ലോകത്തെ ആദ്യ മലേറിയ വാക്‌സീനായ മൊക്‌സ്‌ക്യൂറിക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ കുട്ടികള്‍ക്കാണ് വാക്‌സീന്‍ ആദ്യം നല്‍കേണ്ടതെന്നും സംഘടന ശുപാര്‍ശ ചെയ്തു. മലേറിയ വാക്‌സീന്‍ ഉപയോഗിക്കുന്നതിന് വിദഗ്ദ്ധ ഉപദേശക സംഘം അംഗീകാരം നല്‍കിയ ശേഷമാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനം ഗെബ്രേയെസസ് പ്രഖ്യാപനം നടത്തുകയും ചരിത്ര നിമിഷമെന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ വാക്‌സീനാണിതെന്നും ഇതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് അഭിമാനമുണ്ടെന്നും ടെഡ്രോസ് അദനം അഭിപ്രായപ്പെട്ടു.
1987ല്‍ ബ്രിട്ടീഷ് മരുന്നു കമ്പനിയായ ഗ്‌ളാക്‌സോസ്മിത്ത്ക്‌ളൈനാണ് ആര്‍ ടി എസ്,എസ് അഥവാ മൊക്‌സ്‌ക്യൂറിക്‌സിസ് നിര്‍മിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ഇതിന്റെ നിര്‍മാണം നടക്കുകയായിരുന്ന ഈ മരുന്ന് മാത്രമാണ് മലേറിയക്കെതിരെ ഫലപ്രദമാണെന്ന് തെളിയിച്ച ഏക വാക്‌സീന്‍. ഈ പ്രഖ്യാപനം ആഫ്രിക്കയ്ക്ക് വളരെ പ്രതീക്ഷ നല്‍കുന്നുവെന്നും വാക്‌സീന്‍ നല്‍കുന്നതോടെ ആഫ്രിക്കയിലെ കുട്ടികള്‍ക്ക് ആരോഗ്യമുള്ളവരായി വളര്‍ന്നുവരാനാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടറായ ഡോ.മത്ഷിഡിസോ മോട്ടി അഭിപ്രായപ്പെട്ടു.
2019 മുതല്‍ ഘാന,കെന്യ, മലവായി എന്നിവിടങ്ങളില്‍ മൊക്‌സ്‌ക്യൂറിക്‌സിനെ ബന്ധപ്പെട്ട പഠനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഏകോപനത്തില്‍ നടക്കുകയായിരുന്നു.ഇതിന്റെ ഫലമായി എട്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കി.
മൊക്‌സ്‌ക്യൂറിക്‌സിന് നിരവധി വെല്ലുവിളികള്‍ ഉണ്ടെന്നും എന്നാല്‍ ആഫ്രിക്കയില്‍ മലേറിയ മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് ഒരു പരിധി വരെ ഉപയോഗപ്രദമാകുമെന്നും കേംബ്രഡ്ജ് ഇന്‍സ്റ്രിട്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജൂലിയന്‍ റെയ്‌നര്‍ അഭിപ്രായപ്പെട്ടു.
Discussion about this post