ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഭാരതത്തിന്റെ പൈതൃകം എത്ര ഉന്നതിയിലാണെന്നത് അദ്ദേഹത്തിന്റെ പ്രഥമ പ്രസംഗത്തിലൂടെ ലോകം കേട്ടു. അഭിമാനത്തോടെ തന്റെ സംസ്‌കാരത്തെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഋഷി സുനക് പ്രധാനമന്ത്രിയാവും മുന്‍പും ഇന്ത്യന്‍ സംസ്‌കാരത്തെ മുറുകെ ചേര്‍ത്ത് പിടിച്ചിരുന്നു. 2017 ലെ പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്തത് ഹൈന്ദവരുടെ വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയില്‍ തൊട്ടായിരുന്നു. തന്റെ ഹിന്ദു സ്വത്വം ഉറക്കെ പ്രഖ്യാപിക്കുന്നതിലും ഋഷി സുനക് മടികാട്ടിയിരുന്നില്ല.
ഞാന്‍ ഇപ്പോള്‍ ബ്രിട്ടനിലെ പൗരനാണ്. പക്ഷെ എന്റെ മതം സനാതനധര്‍മ്മമാണ്. എന്റെ മതപരവും സാംസ്‌കാരികവുമായ പൈതൃകം ഭാരതീയമാണ്. ഞാനൊരു ഹിന്ദുവാണെന്നും എന്റെ സ്വത്വവും ഹിന്ദുവാണെന്നും ഞാന്‍ അഭിമാനത്തോടെ പറയുന്നു എന്നാണ് ഈ വിഷയത്തില്‍ അദ്ദേഹം ഒരു സംശയത്തിനും ഇടവരുത്താതെ തന്റെ വിശ്വാസത്തെ കുറിച്ച് ലോകത്തെ അറിയിച്ചത്.
ഭാരതമുള്‍പ്പെടെ ലോകരാജ്യങ്ങളെ അടക്കിഭരിച്ച ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്‍ ഭദ്രം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന പ്രഖ്യാപത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 200 വര്‍ഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ഹിന്ദു വിശ്വാസം പിന്തുടരുന്ന, വെള്ളക്കാരന്‍ അല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ദീപാവലി ദിവസമാണ് ഋഷിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്.
ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ഋഷിയെ ചാള്‍സ് മൂന്നാമനാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചത്. പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികളും ഋഷി ആരംഭിച്ചു. ഒരു വര്‍ഷത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് സുനക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ 45 ദിവസത്തെ ഭരണം അവസാനിപ്പിച്ച് ലിസ് ട്രസ് ഒഴിഞ്ഞതോടെയാണ് സുനകിന് വഴിതുറന്നത്. പ്രചാരണത്തില്‍ മുന്നിട്ടു നിന്നിരുന്ന സുനകിനെ അവസാന റൗണ്ടില്‍ പിന്തള്ളിയാണ് ലിസ് അന്ന് അധികാരത്തിലെത്തിയത്.
തിങ്കളാഴ്ച എം.പിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ഋഷിക്ക് എതിരാളിയാകുമെന്ന് കരുതിയിരുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ആദ്യം സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ഹൗസ് ഒഫ് കോമണ്‍സ് ലീഡര്‍ പെന്നി മോര്‍ഡന്റ് നോമിനേഷന്‍ സമര്‍പ്പണത്തിനുള്ള 100 എം.പിമാരുടെ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്‍മാറി. ഇതോടെയാണ് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് എതിരാളികളില്ലാതെ ഋഷി എത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാള്‍സ് മൂന്നാമന്‍ നിര്‍വഹിച്ച ഭരണഘടനാപരമായ പ്രധാന ചുമതലകളില്‍ ഒന്നായിരുന്നു ഋഷിയുടെ നിയമനം.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിച്ചതോടെ ഇന്ത്യയുടെ മരുമകനുമാണ് സുനക്. മക്കള്‍ കൃഷ്ണ, അനൗഷ്‌ക.













