പണ്ഡിതരത്‌നം ഡോ.ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍
ഗോപഃ കക്ഷഗതം ഛാഗം യഥാകൂപേഷ്ഠ ദുര്‍മതിഃ
സര്‍വവേദാന്ത സിദ്ധാന്ത സാരസംഗ്രഹം 291
മനസ്സാന്നിദ്ധ്യമില്ലാത്ത ആട്ടിടയന്‍ സ്വന്തം കക്ഷത്തിരിയ്ക്കുന്ന ആട്ടിന്‍ കുട്ടിയെ കിണറുകളില്‍ അന്വേഷിയ്ക്കുന്നതുപോലെ. ആത്യന്തിക ദുഃഖനിവൃത്തിയായ ബ്രഹ്മപഥത്തെ തിരക്കി സാധകന്മാര്‍ അലഞ്ഞുനടക്കുന്നു. മലമുകളിലും ഹിമാലയത്തും ഗുഹകളിലും പുണ്യതീര്‍ത്ഥങ്ങളിലും അമ്പലങ്ങളിലുമെല്ലാം അവര്‍ ബ്രഹ്മത്തെ അന്വേഷിയ്ക്കുന്നു. അപ്രകാരം അന്വേഷിച്ച് അലഞ്ഞുനടക്കുന്ന മോക്ഷാര്‍ത്ഥികളെ ശ്രീശങ്കരന്‍ ഇവിടെ കളിയാക്കുകയാണ്.
ആട്ടിടയന്മാര്‍ ആട്ടിന്‍ കൂട്ടത്തെ മേയുന്നതിന് വേണ്ടി കുറ്റിക്കാടുകളില്‍ കൊണ്ടുപോകാറുണ്ട്. ഈ അവസരത്തില്‍ ദീര്‍ഘദൂരം നടക്കാന്‍ പറ്റാത്ത ആട്ടിന്‍കുട്ടികളെ ഇടയന്മാര്‍ ആട്ടിന്‍കൂട്ടത്തിന്റെ പിന്നാലെ എടുത്തുകൊണ്ട് നടക്കാറുണ്ട്. ആട്ടിന്‍ പറ്റത്തെ തിരികെക്കൊണ്ടുപോകുന്നവേളയില്‍ എണ്ണിനോക്കി എല്ലാമുണ്ടെന്ന കാര്യം തീര്‍ച്ചയാക്കാറുമുണ്ട്. ഇപ്രകാരം എണ്ണിനോക്കുന്നവേളയില്‍ അശ്രദ്ധമൂലം തന്റെ കക്ഷത്തിരിയ്ക്കുന്ന ആട്ടിന്‍കുട്ടിയെ കണക്കില്‍പ്പെടുത്താതിരിയ്ക്കുന്നു. ആട്ടിന്‍കുട്ടിയുടെ കുറവു കണ്ട് ആ ഇടയന്‍ അതിനെ അന്വേഷിച്ച് അലയുന്നു. ആട്ടിന്‍കുട്ടി മേഞ്ഞു നടന്നപ്പോള്‍ പൊട്ടക്കിണറ്റില്‍ വീണുകാണും എന്ന് വിചാരിച്ച് കിണറുകളിലെല്ലാം എത്തിനോക്കുന്നു. ഇപ്രകാരം അന്വേഷിച്ചു നടക്കുകയും കിണറുകളില്‍ എത്തിനോക്കുകയും ചെയ്യുന്ന വേളയിലെല്ലാം ആട് ഇടയന്റെ കക്ഷത്ത് തന്നെയുണ്ട്. മനസ്സാന്നിദ്ധ്യമില്ലാത്ത ഇടയന്‍ അത് മനസ്സിലാക്കുന്നില്ല.
അശ്രദ്ധമൂലമുള്ള ഈ അവസ്ഥ ചിലപ്പോള്‍ പലരിലും കാണാറുണ്ട്. കണ്ണട മുഖത്തുവച്ചുകൊണ്ട് എന്റെ കണ്ണട എവിടെ എന്ന് ചോദിയ്ക്കുന്ന ആളെ ചിലപ്പോള്‍ നാം കണ്ടെന്നുവരാം. ചിലപ്പോള്‍ താക്കോലോ പേനയെ കയ്യില്‍ പിടിച്ചുകൊണ്ടു തന്നെ അത് അന്വേഷിച്ചെന്നുവരും. മനസ്സാന്നിദ്ധ്യമില്ലാത്തത് കൊണ്ട് വന്നു ചേരുന്ന അശ്രദ്ധയാണ് ഇതിനു കാരണം. ആട്ടിടയന്റെ കാര്യം ഇവിടെ സൂചിപ്പിച്ചെന്നേയുള്ളൂ.
ആട്ടിന്‍കുട്ടിയെ കക്ഷത്തുവച്ചിട്ട് അതിനെ അന്വേഷിച്ചു നടക്കുന്ന ഈ ഉദാഹരണം ബ്രഹ്മജ്ഞാനം അന്വേഷിച്ച് മലയും ഗുഹയും കറങ്ങി നടക്കുന്നവരെ കളിയാക്കാന്‍ കൂടിയാണ്. ശമദമാദികളില്‍ അധിഷ്ഠിതമായ വൈരാഗ്യം ആര്‍ജ്ജിച്ച് ‘സോഹം’ എന്ന തന്മയീഭാവമാണ് ശ്രീശങ്കര സിദ്ധാന്തമനുസരിച്ച് ബ്രഹ്മപദ പ്രാപ്തി.
Discussion about this post