ന്യൂയോര്‍ക്ക്: ലോക കേരളസഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ന്യൂയോര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പ്രതിനിധികളുടെ രജിസ്‌ട്രേഷനും സൗഹൃദ സമ്മേളനവും ഇന്നലെ പൂര്‍ത്തിയായിരുന്നു.
വിവാദങ്ങള്‍ക്കിടെയാണ് ലോക കേരള സഭയുടെ അമേരിക്കന്‍ മേഖല സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് സമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും വീഡിയോ പ്രദര്‍ശനവും ഇന്നുണ്ടാകും.
പി.ശ്രീരാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ‘അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍; വിപുലീകരണ സാദ്ധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം സഭ ചര്‍ച്ച ചെയ്യും. ജോണ്‍ ബ്രിട്ടാസ് എം പി ‘നവ കേരളം എങ്ങോട്ട്-അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാദ്ധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും. അമേരിക്കന്‍ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് സമ്മേളനത്തില്‍ ഉണ്ടാവുക.ഇന്നലെ പ്രതിനിധികളുടെ രജിസ്‌ട്രേഷനും സൗഹൃദ സമ്മേളനവും പൂര്‍ത്തിയായിരുന്നു. നാളെ, മുഖ്യമന്ത്രി അമേരിക്കയിലെ മലയാളികളെ അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കിലെ പരിപാടി കഴിഞ്ഞ് വാഷിംഗ്ടണ്‍ ഡിസിയും ക്യൂബയും സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി നാട്ടിലേക്ക് തിരിക്കും.
Discussion about this post