്‍സ്, ആന്‍, ആന്‍ഡ്രു, എഡ്വേര്‍ഡ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍.
Discussion about this post