ചെര്‍ണോബിലിലെ മുന്‍ ആണവനിലയം കീഴടക്കിയ കൈവശം വച്ചിരുന്ന റഷ്യന്‍ സൈന്യം പ്രദേശം വിട്ടുപോയതായി പ്ലാന്റിന്റെ ജീവനക്കാര്‍ അറിയിച്ചതായി യുക്രൈന്‍ സ്റ്റേറ്റ് ന്യൂക്ലിയര്‍ കമ്പനിയായ എനര്‍ഗോട്ടം അറിയിച്ചു. പ്ലാന്റിലെ ജീവനക്കാര്‍, പ്രദേശത്ത് നിലവില്‍ ‘പുറത്തുനിന്ന്’ ആരുമില്ലെന്നാണ് അറിയിച്ചത്. അധിനിവേശത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ചില റഷ്യന്‍ സേനംഗങ്ങള്‍ ചെര്‍ണോബില്‍ ഏറ്റെടുത്തതായി അവകാശപ്പെട്ടിരുന്നു. ഈ ചെറിയ സംഘം പ്രദേശം ഉപേക്ഷിച്ച് ബെലാറസ് അതിര്‍ത്തിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ റഷ്യന്‍ സേനയുടെ ചെര്‍ണോബിലില്‍ നിന്നുള്ള പിന്‍വാങ്ങല്‍ സ്ഥിരീകരിക്കാവുന്നതാണെന്ന് അറിയിച്ചു.
ചെര്‍ണോബിലില്‍ നിന്ന് റഷ്യന്‍ സൈനികരുടെ പിന്‍വാറ്റം സൈനിക നടപടിയെന്നതിനേക്കാള്‍ ആരോഗ്യപരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെലാറസ് അതിര്‍ത്തി വഴി ചെര്‍ണോബിലിലേക്ക് ഇടിച്ച് കയറിയ റഷ്യന്‍ സൈനികര്‍ ചെര്‍ണോബിലിലെ നിലവിലെ പാരിസ്ഥിതിക അവസ്ഥയ്ക്ക് വിഘാതമേല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെര്‍ണോബില്‍ എക്സ്‌ക്ലൂഷന്‍ സോണിലെ ആണവ മലിനീകരണം ഏറ്റവും കൂടിയ ഭാഗത്ത് റഷ്യന്‍ സൈന്യം സൈനിക പ്രതിരോധമുയര്‍ത്താനായി കിടങ്ങുകള്‍ കുഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1986 ല്‍ ആണവ അപകടമുണ്ടായതിന് ശേഷം ഇളകാതിരുന്ന മണ്ണിലാണ് റഷ്യന്‍ സൈനികര്‍ കിടങ്ങുകള്‍ കുഴിച്ചത്. ഇതോടെ, വര്‍ഷങ്ങളായി ആണവ വികിരണ തോത് കുറഞ്ഞിരുന്ന പ്രദേശത്ത് വീണ്ടും ഉയര്‍ന്ന തോതിലുള്ള ആണവ വികിരണമുണ്ടായതായി എനര്‍ഗോട്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ഗണ്യമായ അളവില്‍ ആണവ വികിരണമേറ്റ റഷ്യന്‍ സൈനികര്‍ ബെലാറസില്‍ ചികിത്സയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പ്ലാന്റിലെ തൊഴിലാളികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തിന്റെ ആദ്യ നാളില്‍ പ്ലാന്റ് കീഴടക്കിയപ്പോള്‍ പ്ലാന്റിലെ റേഡിയേഷന്‍ അളവ് റഷ്യ പുറത്ത് വിട്ടിരുന്നെങ്കിലും സൈന്യത്തിലെ ഭൂരിഭാഗത്തിനും തങ്ങള്‍ ആണവ വികിരണ പ്രദേശത്താണെന്ന് അറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ചെര്‍ണോബിലില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. കീവിന് വടക്കുള്ള അക്രമണം കുറയ്ക്കുമെന്നും പകരം കീവിന് കിഴക്ക് ഡോണ്‍ബാസ് മേഖലയിലടക്കം തങ്ങളുടെ അക്രമണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെര്‍ണോബിലില്‍ നിന്നുള്ള ആണവ ചോര്‍ച്ചയാണ് റഷ്യയെ കീവിന് വടക്കന്‍ മേഖലയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. റഷ്യയുടെ ഇടപെടലോടെ വികിരണ തോത് കൂടിയ ചെര്‍ണോബിലിലെ സുരക്ഷ ഇതോടെ വീണ്ടും യുക്രൈന് സ്വന്തമായി.
Discussion about this post