വാഷിംഗ്ടണ്‍: കൊടും ശൈത്യകാലത്തിലൂടെ കടന്നുപോവുകയാണ് അമേരിക്ക. കനത്ത മഞ്ഞുവീഴ്ചയില്‍ 60 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിലെ കൊടും തണുപ്പിന്റെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. ഇവയില്‍ ഏറ്റവും ഞെട്ടിക്കുന്ന ഒന്നാണ് ലോകപ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രയില്‍ നിന്നുള്ളത്.
കനത്ത ശൈത്യത്തില്‍ വെള്ളച്ചാട്ടം പകുതിയില്‍ക്കൂടുതല്‍ മഞ്ഞുകട്ടകളായി മാറിയിരിക്കുകയാണ്. പുറമേയുള്ള വെള്ളം മഞ്ഞുകട്ടകളായി മാറിയെങ്കിലും ഉള്ളില്‍ ഇപ്പോഴും വെള്ളം ഒഴുകുന്നതായി നയാഗ്ര പാര്‍ക്കിന്റെ വെബ്സൈറ്റില്‍ പറയുന്നു.
അതേസമയം, അമേരിക്കയിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന ഒരു സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. ഡിസംബര്‍ 26ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. കൗണ്ടിയില്‍ വൂഡ്‌സ് കാന്യന്‍ തടാകത്തിലാണ് മൂന്ന് പേരും മുങ്ങിമരിച്ചത്. നാരായണ മുഡന (49), ഗോകുല്‍ മെഡിസെറ്റി (47), ഹരിത മുഡന എന്നിവരാണ് മരിച്ചത്.
ഹരിതയെ തടാകത്തില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാരായണ മുഡനയും ഹരിതയും ഭാര്യാഭര്‍ത്താക്കന്മാരാണ്. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ഗോകുല്‍ വിശാഖപട്ടണം സ്വദേശിയാണ്.
Discussion about this post