ടോക്കിയോ: ഭാരോദ്വഹനത്തിലൂടെ ഇന്ത്യ ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേടി. 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായി ചാനുവാണ് വെള്ളി മെഡല്‍ നേടി ചരിത്രം നേട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്താണ് ചാനു സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്.
സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയ ചാനു ആകെ 202 കിലോ ഭാരം ഉയര്‍ത്തി. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ചാനുവിന് മത്സരം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് വര്‍ഷം മുന്‍പുണ്ടായ കനത്ത തിരിച്ചടിയില്‍ നിന്നും പറന്നുയര്‍ന്ന ചാനു രാജ്യത്തിന് അഭിമാനനേട്ടമാണ് സമ്മാനിച്ചത്.
2000 സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി നേടിയ വെങ്കല മെഡലിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന റിക്കാര്‍ഡും ചാനുവിന് സ്വന്തമായി.
Discussion about this post