ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് നേട്ടമായി പുതിയ പ്രഖ്യാപനം. ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷണലുകള്‍ക്ക് ഓരോ വര്‍ഷവും യു കെയില്‍ ജോലി ചെയ്യുന്നതിനായി 3000 വിസകള്‍ക്ക് ഋഷി സുനക് അനുമതി നല്‍കി. യു കെയില്‍ തൊഴില്‍ നേടാനാഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പ്രഖ്യാപനമാണിത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയും യു കെയും തമ്മില്‍ കുടിയേറ്റ കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട പുതിയ പദ്ധതിയാണിത്. ഇത്തരമൊരു പദ്ധതിയില്‍ നിന്ന് പ്രയോജനം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. ‘യു കെ – ഇന്ത്യ യുവ പ്രൊഫഷണല്‍ പദ്ധതിയ്ക്ക് അനുമതി നല്‍കി. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യക്കാര്‍ക്ക് യു കെയില്‍ രണ്ടുവര്‍ഷക്കാലം ജീവിക്കുന്നതിനും തൊഴില്‍ ചെയ്യുന്നതിനുമായി 3000 വിസകള്‍ അനുവദിച്ചു’- യു കെ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. യു കെയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. യു കെയിലേക്കുള്ള ഇന്ത്യന്‍ നിക്ഷേപം രാജ്യത്തെ 95,000 ജോലികളെ പിന്തുണയ്ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് യു കെ – ഇന്ത്യ മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാര്‍ (എം എം പി) രൂപീകരിച്ചത്. ഇന്ത്യന്‍ പ്രൊഫഷണലുകളുടെ തൊഴില്‍പരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്പത്തികമായി ഉപയോഗിക്കാമെന്ന ലക്ഷ്യവും കരാറിന് പിന്നിലുണ്ട്.
ഉച്ചകോടി ആരംഭിക്കുന്നതിന് മുന്‍പായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ ഋഷി സുനകുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ജി 20 ഉച്ചകോടിക്കിടെ ഇരു പ്രധാനമന്ത്രിമാരും സംഭാഷണം നടത്തുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
Discussion about this post