ആകാശം, വായു, അഗ്നി, ജലം, ഭൂമി ഇവയാണ് പഞ്ചഭൂതങ്ങള്‍. തന്റെ തപോമയമായ ജ്ഞാന ശക്തികൊണ്ട് സര്‍വ്വജ്ഞനായ ഈശ്വരന്‍ ഇവയെ സൃഷ്ടിച്ചു. ”തദൈക്ഷത” ”സോകാമയത” തത്തപോകരുത” ജ്ഞാനം,ഇച്ഛ,ക്രിയ ഇവയുടെ സമഷ്ടി സ്വരൂപം തന്റെ ജ്ഞാനശക്തികൊണ്ട് പഞ്ചഭൂതങ്ങളെ സൃഷ്ടിച്ചു. ഇവയിലെ അന്തര്യാമിയായി വസിച്ചുകൊണ്ട് ഭഗവാന്‍ സകലതിനെയും വസിപ്പിക്കുന്നു. (ജീവിപ്പിക്കുന്നു) ശ്വാസോച്ഛാസം നടത്തുമ്പോഴും, ജലം കുടിക്കുമ്പോഴും അന്നം ഭുജിക്കുമ്പോഴും ഈശ്വരസ്മരണ ഉണ്ടായിരുന്നാല്‍ ജന്മം സുകൃതമാകും. തന്നെ വസിപ്പിക്കുന്നതിനെ സ്വാര്‍ത്ഥതക്കുവേണ്ടി ഉപയോഗിക്കാതെ സകലമാന ജീവരാശികള്‍ക്കും ഉതകുന്നതാക്കിത്തീര്‍ക്കുന്നതിനാണ് ഹോമം നടത്തുന്നത്. ഹോമാഗ്നിയില്‍ സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും അര്‍പ്പിക്കുമ്പോള്‍ അവ സൂക്ഷ്മരൂപത്തില്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു കയറി പഞ്ചഭൂതങ്ങളേയും പവിത്രമാക്കും. മഴപെയ്യുമ്പോള്‍ സൂക്ഷ്മമായി ജലാശയങ്ങളിലും ഭൂമിയിലുമെത്തും. ഇവയില്‍ നിന്നുണ്ടാകുന്ന അന്നം ഭുജിക്കുമ്പോള്‍,(ഹോമ ധൂപം ഏല്ക്കുമ്പോള്‍) അന്ത:കരണം നിര്‍മ്മലമാകും.
ഓരോ തുള്ളിജലം ഇറക്കുമ്പോഴും, ശ്വാസോച്ഛ്വാസം നടത്തുമ്പോഴും അതിനോടൊപ്പം ഒരു മന്ത്രം കൂടി ജപിച്ചാല്‍
”രോമ രോമ മേം രാമ നാമ ഹൈ”
എന്ന ആജ്ഞനേയരുടെ അവസ്ഥവരും. രോമത്തില്‍ അമരത്വം വരുന്നത് ഉള്ളില്‍ നിറഞ്ഞു കഴിയുമ്പോഴാണ്. ആജ്ഞനേയര്‍ മാരുതിയാണ്. പ്രാണാപാനന്മാരിലെ അന്തര്യാമു ഹോമം (അഗ്നിഹോത്രം) ഋഷി ദേവ,പിതൃ ഋണങ്ങള്‍ വീടുന്നതിന് ഒരുവനെ സഹായിക്കുന്നു. ഈശ്വരഭജനത്തിലൂടെ ഐശ്വര്യവും,വീര്യവും കീര്‍ത്തി മുതലായവയും സാധകന് ലഭിക്കുന്നു. ഹോമത്തിലെ പ്രധാന കക്ഷിയാണ്, അഗ്നിദേവന്‍. അഗ്നി,ഹവിസ്സ് (ഹോമദ്രവ്യങ്ങള്‍) സൂര്യനിലെത്തിക്കുന്നു. സൂര്യന്‍ വര്‍ഷത്തിലൂടെ ഭൂമിയിലെല്ലാവര്‍ക്കും മുഖം നോക്കാതെ ഇതിന്റെ അംശം പങ്കുവച്ച് നല്‍കുന്നു. ഹോമം കൊണ്ട് ആകാശവും,വായുവും,ജലവും,ഭൂമിയും വാസയോഗ്യമായിത്തീരും. അഗ്നിദേവനും,ആദിത്യദേവനും,വായുഭഗവാനും ഭൂമി ദേവിയും പ്രസാദിക്കും.
ദേവതകളുടെ പ്രഭുത്വം വിഭുത്വം,മഹത്വം ഇവ പരമാത്മാവില്‍ നിന്നും ലഭിക്കുന്നതാണ്. ജലദേവതയെ ”ആപോവൈ സര്‍വ്വ ദേവതാ” എന്നും ”ആപ: കര്‍മ്മാണി പ്രാണിനാം” എന്നും ”ശ്രദ്ധാ വാ ആപ:” എന്നിങ്ങനെയും ഋഷിമാര്‍ സ്തുതിക്കുന്നു. ബോധവും പ്രാണനും 96 ഉപാധികളിലായി നിലനില്ക്കുന്ന ശരീരത്തിലെ ഈശ്വരവിഭൂതിയാണ്. അറിവും വെളിവും ബോധമയമാണ്. തെളിവും നിറവും അനുഭൂതിയില്‍ അറിവറിവായി ജ്വലിച്ചു നില്ക്കും. അന്നവും ജലവുമില്ലാതെ പ്രാണന്റെ ശക്തി ജ്വലിച്ചുനില്ക്കില്ല. മിതമായി സാത്വിക ഭക്ഷണം കഴിക്കുന്നവനില്‍ ആത്മബോധം അമിതമായി വര്‍ദ്ധിക്കുന്നതിനും, ഇത് മറ്റുള്ളവരെ ബോധിപ്പിക്കുന്നതിനും കാരണമാകും. മൂര്‍ത്തവും, അമൂര്‍ത്തവുമായ (നശ്വരവും,അനശ്വരവും ആയ) രണ്ടുരൂപങ്ങള്‍, സകലതിലുമുണ്ട്. പരമാത്മാവ് നിത്യമാണ്. ശരീരവും, ആഭരണങ്ങളും അനിത്യമാണ്.
Discussion about this post