ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഗാന്ധിനഗറിലെ ശ്മശാനത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും സഹോദരന്മാരും ചേര്‍ന്ന് ഹീരാബെന്നിന്റെ ചിതയ്ക്ക് തീ കൊളുത്തി.
ഗാന്ധിനഗറിന് സമീപത്തുള്ള റായ്‌സന്‍ ഗ്രാമത്തിലെ വീട്ടില്‍ രാവിലെയെത്തിയ മോദി മാതാവിന് അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മോദിയും സഹോദരങ്ങളും ചേര്‍ന്നാണ് മൃതദേഹമഞ്ചം ശ്മശാനത്തിലേക്ക് ചുമന്ന് കൊണ്ടുവന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്നു പുലര്‍ച്ചെ അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വച്ച് അനാരോഗ്യത്തെത്തുടര്‍ന്നാണ് ഹീരാബെന്‍ അന്തരിച്ചത്.













