ബീജിംഗ്: ചൈനയില്‍ സ്ഥിതി അതീവ ഗുരുതരം. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഷാങ്സി, ഹെബെയ്, ഹുനാന്‍, ജിയാങ്സു എന്നിവയുള്‍പ്പെടെ ചൈനീസ് പ്രവിശ്യകളിലെ ആശുപത്രികള്‍ പുതുവത്സര അവധികളില്ലാതെ പ്രവര്‍ത്തിക്കുന്നു. ജീവനക്കാരോട് അവധികള്‍ റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ പ്രവിശ്യയിലും പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമായ മൂന്ന് ആശുപത്രികള്‍ തിരഞ്ഞെടുക്കാനാണ് പദ്ധതി. ഓരോ ആശുപത്രിയും സാമ്പിളുകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമൊക്കെ ചെയ്യും. ശേഷം ഓരോ ആഴ്ചയും ഇത് ദേശീയ ഡാറ്റാബേസിലേക്ക് അപ്ഡേറ്റ് ചെയ്യും.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 5,250 ആയി ഉയര്‍ന്നെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. ചൈനയില്‍ പ്രതിദിനം 9,000 പേര്‍ മരിക്കുന്നുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു ഹെല്‍ത്ത് ഡാറ്റാ സ്ഥാപനം പ്രവചിച്ചിരിക്കുന്നത്.
അടുത്തിടെയാണ് ക്വാറന്റൈന്‍ പോലുള്ള കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ ചൈനീസ് സര്‍ക്കാന്‍ പിന്‍വലിച്ചത്. ഇതിനുപിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും ചൈനയില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് അടക്കമുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post