മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ സുലു പ്രവിശ്യയില്‍ വ്യോമസേനാ ട്രാന്‍സ്‌പോര്‍ട്ട് വിമാനം വിമാനത്താവളത്തിലിറങ്ങുന്നതിനിടെ തകര്‍ന്ന് തീപിടിച്ച് പൊട്ടിത്തെറിച്ച് 42 സൈനികര്‍ ഉള്‍പ്പെടെ 45 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ പ്രദേശവാസികളാണ്. 49 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അബു സയ്യാഫ് ഭീകരരുടെ ശക്തികേന്ദ്രമായ സുലുവില്‍ വിന്യസിക്കാനായി നിയോഗിക്കപ്പെട്ട സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.
മൂന്നു പൈലറ്റുമാര്‍ അടക്കം 96 പേരുണ്ടായിരുന്ന അമേരിക്കന്‍ നിര്‍മിത സി-130 ഹെര്‍ക്കുലീസ് വിമാനം ഇന്നലെ ഉച്ചയ്ക്ക് മലയോര പട്ടണമായ ജോലോയിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്‌പോഴായിരുന്നു തകര്‍ന്നത്. ഏതാനും സൈനികര്‍ വിമാനത്തില്‍നിന്നു ചാടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ രക്ഷപ്പെടുത്തി.
അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന, ലോക്ക് ഹീഡ് കന്പനി നിര്‍മിച്ച വിമാനം സൈനിക സഹായത്തിന്റെ പേരില്‍ ഫിലിപ്പീന്‍സിനു കൈമാറിയതാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്നലെ ഫിലിപ്പീന്‍സിലെ മറ്റിടങ്ങളില്‍ മഴയുണ്ടായിരുന്നെങ്കിലും സുലുവില്‍ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഈ വിമാനത്താവളത്തിലെ റണ്‍വേയ്ക്കു നീളം കുറവാണ്. നിയന്ത്രണം നഷ്ടമായ വിമാനം റണ്‍വേയില്‍നിന്നു തെന്നി വിമാനത്താവള വളപ്പില്‍ തകരുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിമാനത്തിന്റെ വാല്‍ഭാഗം ഒഴിച്ചുള്ള എല്ലാം തകര്‍ന്നു. വിമാനത്താവള പരിസരത്തുള്ള നാലു ഗ്രാമീണര്‍ക്കും പരിക്കേറ്റു.
അബു സയ്യാഫ് തീവ്രവാദികളുമായി പോരാട്ടം നടക്കുന്ന മേഖലയ്ക്ക് ഏതാനും കിലോമീറ്ററുകള്‍ അകലത്തിലാണ് വിമാനത്താവളം. എന്നാല്‍, ശത്രുക്കളുടെ വെടിയേറ്റല്ല വിമാനം തകര്‍ന്നതെന്നാണു പ്രാഥമിക നിഗമനമെന്നു സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post