വാഴക്കുളം: ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ പൈനാപ്പിള്‍ സംഭരണം ആരംഭിച്ചു. ഇന്നലെ 18 ടണ്‍ സംഭരിച്ചു. നേരത്തേ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയായ 15 രൂപ നിരക്കിലാണു സംഭരണം.
നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി വഴിയാണ് ഹോര്‍ട്ടികോര്‍പ് സംഭരണം ആരംഭിച്ചത്. മൂപ്പെത്തിയതും പഴുക്കാന്‍ ആരംഭിക്കുന്നതുമായ പൈനാപ്പിള്‍ നല്‍കാന്‍ തയാറുള്ള കര്‍ഷകര്‍ പേര്, ഫോണ്‍ നമ്പര്‍, കൃഷി ചെയ്തിട്ടുള്ള പഞ്ചായത്ത്, ഹോര്‍ട്ടികോര്‍പ്പിനു നല്‍കുന്ന അളവ് എന്നിവ നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9387473126. നിശ്ചിത നിലവാരത്തിലുള്ള പൈനാപ്പിള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ജില്ലയ്ക്കു പുറത്തുള്ള വിവിധ സ്ഥലങ്ങളില്‍ സംഭരണത്തിനു സൗകര്യമേര്‍പ്പെടുത്താനും ഹോര്‍ട്ടികോര്‍പ്പിനു പദ്ധതിയുണ്ട്.
ആഴ്ചയില്‍ രണ്ടു ദിവസം നടുക്കര കമ്പനി പരിസരത്ത് സംഭരണം നടത്താനാണ് ലക്ഷ്യം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധിക്കിടയില്‍ വിതരണം നടക്കുന്ന മുറയ്ക്ക് 20-25 ടണ്‍ സംഭരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495975799, 9387473126, 9447591286, 9447742799 നമ്പറുകളില്‍ വിവിധ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കു ബന്ധപ്പെടാം.
അതേസമയം നടുക്കരയിലെ വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിലും അടിയന്തരമായി സംഭരണം ആരംഭിക്കണമെന്ന് ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പഴുത്ത പൈനാപ്പിള്‍ ഈ ആഴ്ച അവസാനം മുതല്‍ വിപണിയിലേക്ക് കൂടുതലായി എത്തിച്ചേരുമെന്നും രാജ്യമൊട്ടാകെയുള്ള അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ ഹോര്‍ട്ടികോര്‍പ്പിനു മാത്രമായി ഇവയുടെ വില്പന നടത്തി ചരക്ക് ഒഴിവാക്കാനാവില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് തോട്ടുമാരിക്കല്‍ പറഞ്ഞു. കരിമ്പച്ച പരുവത്തിലുള്ള പൈനാപ്പിളിനു മാത്രമേ നിലവില്‍ വിപണിയുള്ളൂ. അതുപോലും കിലോയ്ക്ക് 14നാണ് വ്യാപാരികള്‍ വാങ്ങുന്നത്. പഴുത്തത് വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ശരാശരി 10 രൂപ നിരക്കില്‍ കര്‍ഷകര്‍ ഇത് വ്യാപാരികളെ ഏല്‍പ്പിച്ചു പോകുകയുമാണ്.
Discussion about this post