ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
കാലാവലോകനം കാര്യസാദ്ധ്യം നൃണാം
കാലസ്വരൂപനല്ലോ പരമേശ്വരന്‍
(അയോദ്ധ്യാകാണ്ഡം – നാരദ രാഘവ സംവാദം)
ദശരഥ മഹാരാജാവ് രാമനെ രാജാവായി വാഴിക്കാന്‍ തീരുമാനിച്ചു. വാര്‍ത്ത ദേവലോകത്തുമെത്തി. രാവണവധമാണ് അവതാരോദ്ദേശം. രാജാവായിക്കഴിഞ്ഞാല്‍ അത് നിര്‍വഹിക്കാനാവുകയില്ല എന്ന് ദേവന്മാര്‍ ഭയന്നു. രാവണവധം നിര്‍വഹിക്കാമെന്ന് ദേവന്മാര്‍ക്ക് വിഷ്ണുഭഗവാന്‍ കൊടുത്ത വരദാനവും സത്യവും ഓര്‍മ്മിപ്പിക്കണമെന്നവര്‍ തീരുമാനിച്ചു. മര്‍ത്ത്യജന്മം പലപ്പോഴും സത്യത്തെ മറക്കുന്നതിന് കാരണമാകുമെന്ന ജന്മപ്രകൃതവും അവര്‍ ഓര്‍മ്മിച്ചു. പരിഹാരത്തിനുവേണ്ടി നാരദമുനിയെ നിയോഗിച്ചു.
നാരദരാഘവ സംവാദത്തില്‍ ‘സത്യത്തെ ലംഘിക്കയില്ലൊരുനാളും ഞാന്‍‘ എന്ന് രാമന്‍ തന്റെ വാഗ്ദാനം ആവര്‍ത്തിച്ചുറപ്പിച്ചു. പല കാര്യങ്ങളും അനുയോജ്യമായ കാലത്തിനുവേണ്ടി കാത്തിരുന്നു ചെയ്യേണ്ടിവരുമെന്നാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അഭിപ്രായം.
‘കാലാവലോകനം കാര്യസാദ്ധ്യം നൃണാം‘ – ‘നൃണാം‘ എന്ന വാക്കിന് നരന്മാര്‍ക്ക് എന്നാണര്‍ത്ഥം. മനനം ചെയ്യാന്‍ കഴിവുള്ളവരാണ് മാനവര്‍. ഗുണദോഷങ്ങള്‍ വിവേചിച്ചറിയുന്നതിന് അനുകൂലവും പ്രതികൂലവുമായ അവസ്ഥകളെ വിലയിരുത്തേണ്ടിവരും. അതിവേഗവും അതിവാഞ്ഛയും കൊണ്ടുള്ള പ്രവര്‍ത്തനം ചിന്താജന്യമാകണമെന്നില്ല. അനവസരത്തില്‍ പലതും സംഭവിക്കാം. പലപ്പോഴും ഫലം അനിഷ്ടമായിത്തീരും. ആപത്തുകള്‍ പുറകെപ്പുറകെ വന്നുചേരും.
കാലം കര്‍മ്മങ്ങളെക്കൊണ്ടാണ് അറിയേണ്ടത്. കര്‍മ്മങ്ങള്‍ കൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ കാലം ഉണ്ടെന്ന് അറിയുകയില്ല. ഒരു ചിന്തയില്‍ നിന്ന് മറ്റൊരു ചിന്തയിലേക്കുള്ള പ്രയാണമാണ് സമയം. ഒരു കര്‍മ്മത്തില്‍നിന്ന് മറ്റൊരു കര്‍മ്മത്തിലേയ്ക്കുള്ള ജീവന്റെ സഞ്ചാരമാണ് സമയമായനുഭവപ്പെടുന്നത്. ബുദ്ധിയും മനസ്സും ഈ ദൂരത്തെ അളന്നു നിശ്ചയിക്കുന്നു. സമയം അങ്ങനെ ഉടലെടുക്കുന്നു.
‘കര്‍മ്മാണ്യഹം കരോ മീത്യദ്ധ്യാത്മനിഷ്ഠതയാ കൃതം കര്‍മ്മൈവ കര്‍മ്മ‘ – അദ്ധ്യാത്മനിഷ്ഠയോടുകൂടി ചെയ്യപ്പെടുന്ന പ്രവൃത്തി ഞാന്‍ ചെയ്യുന്നു എന്ന് ചിന്തിക്കുന്നതാണ് യഥാര്‍ത്ഥ കര്‍മ്മം. അല്ലാത്ത പ്രവൃത്തികളെല്ലാം അകര്‍മ്മങ്ങളാണെന്നു ഉപനിഷത്ത് ഘോഷിക്കുന്നു. അതുകൊണ്ട് കര്‍മ്മങ്ങള്‍ കാലാവലോകനത്തോടെ ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയില്‍ കാരണമെന്നും കാര്യമെന്നും രണ്ടു സങ്കല്പങ്ങളാണുള്ളത്. കാരണത്തെ ചിന്തിച്ചുവേണം കാര്യം സാധിക്കേണ്ടത്. ഈ കാര്യകാരണബന്ധം ക്രമപ്പെടുത്തുന്ന ചിന്തയാണ് കാലാവലോകനം കൊണ്ട് സൂചിപ്പിക്കുന്നത്. ഈശ്വരന്‍ ധര്‍മ്മകര്‍മ്മങ്ങളുടെ നിയന്താവാണ്. അതുകൊണ്ട് കാലസ്വരൂപനും ധര്‍മ്മസ്വരൂപനുമാണ്. കാര്യസാദ്ധ്യം ധര്‍മ്മകര്‍മ്മങ്ങളുടെ സാദ്ധ്യമാണ്. ആയതിനാല്‍ ധര്‍മ്മകര്‍മ്മ നിര്‍വഹണത്തിന് കാലാവലോകനം അനിവാര്യമാണ്.
Discussion about this post