ബര്‍ലിന്‍: സ്വര്‍ണ്ണത്തിന്റെ വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ കിഴക്കന്‍ ജര്‍മനിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. പഴയ പൂര്‍വ ജര്‍മനിയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് ലോകത്തെ ശ്രദ്ധാകേന്ദ്രമായ വലിയ സ്വര്‍ണ ഖനികളിലൊന്നായി മാറാന്‍ പോകുന്നത്. ശുദ്ധ സ്വര്‍ണത്തിന്റെ വമ്പന്‍ നിക്ഷേപമാണ് ലൗസിറ്റ്‌സ് പ്രദേശത്തു കണ്ടെത്തിയിരിക്കുന്നത്.
4000 അടി ആഴത്തിലാണ് സ്വര്‍ണ നിക്ഷേപം. ഇതിന് ഇപ്പോള്‍ ഏറ്റവും കുറഞ്ഞത് ഒമ്പതു ബില്യന്‍ പൗണ്ട് മൂല്യം കണക്കാക്കുന്നു. ഇന്നും അഞ്ചിലൊന്നാളുകള്‍ തൊഴിലില്ലായ്മ നേരിടുന്ന സ്ഥലമാണിത്.
ഏകദേശം 1600 പേര്‍ക്ക് ഖനി വ്യവസായവുമായി ബന്ധപ്പെട്ട് ഉടന്‍ ഇവിടെ ജോലി പ്രതീക്ഷിക്കാം. സ്വര്‍ണത്തിനു വേണ്ടി ഇവിടെ അന്വേഷണം നടത്തിയ കമ്പനിക്ക് ചെമ്പ്, വെള്ളി, പ്ലാറ്റിനം നിക്ഷേപങ്ങളും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. 2.7 മില്യന്‍ ടണ്‍ ചെമ്പ് ഉണ്ടാകുമെന്നു കരുതുന്നു. ഇതു മാത്രം മതി കമ്പനിക്ക് വന്‍നേട്ടം കൊയ്യാന്‍.
സ്വര്‍ണം ഇവിടെ ഖനനം ചെയ്തു തുടങ്ങാന്‍ ഏഴു വര്‍ഷം വേണ്ടിവരുമെന്നാണു കരുതുന്നത്. സിങ്ക്, ലെഡ് നിക്ഷേപങ്ങളും ഇവിടെയുണ്ടെന്ന് കെ.എസ്.എല്‍ മൈനിങ് കമ്പനി. കിഴക്കന്‍ ജര്‍മനിയുടെ പോളിഷ് ചെക്ക് അതിര്‍ത്തിയിലാണ് ലൗസിറ്റ്‌സ് ഗ്രാമം സ്ഥിതിചെയ്യുന്നത്. പുതിയ സൈസ്‌മോളജിക്കല്‍ പരിശോധനയില്‍ ഏതാണ്ട് 50 സ്‌ക്വയര്‍ മൈല്‍ ചുറ്റളവില്‍ സ്വര്‍ണ്ണനിധിശേഖരത്തിന്റെ വന്‍ കൂമ്പാരം കാണുമെന്നാണ് സൂചന. സ്വര്‍ണ്ണത്തിനായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്ന ജര്‍മനി ഈ കണ്ടെത്തലോടെ സ്വര്‍ണ്ണശേഖരത്തിന്റെ തോത് വര്‍ദ്ധിപ്പിയ്ക്കും.
Discussion about this post