ഹൈദരാബാദ്: തെലുങ്ക് സിനിമാ സംവിധായകനും ചലച്ചിത്രനടനുമായ കെ.വിശ്വനാഥ്(91) അന്തരിച്ചു. കാശിനാധുണി വിശ്വനാഥ് എന്ന കെ.വിശ്വനാഥ് 1980ല്‍ സംവിധാനം ചെയ്ത ശങ്കരാഭരണം ആദ്യകാലത്തെ പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. മലയാളത്തിലടക്കം ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിച്ച് വന്‍ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു.
1930ല്‍ ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച വിശ്വനാഥ് 1951ല്‍ പാതാളഭൈരവി എന്ന തെലുങ്ക് ചിത്രത്തിന്റെ സഹസംവിധായകനായാണ് ചലച്ചിത്ര ലോകത്തെത്തിയത്. 1965ല്‍ ‘ആത്മഗൗരവം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. സാഗര സംഗമം, സ്വാതികിരണം, സ്വര്‍ണ കമലം, ശ്രുതിലയമു, സ്വരാഭിഷേകം എന്നിങ്ങനെ നിരവധി ശ്രദ്ധേയചിത്രങ്ങള്‍ അദ്ദേഹം ഒരുക്കി.
ശങ്കരാഭരണത്തിന് 1980ലെ മികച്ച ചിത്രത്തിനുളള സ്വര്‍ണ്ണകമലം ലഭിച്ചു. ആറ് തവണ നന്ദി പുരസ്‌കാരങ്ങളും അഞ്ച് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടി. 1992ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2016ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.













