സ്വാമി സത്യാനന്ദ സരസ്വതി
പുനരപി ജനനം
ജീവാത്മാവ് സ്ഥൂലശരീരത്തെ സൃഷ്ടിക്കുന്നത് നേരത്തേ പറഞ്ഞ വാസനകളുടെ സംതൃപ്തിക്കുവേണ്ടിയാണെന്ന് പ്രസ്താവിച്ചുകഴിഞ്ഞു. സൂക്ഷ്മദശയില്‍ വര്‍ത്തിക്കുന്ന ജീവാത്മാവ് ഉത്തരോത്തരമുള്ള ലോകങ്ങളില്‍ വ്യാപരിക്കുമ്പോഴും അവിടെയുള്ള അനുഭവങ്ങള്‍ സ്വീകരിച്ചുകൊണ്ട് സൂക്ഷ്മതരമായ വസ്തുബന്ധവും സൂക്ഷ്മതരമായ വസ്തുഭോഗവും അനുഭവിക്കുന്നു. ഈ അവസ്ഥകളിലൊന്നും മുക്തി എത്തിനോക്കുന്നേയില്ല. സംഭവിക്കുന്നത് പ്രജ്ഞയും സൂക്ഷ്മഭോഗവസ്തുക്കളും യോജിച്ച് സ്ഥൂലശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥാവിശേഷമാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ സിദ്ധികളും അത്ഭുതശക്തികളുമൊക്കെ കാണിക്കാനുള്ള അനുഭവബലമുണ്ടാകും. അജ്ഞരായ സാധാരണക്കാരെ വശീകരിക്കാനും കബിളിപ്പിക്കാനും ഇതുപയോഗിക്കുവാന്‍ കഴിയും. അത് ചെയ്യാന്‍ പാടില്ലാത്തതാകുന്നു. എന്നാല്‍ സൂക്ഷ്മലോകത്തിലുണ്ടെന്ന് സൂചിപ്പിച്ച ഭോഗവാസന വീണ്ടും സ്ഥൂലശരീരബന്ധം വളര്‍ത്തി വളരുകയാണ് ചെയ്യുന്നത്. ഭാഗവാസന സ്ഥൂലതയെപ്രാപിച്ചാല്‍ മേല്‍പറഞ്ഞ ഘട്ടങ്ങളിലെത്തിയ സാധകന്‍ വീണ്ടും ജന്മത്തിന് അവകാശിയായി അധഃപതിക്കുന്നു. ആവര്‍ത്തനങ്ങള്‍ അങ്ങനെ തുടരും.
ജീവന്‍ സ്ഥൂലശരീരത്തില്‍നിന്ന് ഉപരിമണ്ഡലത്തിലേക്ക് വ്യാപരിക്കുമ്പോള്‍ ഓരോമണ്ഡലത്തിലുമുള്ള സൂക്ഷ്മപരമാണുക്കളില്‍ ബന്ധപ്പെട്ടു വര്‍ത്തിക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയെ ശാശ്വതപരമാണുബന്ധമായി കരുതണം. ശാശ്വതപരമാണു ജീവന്റെ സര്‍ഗശക്തികൊണ്ട് വാസനയ്ക്കു യോജിച്ചു ശരീരസൃഷ്ടിക്ക് ശ്രമിക്കുന്നു. അങ്ങനെ വരുമ്പോള്‍ അതിനുയോജിക്കുന്ന ഭൂതമാത്രകളെ സംഭരിക്കാന്‍ ശ്രമിക്കുന്നു. ഇങ്ങനെ ജീവാത്മാവ് ശാശ്വതപരമാണുക്കളിലൂടെ പുനര്‍ജന്മാവകാശിയായ ശരീരത്തെ സൃഷ്ടിച്ചതില്‍ കുടുങ്ങുന്നു. സ്ഥൂലശരീരം നശിച്ചാലും പൂര്‍വബന്ധങ്ങളില്‍നിന്നുണ്ടാകുന്ന വാസനകളും വൃത്തികളും ശീലങ്ങളായി സൂക്ഷ്മപരമാണുവിനോടൊത്ത് ജീവനില്‍തന്നെ അവശേഷിക്കുന്നു. ഈ ശാശ്വതപരമാണുവാണ് ഭൂതമാത്രകള്‍ സംഭരിച്ച് വിജ്ഞാനമയകോശം സൃഷ്ടിച്ചിട്ട് അതിലിരുന്ന് വീണ്ടും സംഭരണംനടത്തി മനോമയ കോശമായി വികസിക്കുന്നത്. മനോമയകോശം പ്രാണമയകോശമായും പ്രാണമയകോശം അന്നമയകോശമായും രൂപപ്പെടുന്നു. ഇങ്ങനെ സൂക്ഷ്മത്തില്‍നിന്ന് സ്ഥൂലത്തിലെത്തുന്ന ജീവന്‍ ശരീരത്തെ ഉപകരണമാക്കി വാസനാപ്രേരിതമായ സൗഖ്യം സമ്പാദിക്കാന്‍ ശ്രമിക്കുന്നു. സുഖം പൂര്‍ത്തിയാകാതെ ദുഃഖമായും തീരുന്നു.
അതിസൂക്ഷ്മദശയില്‍ വര്‍ത്തിക്കുന്ന ശാശ്വതപരമാണുവിനോട് ചേര്‍ന്നിരിക്കുന്ന ജീവനാണ് സ്ഥൂലത്തിലെത്തി വീണ്ടും ആവര്‍ത്തനത്തിന് വഴിതെളിക്കുന്നതെന്നോര്‍മിക്കണം. സ്ഥൂലശരീരത്തിന്റെ ഇന്ദ്രിയവിഷയങ്ങള്‍ സ്ഥൂലലോകവുമായി ബന്ധപ്പെട്ട് ബാഹ്യലോകവൃത്തികളായി തീരുമ്പോള്‍ അതില്‍ കുടുങ്ങിപോകാതെ ഉള്ളിലിരിക്കുന്ന സൂക്ഷ്മപരമാണുവിനേയും അതില്‍ ലയിച്ചുകിടക്കുന്ന ജീവസംസ്‌കാരത്തെയും ആവര്‍ത്തിച്ചോര്‍മ്മിച്ച് ചിത്തവൃത്തിനിരോധനത്തിന്റെ ആഴം എത്രയുണ്ടെന്നറിയണം. ഈ ഓര്‍മ്മ പുതുക്കിപുതുക്കി സ്ഥൂലശരീരപ്രയത്‌നങ്ങളെ അപ്രധാനമാക്കി, സൂക്ഷ്മതയിലേക്ക് തിരികെചെല്ലണം. അവിടെനിന്ന് വീണ്ടും സൂക്ഷ്മതയിലേക്ക് കടന്ന് ശാശ്വതപരമാണുവിലുള്ള സൂക്ഷ്മതയെയും അതിലംഘിക്കണം. അപ്പോഴുണ്ടാകുന്ന അവസ്ഥയാണ് ജ്ഞാനം അഥവാ ആത്മദര്‍ശനം.
അരവിന്ദദര്‍ശനം
മേല്പറഞ്ഞ ചിത്തവിക്ഷേപങ്ങളെയും വൃത്തികളെയും തടയുന്നതിന് സ്ഥിരമായ അഭ്യാസവും വൈരാഗ്യവും ആവശ്യമാണ്. ”വൈരാഗ്യാദഭ്യാസാച്ച” എന്ന് സാംഖ്യസൂത്രത്തിലും ”അഭ്യാസവൈരാഗ്യാഭ്യാംതന്നിരോധഃ” എന്ന് പതഞ്ജലിയോഗസൂത്രത്തിലും അഭ്യാസവൈരാഗ്യങ്ങളുടെ പ്രാധാന്യത്തെ സശ്രദ്ധം വീക്ഷിച്ചിരിക്കുന്നു.
”അസംശയം മഹാബാഹോ
മനോദൂര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ” – അല്ലയോ മഹാബാഹോ (അര്‍ജുന) മനസ്സിനെ അടക്കാന്‍ എളുപ്പമല്ല. ചലിച്ചുകൊണ്ടിരിക്കുകയെന്നത് അതിന്റെ സ്വഭാവവുമാണ്, സംശയമില്ല. എങ്കിലും, ഹേ കുന്തീപുത്രാ അഭ്യസംകൊണ്ടും വൈരാഗ്യംകൊണ്ടും മനസ്സിനെ നിരോധിക്കാന്‍ കഴിയും’ – എന്ന് ഭഗവദ്ഗീത നല്‍കുന്ന സജുപദേശം എത്രകണ്ട് ശ്രേഷ്ഠമാണെന്ന് ഗ്രഹിക്കേണ്ടതാണ്.
മഹര്‍ഷി അരവിന്ദഘോഷ് യോഗയുടെ പരിണാമഗുപ്തിയില്‍ സംഭവിക്കുന്ന അനുഭൂതിയെ വര്‍ണിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘We know the divine, and become the divine, because we are that already in our secret nature. All teaching is a revealing, all becoming is an unfolding. Self – attainment is the secret; self – knowledge and increasing consciousness are the means and the process”.
വിവിധ യോഗമാര്‍ഗചാരികളില്‍ കാണുന്ന മത്സരങ്ങളെ ദൂരീകരിക്കാന്‍ ശ്രുതിവാക്യം ഉദ്ധരിച്ചുകൊണ്ടിങ്ങനെ പറയുന്നു. ”ശ്രോതവ്യസ്യ ശ്രുതസ്യ ച”. (He is Sadhaka at the infinite.) സമഷ്ടി-വ്യഷ്ടിശക്തികളെ സമന്വയിപ്പിച്ചുകൊണ്ട് സാധകന്‍ അനുഷ്ഠിക്കുന്ന സാധനാക്രമങ്ങളിലടങ്ങിയിട്ടുള്ള ഏകത്വം എന്താണെന്ന് കാണുച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ തുടരുന്നു. ”For the force that works in him-is impersonal – or super personal – and infinite”. യോഗമാര്‍ഗങ്ങള്‍ പലതാണെങ്കില്‍കൂടി യോഗസങ്കല്പത്തിലടങ്ങിയിട്ടു#്‌ള ഏകത്വം വ്യക്തമാക്കുന്ന അതിവിശാലമായഭാവം മഹര്‍ഷി അസന്ദിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നു. യോഗം, ജ്ഞാനം, കര്‍മം, ധ്യാനം, മന്ത്രം, മതവ്യത്യാസങ്ങള്‍, ഭൗതികം, അധ്യാത്മം, ഈശ്വരം, നിരീശ്വരം എന്നിങ്ങനെയുള്ള വൈവിധ്യങ്ങളെ മുഴുവന്‍ ക്രോഡീകരിച്ചിരിക്കുന്ന അധീശശക്തിയാണ് യോഗസങ്കല്പത്തിന്റെ ആചാര്യനെന്ന് വിധിയെഴുതുമ്പോള്‍ യോഗയെപ്പറ്റിയുള്ള പരിമിതികളെ ഭേദിച്ചുകൊണ്ട് വളര്‍ന്നെത്തുന്ന സര്‍വവ്യാപിത്വം വ്യക്തിയേയും വിശ്വത്തേയും ഒരേപോലെ സ്വാധീനിക്കുന്നതായിക്കാണാം. ”The absolute of the thinker, the un-knowable of the agnostic, the universal force of the materialist, the supreme soul and the Supreme Sakthi, the who is differently named and imaged by the religions, is the master of our yoga. It is the conversion of the human soul into divine soul and of natural life into divine living”.
ഹിന്ദുമതത്തില്‍ അദ്ധ്യാത്മചിന്താമാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യുകയും ഉപദേശിക്കുകയുംചെയ്യുന്ന ആത്മസങ്കല്പം ഇഷ്ടദേവത, അവതാരം, ഗുരു, എന്നീ പൂജനീയസങ്കല്പങ്ങളില്‍ അധിഷ്ഠിതമായിരിക്കുന്നു. ”The Hindu dicipline of spirituality provides for this need at the soul by the conceptions of the ‘Ishta Devatha” ‘The Avatar” And ‘The Guru”
ഇഷ്ടദേവതാധ്യാനവും ഉപാസനയും താഴ്ന്നതലങ്ങളിലെ ശക്തിസങ്കല്പങ്ങളല്ല. രൂപനാമങ്ങളിലൂടെ പ്രതിബിംബിക്കുന്ന പ്രപഞ്ചത്തിന്റെ അധീനശക്തി തന്നെയാണ് ദേവത. വിവിധതലങ്ങളെയും മണ്ഡലങ്ങളെയും സൃഷ്ടിച്ച് സാധകന്റെ മാര്‍ഗത്തില്‍ ആഭിജാത്യവ്യത്യാസം അഴിച്ചുവിടുന്ന ചില നിരൂപകന്‍മാരുടെ വിലകുറഞ്ഞ ചിന്താമണ്ഡലം യോഗസങ്കല്പത്തിലൂടെ കോര്‍ത്തിണക്കുന്ന വൈവിധ്യങ്ങളെ ആക്ഷേപിക്കുന്നവയാണ്. ആക്ഷേപിക്കപ്പെടുന്നവയും ആക്ഷേപിക്കുന്നവനും തമ്മിലുള്ള വ്യത്യാസം രൂപനാമങ്ങളിലുള്ള സങ്കീര്‍ണ്ണതയാണെന്ന് ഉപനിഷത്ത് തന്നെ പറയുന്നു.
Discussion about this post