ബംഗളൂരു: ജാലഹള്ളി ശ്രീരാമദാസ ആശ്രമത്തിലെ സീതാരാമ ആഞ്ജനേയ ക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠയും കുംഭാഭിഷേകവും നടന്നു. ക്ഷേത്രത്തിന്റെ ഹൃദയഭാഗത്തുള്ള മൂന്ന് ശ്രീകോവിലുകളില്‍ പരമഗുരു ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍, ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി, ശ്രീ സീതാരാമ ആഞ്ജനേയ, ശക്തി ഗണപതി എന്നിവരുടെ പഞ്ചലോഹവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ആഞ്ജനേയമണ്ഡപത്തില്‍ കൃഷ്ണശിലയില്‍ രൂപപ്പെടുത്തിയ അഞ്ചടി ഉയരമുള്ള ആഞ്ജനേയവിഗ്രഹവും ധ്യാനമണ്ഡപത്തില്‍ ശിവലിംഗവും പ്രതിഷ്ഠിച്ചു. ശ്രീകോവിലിന്റെ ഗോപുരത്തിലും രാജഗോപുരത്തിലും കുംഭാഭിഷേകം നടന്നു.
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഘടനാനന്ദ പാദതീര്‍ഥയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സ്വാമി കൃഷ്ണാനന്ദ സരസ്വതി, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി സത്യാനന്ദ തീര്‍ഥപാദര്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാരണ്യപുര കലാസദ നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്തനൃത്യങ്ങളും മണികണ്ഠനും സംഘവും അവതരിപ്പിച്ച ഭക്തിഗാനമേളയും പ്രതിഷ്ഠാനന്തര കലാപരിപാടികളായി നടന്നു.
Discussion about this post