പുരാണങ്ങളിലൂടെ…
അനസൂയയുടെ ഭര്‍ത്താവായ ബ്രഹ്മജ്ഞാനിയും താപസനുമായ അത്രി മഹര്‍ഷി ബ്രഹ്മാവ് നിര്‍ദ്ദേശിച്ചതനുസരിച്ച് പത്‌നീസഹിതനായി ഋക്ഷകുലം എന്ന പര്‍വതത്തില്‍ പോയി പുത്രലാഭാര്‍ത്ഥം ഘോരതപസ്സനുഷ്ഠിച്ചു. ആ തപസ്സിന്റെ മഹത്വം മാനിച്ച് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ പോയി. ആ ത്രിമൂര്‍ത്തികള്‍ പറഞ്ഞു – ഞങ്ങളുടെ അംശത്തില്‍ നിന്നും നിങ്ങള്‍ക്കൊരു പുത്രനുണ്ടാകും. ത്രിലോകത്തിലും വിഖ്യാതനായ അവന്‍ മാതാപിതാക്കളുടെ യശസ്സ് വര്‍ദ്ധിപ്പിയ്ക്കും. ഇത്രയും പറഞ്ഞ ത്രിമൂര്‍ത്തികള്‍ അപ്രത്യക്ഷരായി. ബ്രഹ്മാവിന്റെ അംശത്തില്‍ നിന്നും ചന്ദ്രമയുണ്ടായി.
വിഷ്ണുവിന്റെ അംശത്തില്‍ നിന്നും സന്യാസ പദ്ധതി പ്രചാരകനായ ദത്തമഹാമുനിയുണ്ടായി. രുദ്രന്റെ അംശത്തില്‍ നിന്നും ദുര്‍വാസാവ് ജന്മം പൂണ്ടു. ഒരിയ്ക്കല്‍ അംബരീക്ഷന്റെ നെറ്റിത്തടത്തില്‍ നിന്നും പുറപ്പെട്ട സുദര്‍ശനചക്രം ദുര്‍വാസാവിനെ മൂന്നു ലോകത്തിലും ഓടിച്ചു. അംബരീക്ഷന്റെ തപസ്സു മുടക്കുവാന്‍ വേണ്ടി ഇന്ദ്രനാണ് ദുര്‍വാസാവിനെ അംബരീക്ഷന്റെ അടുത്തുവിട്ടത്. ദുര്‍വാസാവിനെ അംബരീക്ഷന്‍ വേണ്ടുംവിധം ഉപചരിച്ചു. എന്നിട്ട് സ്‌നാനാദികള്‍ നടത്തിവരാന്‍ കാളിന്ദീ തീരത്തേയ്ക്കയച്ചു.
കൊട്ടാരത്തില്‍ നടക്കുന്ന വ്രതാചാരങ്ങള്‍ തീരുന്നതുവരെ ദുര്‍വാസാവ് കാളിന്ദീ തീരത്തില്‍ കഴിച്ചുകൂട്ടി. ഇതിനിടയില്‍ അംബരീക്ഷന്‍ യജ്ഞഫലം പങ്കുവച്ചു. ദുര്‍വാസാവ് സ്ഥലത്തില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാഗം മാറ്റിവച്ചു. മടങ്ങിയെത്തിയ ദുര്‍വാസാവ് തനിയ്ക്ക് മാറ്റിവച്ചിരിയ്ക്കുന്ന യജ്ഞഫലം ഉച്ചിഷ്ടമാണെന്നു പറഞ്ഞ് അംബരീക്ഷനോട് കലഹിച്ചു. ആ അവസരത്തിലാണ് അംബരീക്ഷന്റെ നെറ്റിയില്‍ നിന്നും സുദര്‍ശനചക്രം ആവിര്‍ഭാവമാക്കിയിട്ട് ദുര്‍വാസാവിനെ തുരത്തിയത്. ഒടുവില്‍ അംബരീക്ഷന്‍ തന്നെ ദുര്‍വാസാവിന് അഭയം കൊടുക്കേണ്ടിവന്നു. ഈ ദുര്‍വാസാവിനെ സംബന്ധിയ്ക്കുന്ന രസകരമായ മറ്റൊരു സംഭവവും ഉണ്ട്. ഒരിയ്ക്കല്‍ യമനും ശ്രീരാമനുമായി കൊട്ടാരത്തിനുള്ളില്‍ ഒരു സംഭാഷണം നടക്കുകയായിരുന്നു. സംഭാഷണമദ്ധ്യേ ആരും ഇവിടെ കടന്നുവരരുതെന്നും അപ്രകാരം സംഭവിച്ചാല്‍ ആരായാലും അവരെ ത്യജിയ്ക്കണമെന്നും യമന്‍ ശ്രീരാമചന്ദ്രനോട് സന്ധി ചെയ്തിരുന്നു. അകത്തളത്തില്‍ യമനുമായി സംഭാഷണം നടക്കവേ ലക്ഷ്മണന്‍ അവിടെ ചെന്നു. ഈ ലക്ഷ്മണനെ ആ അവസരം ശ്രീരാമചന്ദ്രന്റെ അടുത്തേയ്ക്ക് പറഞ്ഞുവിട്ടത് ദുര്‍വാസാവായിരുന്നു.
ഭഗവാന്‍ ശ്രീകൃഷ്ണനുമായും ദുര്‍വാസാവിനെ ബന്ധിപ്പിയ്ക്കുന്ന ഒരു കഥയുണ്ട്. ഒരിയ്ക്കല്‍ ദുര്‍വാസാവ് ദ്വാരകയില്‍ ചെന്നു. ശ്രീകൃഷണനും രുഗ്മിണിയും അദ്ദേഹത്തെ വേണ്ടും വിധം സ്വീകരിച്ചു. ദുര്‍വാസാവ് തന്നെ ധിക്കരിയ്ക്കാന്‍ വേണ്ടുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ചിലപ്പോള്‍ അത്യല്പമായ ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. മറ്റു ചിലപ്പോള്‍ സംഭരിയ്ക്കാന്‍ പ്രയാസമുള്ള അളവില്‍ ഭക്ഷണമാവശ്യപ്പെട്ടിരുന്നു. ചിലപ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിയിട്ടുപൊട്ടിച്ചിരുന്നു. എന്തു ചെയ്തിട്ടും ശ്രീകൃഷ്ണന്‍ അപ്രിയം പറഞ്ഞില്ല. ഒരിയ്ക്കല്‍ പായസം വേണമെന്നാവശ്യപ്പെട്ടു. പായസം വച്ചുകഴിഞ്ഞപ്പോള്‍ അതു മുഴുവന്‍ കൃഷ്ണന്‍ തന്റെ ശരീരത്തില്‍ പുരട്ടണമെന്ന് കല്പിച്ചു. അതും കൃഷ്ണന്‍ അനുസരിച്ചു. തുടര്‍ന്ന് രുഗ്മിണിയെയും കൃഷ്ണനെയും ദുര്‍വാസാവ് രഥത്തില്‍ പൂട്ടി. അവര്‍ രഥം വലിയ്ക്കവെ അവരെ ചാട്ടവാറിനടിച്ചു. അതിലും കൃഷ്ണനും രുഗ്മിണിയ്ക്കും പരാതിയില്ലായിരുന്നു. രഥം വനത്തിലെത്തിയപ്പോള്‍ ദുരവാസാവ് കൃഷ്ണനെ അനുഗ്രഹിച്ചു. പായസം പുരണ്ട ഭാഗം ഒരിയ്ക്കലും അസ്ത്രശസ്ത്രങ്ങള്‍ക്ക് വഴങ്ങുകയില്ലെന്ന വരവും കൊടുത്തു. പാദത്തിന്റെ അടിഭാഗത്തിലൊഴികെ മറ്റെല്ലാ ഭാഗത്തും കൃഷ്ണന്‍ പായസം പൂശിയിരുന്നു. പായസം പുരളാതിരുന്ന പാദത്തിലമ്പേറ്റാണ് കൃഷ്ണന്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ത്യജിച്ചത്.
ഹനുമത് രൂപത്തിലും ശിവഭഗവാന്‍ പല ലീലകളും കാട്ടിയിട്ടുണ്ട്. ഈ രൂപത്തിലാണ് മഹേശ്വരന്‍ രാമഹിതമാചരിച്ചത്. ഒരിയ്ക്കല്‍ അത്ഭുത ലീലാവിലാസങ്ങളുള്ള ഭഗവാന്‍ ശിവശങ്കരന് വിഷ്ണുവിന്റെ മോഹിനി രൂപം കാണാനിടവന്നു. ആ അവസരത്തില്‍ മഹാദേവന്‍ കാമബാണങ്ങളാല്‍ തറയ്ക്കപ്പെട്ടവനായി. ആ സമയമുണ്ടായ ശിവ വീര്യത്തെ സപ്തര്‍ഷിമാര്‍ ഒരു കടലാസു ചിമിഴില്‍ സൂക്ഷിച്ചു. പിന്നീടത് ആ മഹര്‍ഷിമാര്‍ രാമകാര്യത്തിനുവേണ്ടി ഗൗതമ കന്യകയായ അഞ്ജലയില്‍ സ്ഥാപിച്ചു. കാലം കടന്നുപോയപ്പോള്‍ ആ വീര്യം ബലപരാക്രമ സമ്പന്നനായ വാനര ശരീരത്തോടുകൂടിയ ശിവതേജസ്സായി ജന്മം പൂണ്ടു. ആ കുട്ടിയുടെ പേര് ഹനുമാനെന്നിട്ടു. ശിശുവായ ഹനുമാന് ഉദയസൂര്യന്‍ ഒരു സ്വാദിഷ്ട ഫലമാണെന്നു തോന്നി. ശിശുവായ ഹനുമാന്‍ ചാടി കുതിച്ചു ചെന്ന് ആ സൂര്യഗോളത്തെ വിഴുങ്ങിക്കളഞ്ഞു. ദേവന്മാരുടെ പ്രാര്‍ത്ഥന കേട്ടപ്പോഴാണ് അത് സൂര്യനാണെന്ന് ഹനുമാന് മനസ്സിലായത്. ഉടനെ അദ്ദേഹം സൂര്യനെ ഛര്‍ദ്ദിച്ചു പുറത്താക്കി. എല്ലാവരാലും ബഹുമാനിയ്ക്കപ്പെട്ട ഹനുമാന്‍ തന്റെ അമ്മയുടെ അടുക്കലേയ്ക്കു പോയി തന്റെ വൃത്താന്തമെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ശിവന്റെ അടുക്കല്‍ പോയി സമസ്ത വിദ്യകളും അഭ്യസിച്ചു. അനന്തരം സൂര്യന്റെ ആജ്ഞയനുസരിച്ച് രുദ്രാംശമായ ഹനുമാന്‍ സൂര്യാംശമായ സുഗ്രീവന്റെ അടുക്കലേയ്ക്കു പോയി. കപിശ്രേഷ്ഠനായ ഹനുമാന്‍ ധാരാളം രാമകാര്യങ്ങള്‍ ചെയ്ത് തീര്‍ത്തിട്ടുണ്ട്. ധാരാളം അസുരന്മാരെ നിഗ്രഹിച്ചിട്ടുണ്ട്. ഈ ഭൂതകാലത്തില്‍ രാമഭക്തി സ്ഥാപിച്ചത് ഹനുമാനാണ്. സ്വയം ഹനുമാന്‍ തന്നെ ഒരു ഭക്താഗ്രണിയായിരുന്നു.
ജന്മമെടുത്തവരെല്ലാം ആ ശരീരം ത്യജിയ്ക്കണം. ജീവാത്മാവിന്റെ താല്ക്കാലിക സങ്കേതമാണ് ശരീരം. അണു മുതല്‍ ആനവരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു നിയമമേയുള്ളൂ. ശരീരം സ്വീകരിയ്ക്കുന്നതവതാരമായിട്ടാണെങ്കിലും അതും ത്യാജ്യം തന്നെ. നശ്വരം ഒരു പ്രക്രിയ കൊണ്ടും അനശ്വരമാക്കാന്‍ പറ്റുകയില്ല. കൃഷ്ണാവതാരമുള്‍ക്കൊണ്ട ആ ശരീരവും അതുകൊണ്ടു നശ്വരം തന്നെ. ഏതു സംരക്ഷണവലയത്തെയും അതിസൂക്ഷ്മമായിട്ടാണെങ്കിലും അതിനെ വിദാരണം ചെയ്തുകൊണ്ട് സ്വാഭാവിക നാശം അവിടെ കുടികൊണ്ടിരിയ്ക്കും. പായസലേപനം കൊണ്ട് നശ്വരമായ ശരീരത്തെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനശ്വരമാക്കി എങ്കിലും പാദത്തിന്റെ അധോഭാഗം ആ ലേപനം സ്വീകരിയ്ക്കാതെ നശ്വരത്തിന്റെ നാശത്തിന് വഴിതുറന്നുകൊടുത്തു. അതുകൊണ്ട് അസാധ്യമായത് സാദ്ധ്യമാക്കാനുള്ള പ്രവൃത്തിയല്ല ഈ ജീവിതത്തിലനുഷ്ഠിയ്‌ക്കേണ്ടത് സാധ്യമായത് സാധ്യമാക്കുമ്പോള്‍ അത്യന്തം അനുകൂലമായൊരു അവസ്ഥാവിശേഷം സൃഷ്ടിയ്ക്കാന്‍ കഴിയണം. ആകയാല്‍ അനിവാര്യമായ ശരീര ത്യാഗമുണ്ടാകുമ്പോള്‍ പ്രാണന്‍ ശ്രേഷ്ഠ വാസനാബലസഹചരനായി നിത്യമുക്തനാകണം. ദുര്‍വാസാവിലൂടെ രാമനെ പരീക്ഷിച്ചതും രാമനിലെ സത്യവ്രതഭാവം എടുത്തുകാണിയ്ക്കാനാണ്. ധര്‍മ്മപഥത്തിലുറച്ചുനിന്നില്ലെങ്കില്‍ ഒരുവന് ശക്തി പ്രദാനം ചെയ്യുന്ന സ്രോതസ്സു തന്നെ അയാള്‍ക്ക് എതിരായി തീരും. ശിവപ്രസാദത്താല്‍ ശക്തിയാര്‍ജ്ജിച്ച മഹാശിവഭക്തനായ രാവണന്റെ അഹങ്കരാം ശമിപ്പിയ്ക്കുന്നതില്‍ ശിവാംശാവതാരമായ ഹനുമാന്റെ പങ്ക് ഇക്കാര്യം വ്യക്തമാക്കുന്നു.
Discussion about this post