സ്വാമി സത്യാനന്ദ സരസ്വതി

മാരുതി
മാരുതിയുടെ പാടവം
അന്തര്‍മുഖനായി ധ്യാനനിരതനാകുവാനും ഔചിത്യപൂര്‍വം വാചാലനാകുവാനും ഉള്ള മാരുതിയുടെ പാടവം അന്യാദൃശമാണ്. അക്ഷന്തവ്യമായ ആക്രമണങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുവാന്‍ മാരുതിക്ക് മടിയില്ല. അസമാധാനത്തിന്റെയും അശാന്തിയുടെയും അവസരങ്ങളില്‍ പ്രതീക്ഷയുടെയും പ്രശാന്തിയുടെയും ഭദ്രദീപം
കൊളുത്തി വയ്ക്കാന്‍ മാരുതിയെപ്പറ്റിയുള്ള സങ്കല്പം മതിയാകും. മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുവാനുള്ള സൂക്ഷ്മബുദ്ധിയും ലക്ഷ്യം ഭേദിക്കുന്നതിനുള്ള പ്രൗഢിയും മാരുതിക്കുണ്ട്. ഇടിമുഴക്കങ്ങളും കൊടുങ്കാറ്റങ്ങളും സൃഷ്ടിക്കുവാനും ഒരേപോലെ കഴിയും. മകുടങ്ങളും മണിമന്ദിരങ്ങളും കൊണ്ട് മനം കവരുന്ന ലങ്ക കത്തിയെരിഞ്ഞടങ്ങവേ അഗ്നിക്കുള്ളില്‍ അക്ഷോഭ്യനായി രാമമന്ത്രവും ജപിച്ച് ലാഘവബുദ്ധിയോടെ കഴിയുന്ന പ്രാതസ്മരണീയനായ ആഞ്ജനേയനെ നമുക്കു കാണാം.
വടിവൊത്ത വടു രൂപം മുതല്‍ വിശ്വരൂപം വരെ വളര്‍ന്നെത്തുന്നതായ ആഞ്ജനേയന്റെ അത്ഭുതസിദ്ധികള്‍ അപ്രമേയങ്ങളാണ്. അഴകും മിഴിവും നഷ്ടപ്പെടാത്ത വാനരസങ്കല്പം ചിരപ്രതിഷ്ഠിതമാക്കാന്‍ കഴിഞ്ഞ ദര്‍ശനപാടവം പൂജനീയം തന്നെ. സാധാരണത്വം നഷ്ടപ്പെടാത്ത ആ ഉന്നതദര്‍ശനം ആഞ്ജനേയന്റഎ കര്‍മകാണ്ഡത്തെ പ്രസന്നവും പ്രൗഡവുമാക്കി. ലക്ഷ്യത്തിലെത്തുവാന്‍ സമരം ഏറ്റെടുക്കുനന വീരസേനാനിയെ മാരുതിയില്‍ ദര്‍ശിക്കാം. ഭഗവാന്‍ കൃഷ്ണനെയും ഗോപികമാരെയും സ്മരിക്കുമ്പോള്‍ ഉണ്ടാകുന്ന ലാസ്യവിലാസ ഭാവങ്ങളോ ലളിതകോമളങ്ങളായ ഭാവനകളോ ആഞ്ജനേയനെ സ്മരിക്കുമ്പോള്‍ ഉണ്ടാവുകയില്ല. ഉത്തരവാദിത്വം കൊണ്ട് പ്രൗഢവും ദുര്‍ഘടത്വം കൊണ്ട് സാഹസികവുമായ ആ വ്യക്തിത്വം മനസ്സിനെ അലസമാക്കുവാനോ അലക്ഷ്യമാക്കുവാനോ അനുവദിക്കില്ല. ആലയം എന്തെന്നറിയാത്തതാണ് ആ ജീവിതം. ക്ലേശങ്ങള്‍ ആഞ്ജനേയന്റെ ശക്തിയുള്ള ഉരകല്ലാണ്. അനനകരിക്കുവാനും അടുത്തുചെല്ലുവാനും ആഗ്രഹമുളവാക്കുന്നതാണ് മാരുതിയുടെ വ്യക്തിത്വം. എങ്കിലും പലപ്പോഴും അസാധ്യമെന്ന് തോന്നുമാറുള്ള അമാനുഷികത ആ വാനരനെ വാനവനേക്കാള്‍ വലുതാക്കി. മാര്‍ഗവും ലക്ഷ്യവും പൊരുത്തപ്പെടാത്ത കര്‍മസരണി മാരുതി സൃഷ്ടിച്ചിട്ടില്ല. രാമദേവനെ നമസ്‌കരിക്കുന്നതു മുതല്‍ രാവണനെ അടിച്ചുവീഴ്ത്തുന്നതുവരെയുള്ള വൈജാത്യങ്ങള്‍ ഭിന്നിച്ചു നില്ക്കാത്ത വ്യക്തിത്വമാണ് ആഞ്ജനേയനില്‍ നാം കാണുന്നത്. വിരുദ്ധ ഭാവങ്ങള്‍ പലതും വിലയം പ്രാപിച്ച ദര്‍ശനസൗന്ദര്യം വിനയവും വിശ്വാസവും വളര്‍ത്തുന്നതിന് പ്രാപ്തിയുള്ളതാണ്. ഒരു സാധാരണ വ്യക്തിത്വത്തിന് കടന്നുചെല്ലാന്‍ പ്രയാസമുള്ളിടങ്ങളില്‍ ആഞ്ജനേയന്‍ അനായാസേന കടന്നുചെല്ലുന്നതുകാണാം. അത്ഭുതങ്ങളെന്നു തോന്നാത്തവണ്ണം ലഘുവും കുശലവുമായ മാര്‍ഗങ്ങളാണ് മാരുതി സ്വീകരിക്കുന്നത്. സംഭവങ്ങുടെ പ്രാധാന്യത്തേക്കാള്‍ മാരുതിയുടെ വ്യക്തിത്വം പ്രഥമചിന്തയ്ക്കും പ്രധാന സങ്കല്പത്തിനും കാരണമായിത്തീരുന്നു. മാരുതിയുടെ സാന്നിദ്ധ്യത്തില്‍ സാധാരണമെന്നുതോന്നുന്ന പല സംഭവങ്ങളും അദ്ദേഹത്തിന്റെ അഭാവത്തില്‍ അസാദ്ധ്യങ്ങളും അപ്രാപ്യങ്ങളുമാണ്. സംഭവങ്ങളിലൂടെ പ്രാധാന്യം നേടിയ വ്യക്തിത്വങ്ങള്‍ ചരിത്രത്തിലും സാഹിത്യത്തിലും ധാരാളമുണ്ട്. എന്നാല്‍ അവയെല്ലാംതന്നെ സംഭവത്തോളമെങ്കിലും പ്രാധാന്യമര്‍ഹിക്കുന്നതായി കാണാനാവില്ല. പലതും സംഭവങ്ങളുടെ പ്രാധാന്യത്തിനു താഴെയോ സംഭവത്തോളമോ നിലനില്ക്കുന്നതാണ്. വ്യക്തിത്വത്തെപ്പറ്റിയുള്ള പൂര്‍വബോധം വരാനിരിക്കുന്ന സംഭവങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷ പലപ്പോഴും നല്കാറില്ല. സംഭവങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിയാല്‍ പല വ്യക്തിത്വവും ശുഷ്‌കവും അപ്രസക്തവുമായിത്തീരും. സംഭവങ്ങളോട് താദാത്മ്യം പ്രാപിക്കുവാനും എന്നാല്‍ അവയുടെ തനതായ സ്വഭാവത്തില്‍ നിന്നുമാറിനില്ക്കുന്ന വ്യക്തിത്വം സൂക്ഷിക്കുവാനും പലര്‍ക്കും കഴിഞ്ഞിട്ടില്ല. അവതാരത്തില്‍ കവിഞ്ഞ മറ്റൊരു വ്യക്തിത്വവും അത്തരം ഒരു പദവിയിലേക്ക് വളര്‍ന്നിട്ടില്ല. ആഞ്ജനേയന്‍ ഒരു വാനരനാണ്. കേവലം ഒരു വാനരന്‍ അവതാര മഹിമയിലേക്ക് വളര്‍ന്നെത്തിയിരിക്കുന്നു. ചരിത്രത്തിലേ സാഹിത്യത്തിലെ ഇതര ശാഖകളിലോ കാണാറുള്ള വ്യക്തികള്‍ പലതും അനിഷ്ടസംഭവങ്ങള്‍ക്ക് കാരണക്കാരായിട്ടുണ്ട്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ ചാടി മരിക്കുന്ന അനുഭവങ്ങളുമുണ്ട്. അമിതമോഹവും അര്‍ത്ഥകാംക്ഷയുമാണ് പ്രധാന കാരണങ്ങള്‍ അധികാരവാഞ്ഛ അല്പവും അകന്നുനിന്നിട്ടുമില്ല. വിഷം കലര്‍ന്ന വികാരങ്ങള്‍ അധികവും മനുഷ്യത്വത്തെ മഥിക്കുന്നവയാണ്. അനുകരണീയമായ ആദര്‍ശനങ്ങള്‍ അവകളിലില്ല. ആവര്‍ത്തിച്ചിട്ടുള്ള നയങ്ങള്‍ പലതും അപലപനീയങ്ങളാണ്. ആദര്‍ശനങ്ങളോട് അകന്നബന്ധം പുലര്‍ത്തുവാനെങ്കിലും പലര്‍ക്കും കഴിഞ്ഞിട്ടില്ല. സ്വാര്‍ത്ഥ ചിന്തകൊണ്ട് പങ്കിലമാണ് അവരുടെ ലക്ഷ്യങ്ങള്‍. അധര്‍മചിന്തകള്‍ കൊണ്ട് കലുഷമാണ് അവരുടെ മാര്‍ഗങ്ങള്‍. തെറ്റില്‍ നിന്നു മാറി നില്ക്കുവാനുള്ള ധര്‍മശേഷി അത്തരക്കാരുടെ പ്രവൃത്തികളില്‍ നിന്ന് ലഭിക്കുന്നില്ല. ചരിത്ര സംഭവങ്ങളിലും കലാസാഹിത്യരംഗങ്ങളിലും വിരളമായികാണുന്ന വിശിഷ്ടവ്യക്തിത്വം ആഞ്ജനേയ മഹാപ്രഭുവില്‍ ദര്‍ശിക്കാനാവും.
സന്ദര്‍ഭത്തിനൊത്തു വളരുവാനും സംഭവങ്ങളെ ലഘുപ്പെടുത്തുവാനുമുള്ള സ്വതന്ത്രമായ വ്യക്തിത്വം ആഞ്ജനേയനുണ്ട്. സംഭവങ്ങളുടെ മുന്#ിനല്‍ പകച്ചുനില്‌ക്കേണ്ട ആവശ്യം ആഞ്ജനേയനുണ്ടായിട്ടില്ല. പരിഹാരത്തിന് പരമാത്മ ചിന്തയില്ലാതെ പരാശ്രയത്വം കാംക്ഷിക്കുന്നവനാണ് മാരുതി. നേതൃത്വം സംഭവിച്ചതല്ലാതെ മാരുതി നേതൃത്വം ആവശ്യപ്പെട്ടില്ല; ആഗ്രഹിച്ചുമില്ല. പാവനമായ പരമാത്മചിന്ത സ്വാര്‍ത്ഥത കൊണ്ട് കലുഷമാക്കിയില്ല. നിഷ്‌കളങ്കത്വം കാത്തുസൂക്ഷിക്കുവാന്‍ വ്യത്യസ്ത സാഹചര്യങ്ങള്‍ തെരഞ്ഞെടുക്കേണ്ട ആവസ്യം ആഞ്ജനേയനുണ്ടായില്ല. സ്വായത്തമായ ഗുണങ്ങളൊന്നും സന്ദര്‍ഭങ്ങളുടെ വിപരീതശക്തിയില്‍ അമര്‍ന്നുപോയിട്ടില്ല. കുതന്ത്രങ്ങളോ കുമാര്‍ഗ്ഗങ്ങളോ ഹനുമാന് അനുവര്‍ത്തിക്കേണ്ടതായും വന്നിട്ടില്ല. കുപ്രസിദ്ധങ്ങളായ സ്വഭാവദോഷങ്ങളൊന്നും ആഞ്ജനേയന്റെ ജീവിതത്തെ കളങ്കപ്പെടുത്തിയിട്ടില്ല. ചതിയോ വഞ്ചനയോ മാരുതി ഇഷ്ടപ്പെട്ടില്ല. തന്നെ എതിര്‍ത്തവരോടുപോലും അദ്ദേഹം ചതി പ്രയോഗിച്ചില്ല. മാരുതി ചെയ്തിട്ടുള്ള കര്‍മങ്ങളൊന്നും ആത്മവീര്യം നശിപ്പിക്കുന്നതായിരുന്നില്ല. അകൃത്രിമത്വം കൊണ്ട് അനവദ്യമായ കര്‍മസഹണിയീലൂടെയായിരുന്നു മാരുതിയുടെ പ്രയാണം. അമാനുഷികമെന്നും അസംഭവ്യമെന്നും തോന്നാവുന്ന അത്ഭുതകര്‍മങ്ങളില്‍പോലും സ്വാഭാവികമായ സാധാരണത്വം കണ്ടെത്തുമാറ് മാരുതി ചെയ്ത കര്‍മങ്ങള്‍ അയത്‌നകുശലങ്ങളായിരുന്നു. വികലമാര്‍ഗങ്ങള്‍ അവലംബിച്ച് അനിഷ്ഠഫലം ഭയന്ന് ഹനുമാന് പിന്തിരിയേണ്ടിവന്നിട്ടില്ല. നിസ്സംശയം ലക്ഷ്യത്തിലെത്തുന്നതിനുള്ള നിയന്ത്രിത കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനുള്ള ആത്മനിഷ്ട ആ മഹാപ്രഭുവിന് സ്വായത്തമായിരുന്നു.
(തുടരും)
Discussion about this post