കീവ്: ദക്ഷിണ യുക്രെയിനിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നോവകഖോവ്ക ഡാം തകര്‍ന്നു. അണക്കെട്ട് തകര്‍ത്തത് റഷ്യയാണെന്നാണ് യുക്രെയിന്‍ ആരോപിക്കുന്നത്. റഷ്യന്‍ സൈന്യം നടത്തിയ ‘ഇക്കോസൈഡ്’ എന്നാണ് യുക്രെയിനിലെ പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം യുക്രെയിന്റെതാണെന്നാണ് റഷ്യയുടെ ആരോപണം. അണക്കെട്ട് തകര്‍ന്ന് വെള്ളം ഒഴുക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
30മീറ്റര്‍ ഉയരവും 3.2കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് ഡിനിപ്രോ നദിക്ക് കുറുകെ 1956ലാണ് നിര്‍മ്മിച്ചത്. ഇവിടെയാണ് കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഡാം തകര്‍ന്നതോടെ അടുത്തുള്ള പ്രദേശങ്ങളിലേയ്ക്ക് വെള്ളം ഒഴുകിയെത്തി. അടുത്ത അഞ്ച് മണിക്കൂറില്‍ ജലനിരപ്പ് ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. ഡിനിപ്രോ നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള 19 ഗ്രാമങ്ങളിലും കെര്‍സണ്‍ നഗരത്തിന്റെ ഒരു ഭാഗവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ ആളുകളെ ഒ ഴിപ്പിച്ചു തുടങ്ങി.
ക്രീമിയയിലെ വിവിധയിടങ്ങളിലേയ്ക്ക് ജലവിതരണം നടത്തുന്ന അണക്കെട്ടാണ് ഇത്. 2014മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്. ഈ അണക്കെട്ടില്‍ നിന്നാണ് സപ്പോരിജിയ ആണവനിലയത്തിലേയ്ക്ക് വെള്ളം എത്തിക്കുന്നത്. അണക്കെട്ട് തകര്‍ന്നത് ആണവനിലയത്തെ ബാധിച്ചില്ലെന്നും എന്നാലും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു.
Discussion about this post