ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ അടക്കം 140 ഇന്ത്യക്കാരെ പ്രത്യേക വ്യോമസേനാ വിമാനത്തില്‍ രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചു. കാബൂളില്‍നിന്നു പാക് വ്യോമപാത ഒഴിവാക്കി ഇറാനു മുകളിലൂടെയാണ് ഇന്ത്യന്‍ വിമാനം പറന്നത്. ഇന്ധനം നിറയ്ക്കാനായി ഇന്നലെ രാവിലെ 11ന് ഗുജറാത്തിലെ ജാംനഗറില്‍ ഇറക്കിയ ശേഷമാണു വ്യോമസേനയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തിച്ചത്.
വളരെയേറെ വെല്ലുവിളികള്‍ നേരിട്ട ദൗത്യമാണു വിജയകരമായി വ്യോമസേന പൂര്‍ത്തിയാക്കിയതെന്നു കാബൂളിലെ ഇന്ത്യന്‍ സ്ഥാനപതി രുദ്രേന്ദ്ര ടണ്ഠന്‍ പറഞ്ഞു.സ്വാതന്ത്ര്യദിനമായ 15ന് കാബൂളിലേക്ക് അയച്ച വിമാനമാണ് ഇന്നലെ തിരികെയെ ത്തിച്ചത്. തിങ്കളാഴ്ച 45 ഇന്ത്യക്കാരെ വ്യോമസേനയുടെ ആദ്യവിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇന്ത്യയുടെ വ്യോമസേനാ വിമാനത്തില്‍ 170 പേരെ സുരക്ഷിതരായി രക്ഷപെടുത്തിയെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 36 മലയാളികള്‍ അടക്കം 1,500ന് അടുത്ത് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനത്തിലാണു കാബൂളില്‍ നിന്ന് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരെ രക്ഷിച്ച് ഇന്നലെ നാട്ടിലെത്തിച്ചത്. കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരും.
Discussion about this post