പൊഖാറ: നേപ്പാള്‍ വിമാന അപകടത്തില്‍ യാത്രക്കാരിലെ 10 വിദേശികളില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. മറ്റുള്ളവര്‍ റഷ്യ, അയര്‍ലന്‍ഡ്, കൊറിയ, അര്‍ജന്റീന എന്നീ രാജ്യക്കാരാണ്. നിലവില്‍ 67 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ പോലീസ് അറിയിച്ചു. അപകടത്തില്‍ വിമാനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. മുഴുവന്‍ യാത്രക്കാരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
കാഠ്മണ്ഡുവില്‍ നിന്നും 72 പേരുമായി പൊഖാറയിലേക്ക് എത്തിയ യതി എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് തകര്‍ന്നു വീണത്. 68 യാത്രക്കാരും നാലു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചിരിക്കുകയാണ്. എട്ടുമാസത്തിനിടെ പൊഖാറ വിമാനത്താവളത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണിത്. 2022 മേയ് മാസത്തിലുണ്ടായ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം തകര്‍ന്നുവീണതെന്നാണ് സൂചന. ഞായറാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞാണ് പൊഖാറയില്‍ അനുഭവപ്പെട്ടത്. അപകടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
Discussion about this post