ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജധര്‍മ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം. (അയോദ്ധ്യാകാണ്ഡം-ലക്ഷ്മണോപദേശം)
ജന്തുവര്‍ഗ്ഗങ്ങളില്‍ മോക്ഷം അഥവാ സ്വാതന്ത്ര്യം ലക്ഷ്യമായിട്ടുള്ളവന്‍ മനുഷ്യന്‍ മാത്രമാണ്. ഈശ്വരാഭിമുഖമായ അറിവുകൊണ്ടു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ. മോക്ഷത്തിന് അഥവാ സ്വാതന്ത്ര്യത്തിന് എതിരേ നില്‍ക്കുന്ന ശത്രുക്കളാണ് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെ ആറു പേരുകളിലറിയപ്പെടുന്ന വികാരങ്ങള്‍ (‘ഷഡ്‌വികാരങ്ങള്‍’). ‘ഷഡൂര്‍മ്മികളെ’ന്നും ഇവയെ വിളിക്കാറുണ്ട്. ‘ഊര്‍മ്മി’ എന്ന വാക്കിന് തിരമാല എന്നാണര്‍ത്ഥം. ആഞ്ഞടിക്കുന്ന തിരമാലകളാണ് മേല്പറഞ്ഞ ആറുവികാരങ്ങള്‍. അതില്‍ രണ്ടാം സ്ഥാനം ക്രോധത്തിനാണ് നല്‍കിയിട്ടുള്ളത്.
‘മുക്തിയ്ക്ക് വിഘ്‌നം വരുത്തുവാന്‍ എത്രയും ശക്തിയുള്ളോന്നതില്‍ ക്രോധമറിക നീ’ എന്ന് ലക്ഷ്‌ണോപദേശത്തില്‍ത്തന്നെ ക്രോധത്തിന്റെ സംഹാരശക്തിയെ എടുത്തു പറയുന്നുണ്ട്. കാമത്തില്‍ നിന്ന് ക്രോധവും, ക്രോധത്തില്‍ നിന്ന് മോഹവും, മോഹം കൊണ്ട് സ്മൃതിഭ്രംശവും, സര്‍വ്വനാശവും സംഭവിക്കുന്നതായി ശ്രീകൃഷ്ണപരമാത്മാവിന്റെ വാക്കുകള്‍ രാമന്റെ വാക്കുകളോടൊപ്പം ഓര്‍മ്മിക്കുന്നത് നല്ലതാണ്.
ദേഹാഭിമാനം കൊണ്ട് മോഹവും രോഷവും സംഭവിക്കുന്നു. സര്‍വ്വ മോഹങ്ങളുടെയും മാതാവായ അവിദ്യ ദേഹാഭിമാനത്തിന്റെ ഉല്‍പ്പന്നമാണ്. സംസാരദുഃഖത്തിന് കാരണമായത് അവിദ്യയും സംസാരദുഃഖത്തെ നശിപ്പിക്കുന്നത് വിദ്യയുമാണെന്ന് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ വാക്കുകള്‍ സദാപി സ്മരണീയമാണ്. മോക്ഷം കരഗതമാകുവാന്‍ സംസാര നാശിനിയായ വിദ്യാഭ്യാസമാണാവശ്യം. ഏകാഗ്രമായി ശ്രദ്ധാപൂര്‍വ്വം ചെയ്യുന്ന ഈശ്വരാഭിമുഖമായ പരിശീലനമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. ഈ വിദ്യാഭ്യാസത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പരിശീലനമാണ് സംസാരകാരിണിയായ അവിദ്യാഭ്യാസം. ഇന്ന് നമ്മുടെ കലാശാലകളിലും മറ്റ് സ്ഥാപനങ്ങളിലും കാണുന്നത് മേല്പറഞ്ഞ രീതിയിലുള്ള അവിദ്യാഭ്യാസമാണ്.
അവിദ്യയുടെ ബലവാനായ സന്തതിയാണ് ക്രോധം. സമൂഹത്തില്‍ ക്രോധം വിതച്ച വിനകള്‍ അനേകങ്ങളാണ്. ചരിത്രത്തിലെ മഹായുദ്ധങ്ങളിലും ഈ ക്രോധം സ്ഥാനം പിടിച്ചിട്ടുണ്ട്. കുടുംബനാശങ്ങള്‍ വരുത്തിയിട്ടുള്ളതും കുറവൊന്നുമല്ല. അമ്മയെ കൊല്ലുന്നതിന് മടിക്കാത്ത പുത്രനാണ് ക്രോധം. അച്ഛനെയും സഹോദരങ്ങളെയം സഖികളെയും നിഗ്രഹിക്കുന്നതില്‍ ക്രോധത്തിന് യാതൊരു പ്രയാസവുമില്ല. സര്‍വ്വദുഃഖങ്ങളുടെയും കാരണവും ക്രോധം മാത്രമാണ്. ജന്മകോടികള്‍ ആവര്‍ത്തിക്കുന്നതിനും മഹാപാതകങ്ങളില്‍ നിപതിക്കുന്നതിനും ക്രോധം തന്നെയാണ് കാരണം. സര്‍വ്വധര്‍മ്മങ്ങളെയും നശിപ്പിക്കുന്നതും കര്‍മ്മങ്ങളെ അകര്‍മ്മങ്ങളാക്കുന്നതും ക്രോധമാണ്. ആയതിനാല്‍, പ്രത്യേകിച്ച് കലിയുഗത്തില്‍, ക്രോധത്തെ സര്‍വ്വശക്തിയുമുപയോഗിച്ച് പരാജയപ്പെടുത്തണം.
Discussion about this post