അബുദാബി: ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ഇന്ത്യ അഫ്ഗാനിസ്ഥാനെ 66 റണ്‍സിനു പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. തുടര്‍ന്നു ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സേ നേടാനായുള്ളു.
ഈ വിജയത്തോടെ മൂന്നു കളികളില്‍നിന്ന് ഒരു ജയവും രണ്ടു തോല്‍വികളും സഹിതം രണ്ടു പോയിന്റോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രന്‍ അശ്വിന്‍ നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര നാല് ഓവറില്‍ 25 റണ്‍സും രവീന്ദ്ര ജഡേജ മൂന്ന് ഓവറില്‍ 19 റണ്‍സും വഴങ്ങി ഓരോ വിക്കറ്റെടുത്തു.
ഓപ്പണര്‍ രോഹിത് ശര്‍മ (74), കെ.എല്‍. രാഹുല്‍ (69) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 88 പന്തില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 140 റണ്‍സ്. 21 പന്തില്‍നിന്ന് 63 റണ്‍െസടുത്ത ഹാര്‍ദിക് പാണ്ഡ്യ – ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 35 റണ്‍സും ഋഷഭ് പന്ത് 13 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 27 റണ്‍സോടെയും പുറത്താകാതെ നിന്നു.
Discussion about this post