തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിര്‍മേളനം 2023 ന്റെ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് ദേശീയ നേതാവ് ഡോ.സാധ്വി പ്രാചി നിര്‍വഹിച്ചു. ജ്യോതിക്ഷേത്രദര്‍ശനം പവിത്രമായി കാണുന്നുവെന്നും അതിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിനായി ഹൈന്ദവസമൂഹം ഒന്നടങ്കം മുന്നോട്ടുവരേണ്ടതുണ്ടെന്നും സാധ്വി പ്രാചി പറഞ്ഞു. സേവനോന്മുഖമായ നന്മമാത്രം ലക്ഷ്യമാക്കി ഹൈന്ദവസമാജത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ച സന്യാസിശ്രേഷ്ഠനായിരുന്നു ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍. അങ്ങിനെയുള്ള ആചാര്യന്റെ മഹാസമാധിസ്ഥാനത്തിന്റെ പൂര്‍ത്തീകരണത്തിനായി ലോകത്തിന്റെ ഏതുകോണിലും പോകാന്‍ തയാറാണെന്നും സാധ്വി പറഞ്ഞു. ജ്യോതിക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ യോഗി ആദിത്യനാഥിനെ ആശ്രമത്തില്‍ എത്തിക്കുവാനായി വേണ്ടതെല്ലാം ചെയ്യുമെന്നും അവര്‍ സൂചന നല്‍കി.
ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്ജ്വലനം നിര്‍വഹിച്ച സമ്മേളനത്തിന്റെ മുംബൈ ബദ്‌ലാപൂര്‍ ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ.ജി.മാധവന്‍ നായര്‍, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍, മുന്‍ എംപി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍ ഐപിഎസ്, സിനിമാ സംവിധായകന്‍ രാമസിംഹന്‍ തുടങ്ങിയവര്‍ മാര്‍ഗദര്‍ശന പ്രഭാഷണം നിര്‍വഹിച്ചു. സമ്മേളനത്തില്‍ ജ്യോതിക്ഷേത്രത്തിന്റെ തുടര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിറ്റിക്ക് പ്രാഥമികമായി രൂപം നല്‍കി. വിശിഷ്ഠ വ്യക്തിത്വങ്ങളെ സമ്മേളനത്തില്‍ ആദരിച്ചു.
ആര്‍ക്കിടെക്റ്റ് പത്മശ്രീ ഗോപാല്‍ ശങ്കര്‍ ഹാബിറ്റാറ്റ്, ആര്‍ക്കിടെക്റ്റ് ജയകൃഷ്ണന്‍, ജ്യോതിക്ഷേത്ര നിര്‍മാണ സമിതിയുടെ സംഘാടകസമിതി അധ്യക്ഷന്‍ വി.ആര്‍.രാജശേഖരന്‍ നായര്‍, സംഘാടകസമിതി സെക്രട്ടറി അനില്‍കുമാര്‍ പരമേശ്വരന്‍, സംഘാടകസമിതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബ്രഹ്മചാരി ഭാര്‍ഗവ റാം എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
Discussion about this post