രാമായണമാസാചരണം രാമായണ മഹാഗ്രന്ഥത്തിന്റെ മഹിമയെയാണ് കാണിക്കുന്നത്, മാസത്തിന്റെ മഹിമയെ അല്ല. രാമായണത്തെയോ തത്തുല്യമായ ഈശ്വരസങ്കല്‍പ്പങ്ങളെയോ മാറ്റി നിര്‍ത്തിയാല്‍ കര്‍ക്കടകമാസം ആരോഗ്യകരമായ ഒരു മാസമല്ല. കേരളത്തിലെ പഞ്ഞമാസം കര്‍ക്കടകമാണ്. വിവാഹം, ഗൃഹപ്രവേശം, വിദ്യാരംഭം തുടങ്ങിയുള്ള ശുഭകര്‍മ്മങ്ങള്‍ക്കും കര്‍ക്കടകം തെരഞ്ഞെടുക്കാറില്ല. എന്നിട്ടും രാമായണമാസമായി കര്‍ക്കടകം തെരഞ്ഞെടുത്തതെന്തുകൊണ്ട്?
കാലാവസ്ഥയനുസരിച്ച് ചിന്തിച്ചാല്‍ കര്‍ക്കടകമാസം ദക്ഷിണായനം ആരംഭിക്കുന്ന സമയമാണ്. കാറ്റും മഴയും ദാരിദ്ര്യവും കൊണ്ട് പ്രതികൂലമായ ഒരന്തരീക്ഷമാണപ്പോഴുള്ളത്. പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാവുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നതിനും ഈ മാസം പ്രേരകമാണ്. കാലാവസ്ഥയില്‍ വരുന്ന പ്രതികൂലമായ മാറ്റമാണ് ഇതിന് കാരണം. സസ്യജാലങ്ങളിലും,ജന്തുജാലങ്ങളിലും, മറ്റ് ജീവികളിലും, വൃക്ഷങ്ങളിലുമെല്ലാം ഈ മാറ്റം അനുഭവപ്പെടുന്നുണ്ട്. മനുഷ്യശരീരത്തിനും സാരമായ മാറ്റം സംഭവിക്കുന്നു. ഔഷധ സേവയ്ക്കും, പിഴിച്ചില്‍,ഉഴിച്ചില്‍ തുടങ്ങിയ ശരീര ചികിത്സകള്‍ക്കും ഈ സമയമാണ് ആയൂര്‍വേദ വിധി പ്രകാരം അനുകൂലമായിട്ടുള്ളത്.
സൂര്യന്റെ ഗമനാഗനമങ്ങള്‍ ദക്ഷിണായനരേഖയിലേക്കും അവിടെ നിന്നും ഭൂമദ്ധ്യരേഖയിലേക്കും ആരംഭിക്കുന്ന ഈ സമയം മനുഷ്യശരീരവുമായി പ്രത്യേക രീതിയില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
മനുഷ്യ ശരീരവും പ്രപഞ്ചവുമായി അഭേദ്യമായ ബന്ധമുണ്ട്. രണ്ടു ശരീരങ്ങളും പഞ്ചഭൂതമയങ്ങളാണ്. പ്രപഞ്ചശരീരത്തില്‍ അല്‍പ്പമായി വരുന്ന മാറ്റങ്ങള്‍ പോലും മനുഷ്യശരീരത്തിലും സമൂഹത്തിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്നു. പ്രാണനും ശരീരവുമായുള്ള ബന്ധത്തെ നിരൂപിച്ചാണ് ഈ വ്യതിയാനങ്ങള്‍ ദര്‍ശിക്കപ്പെട്ടിരിക്കുന്നത്. കാലപരിചിന്തനം ചെയ്തു നിജപ്പെടുത്തിയ നിയമങ്ങള്‍കൊണ്ട് മനുഷ്യജീവിതത്തെ സുഗമമാക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. അതിനാവശ്യമായ ഗോള നിരീക്ഷണ നിയമങ്ങള്‍ തന്നെ ധാരാളമുണ്ട്.
ഉത്തരായനം-ദക്ഷിണായനം, കറുത്തവാവ്, വെളുത്തവാവ്, വിഷു, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം എന്നീ പ്രകാരം പ്രപഞ്ചശരീരത്തില്‍ (Cosmic body) ഉണ്ടാകുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിജീവിതത്തിനും സമൂഹത്തിനുമുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെ ചര്‍ച്ച ചെയ്തു അനുകൂല തീരുമാനത്തിലെത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിങ്ങനെയുള്ള തേജോഗോളങ്ങളുടെ പരിക്രമണവുമായി മനുഷ്യ ജീവിതത്തെ ബന്ധപ്പെടുത്തി പരിശോധിച്ചാണ് ഭാരതീയ ശാസ്ത്രദര്‍ശനം രൂപപ്പെട്ടത്. മേല്‍പ്പറഞ്ഞ പ്രപഞ്ചസംഭവങ്ങളെ ആസ്പദിച്ചുള്ള മനുഷ്യനിരീക്ഷണവും മനുഷ്യശരീരത്തില്‍ ജീവനുണ്ടാകുന്ന അനുഭവങ്ങളും അതേ പേരുകള്‍ കൊണ്ടു തന്നെ ക്ലിപ്തപ്പെടുത്തിയിരിക്കുന്നു.
മധ്യരേഖയെ ആസ്പദമാക്കിയുള്ള ഉത്തരായന ദക്ഷിണായന രേഖകളെപ്പോലെ മനുഷ്യശരീരത്തിലും ചില ക്രമീകരണങ്ങളുണ്ട്. “ജാബാലദര്‍ശനോപരിഷത്ത”നുസരിച്ച് സുഷുമ്‌നാനാഡി ഭൂമധ്യരേഖയും ഇഡാനാഡീ ദക്ഷിണായനരേഖയും, പിംഗല ഉത്തരായന രേഖയുമാണ്. ദേഹത്തിലുള്ള നാഡീജാലം പോലെ ആകാശവീഥിയിലും നാഡീജാലമുണ്ട്. മിന്നല്‍ പായുന്ന നാഡീജാലത്തില്‍കൂടി എന്ന പ്രയോഗം തന്നെയുണ്ട്. ക്ഷീരപഥങ്ങള്‍ (Milky ways) എന്ന പ്രസിദ്ധമായ സഞ്ചാരപഥങ്ങള്‍ തന്നെയാണ് മേല്‍ പറഞ്ഞ നാഡീജാലങ്ങള്‍. സൗരയൂഥത്തിലെ കേന്ദ്ര സ്ഥാനിയനായ സൂര്യന്‍ മധ്യരേഖയില്‍ നില്‍ക്കുന്നതുപോലെ ശരീരത്തിലെ സുഷുമ്‌നയില്‍ പ്രാണസൂര്യസങ്കല്‍പ്പമാണുള്ളത്. ഇഡാനാഡിയെ ചന്ദ്രനാഡിയെന്നും പിംഗലാനാഡിയെ സൂര്യനാഡിയെന്നും വിളിക്കുന്നു. മനുഷ്യശരീരവും പ്രപഞ്ചശരീരവും നാഡികള്‍ മുഖേന ഇങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഇവയോടു ബന്ധപ്പെട്ടുനില്‍ക്കുന്ന മറ്റനേകം നാഡീജാലങ്ങള്‍ മനുഷ്യശരീരത്തിലും പ്രപഞ്ചശരീരത്തിലുമുണ്ട്. ഈ ലേഖനത്തില്‍ അത്രയും വിശദാംശങ്ങള്‍ ആവശ്യമില്ലാത്തതുകൊണ്ട് ഇവിടെ വിവരിക്കുന്നില്ല.
ആന്തരിക സൂര്യനായ പ്രാണനും ബാഹ്യസൂര്യനും ഒരുമിക്കുമ്പോഴാണ് പ്രപഞ്ചരഹസ്യം വെളിവാകുന്നത്. ഇതില്‍ എതെങ്കിലും ഒന്നുമാത്രം തനതായി നിലനില്‍പ്പില്ല. സൂര്യനില്ലെങ്കില്‍ ഉത്പന്നങ്ങളും ജീവരാശികളും നിലനില്‍ക്കുകയില്ലല്ലോ. ജീവനില്ലെങ്കില്‍ സൂര്യന്‍ ഉദിച്ചിട്ടു കാര്യമില്ല. അപ്പോള്‍ ജീവനും സൂര്യനും പൊതുവായ ഒരടിസ്ഥാന സങ്കല്‍പ്പം വേണ്ടതാണല്ലോ. അതുതന്നെയാണ് ആത്മാവ്, ബ്രഹ്മം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നത്.
പിംഗലയില്‍ നിന്ന് ഇഡയിലേക്കുള്ള പ്രാണസൂര്യന്റെ സഞ്ചാരഗതിയെ ഉത്തരായനം എന്നു വിളിക്കുന്നു. ഇതിനെടുക്കുന്ന സഞ്ചാര സമയമാണ് അയന സമയം.
ഇഡയില്‍ നിന്നു പിംഗലയിലേയ്ക്കുള്ള സഞ്ചാരത്തെ ദക്ഷിണായനം എന്നു വിളിക്കുന്നു. പ്രാണ ചലനം ഒരു സംവത്സരം ഇങ്ങനെ ശരീരത്തില്‍ പൂര്‍ത്തിയാവുന്നു. പ്രപഞ്ചശരീരത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇതുമൂലം ശരീരത്തോടു ബന്ധപ്പെട്ടു പ്രാണന് ഉണ്ടാകുന്ന പ്രധാന സംസ്‌കാരഗതിയെ രണ്ടായി തിരിച്ചു: ഭൗതികമെന്നും അധ്യാത്മികമെന്നും ഇഡയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണസൂര്യന്റെ പേര് അപാനനെന്നും പിംഗലാനാഡിയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണനെന്നുമാണ്. അതായത് ദക്ഷിണായനസൂര്യനും ഉത്തരായനസൂര്യനും തികച്ചും ശരീരത്തില്‍ സഞ്ചരിച്ച് കര്‍മ്മഭാരം വഹിച്ച് അശുദ്ധിയാര്‍ജിച്ചവനാണ്. അതുകൊണ്ട്, കര്‍മ്മബന്ധവും അഥവാ വിഷയസംബന്ധിയും ആകുന്നു. ഇത് കര്‍ക്കടകമാസാരംഭത്തിലാണ് പ്രപഞ്ചശരീരത്തിലും മനുഷ്യശരീരത്തിലും തുടക്കം കുറിക്കുന്നത്.
പിംഗലയിലൂടെ സഞ്ചരിയ്ക്കുന്ന പ്രാണസൂര്യന്‍ സ്വതന്ത്രനും ശുദ്ധനും ഈശ്വരാഭിമുഖ സംസ്‌കാരമുള്ളവനുമാണ്. ഇങ്ങനെ ബദ്ധവും മൂക്തവുമായ രണ്ടു സാംസ്‌കാരികാനുഭവങ്ങളില്‍പ്പെട്ട് പ്രാണന്‍ പാപഫലവും പുണ്യഫലവും അനുഭവിക്കുന്നു. ഇതില്‍ പാപ ഫലാനുഭവം ദക്ഷിണായന സംസ്‌കാരമാണ്. പുണ്യഫലനുഭവമാകട്ടെ, ഉത്തരായനസംസ്‌കാരവും. നിവര്‍ന്നു നില്‍ക്കുന്ന ഒരു മനുഷ്യന്റെ ചിത്രം വരച്ചാല്‍ ഉത്തരഭാഗം ശിരസ്സും ദക്ഷിണഭാഗം ഗുദവും ജനനേന്ദ്രിയവുമാണ്. ഈ രണ്ടു അയനങ്ങളിലും പ്രാണ സൂര്യന്‍ പ്രവര്‍ത്തിച്ചാലുള്ള അനുഭവം എടുത്തുപറയേണ്ടതില്ല. ജന്മകോടികള്‍ ആവര്‍ത്തിക്കുന്ന അനുഭവം സംസാര ദുഃഖാനുഭവം കൊണ്ട് ഉണ്ടാകുന്നു.
ജീവന്‍ അനന്തകോടി യോനികളില്‍ ജനിച്ച് അധഃപതനം മൂലം ദുഃഖം അനുഭവിക്കാന്‍ ഇടവരുന്നു;പുനര്‍ജന്മത്തിന് അവകാശിയായിത്തീരുന്നു. മരണദുഃഖവും ആവര്‍ത്തിക്കുന്നു. ജന്മജരാമരണാര്‍ത്തമായ മനുഷ്യജീവന്റെയും ദക്ഷിണായന സംസ്‌കാരം ഈ ഫലം തന്നെയാണ് നല്‍കുന്നത്. കാലാവസ്ഥയും ശരീരനിലയും വിഷയലോലുപ്തയ്ക്ക് ജന്തുജാലങ്ങള്‍ക്കുവരെ പ്രേരണ നല്‍കുനന സമയമാണ്. ഇതില്‍ നിന്ന് ജീവനെ മുക്തനാക്കേണ്ട ആവശ്യമുണ്ട്. അതിനാവശ്യമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഒന്നാണ് രാമായണപാരായണം. രാമനെ ആദര്‍ശപുരുഷനായും പരമാത്മാവായും അറിഞ്ഞാചരിക്കുന്നതുകൊണ്ട് മനസ്സിലെ ദക്ഷിണായന സംസ്‌കാരചലനങ്ങള്‍ (Material thought waves or negative thought waves) ഉത്തരായന സംസ്‌കാരികചലനങ്ങളെ (Spiritual thought waves or positive thought waves)സൃഷ്ടിക്കുന്നു.
തത്ഫലമായി കര്‍ക്കടക മാസം മുതല്‍ തുടങ്ങുന്ന ദുരിതപൂര്‍ണായ ദക്ഷിണായനാനുഭവങ്ങള്‍ക്ക് സാരമായ മാറ്റം കൈവരിയ്ക്കാന്‍ കഴിയുന്നു. ജന്തുജാലങ്ങളിലേയ്ക്ക് അധഃപതിച്ച മനുഷ്യന് കാലഭേദങ്ങളറിഞ്ഞ് ഉത്തമാധികാരിയായി വളരുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായ രാമായണപാരായണം കര്‍ക്കടകമാസത്തില്‍ ആരംഭിക്കുന്നത് ഇതുകൊണ്ടാണ്. നിത്യപാരായണം ദൃഢവ്രതമാക്കിയവന് കര്‍ക്കടകമാസമെന്ന പ്രത്യേകസങ്കല്‍പ്പത്തിന്റെ ആവശ്യം വരുന്നില്ല- കാരണം അവന്‍ നിത്യേന പ്രസാദാത്മകചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവനാണ്.
ഭൗതികഗോളശാസ്ത്രം ഭൗതികശാസ്ത്രവും, ആന്തരികഗോളശാസ്ത്രം, അധ്യാത്മശാസ്ത്രവുമാണ്. ഇവ രണ്ടും പൊരുത്തപ്പെട്ടാണ് പ്രപഞ്ചം എന്ന ബൃഹത്തും മഹത്തുമായ സങ്കല്‍പ്പം രൂപപ്പെട്ടിരിക്കുന്നത്. ദക്ഷിണായനാരംഭമായ കര്‍ക്കടകത്തിലാരംഭിക്കുന്ന ഈ പരിശ്രമം പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം,കന്നിമാസത്തിലെ നവരാത്രിവ്രതം, തുലാത്തിലെ ദീപാവലി തുടങ്ങിയ അനുഷ്ഠാനങ്ങള്‍, വൃശ്ചികത്തിലെ കാര്‍ത്തികവ്രതം, മണ്ഡലാചരണം, ധനുമാസത്തിലെ തിരുവാതിര (ഇതിനിടയില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ വന്നെത്തുന്ന വ്രതാനുഷ്ഠാനങ്ങള്‍, അതിനുപരി ഏകാദശ്യാദി മഹാവ്രതങ്ങള്‍) എല്ലാം തന്നെ പ്രപഞ്ചശരീരത്തിലെ തേജോഗോളങ്ങളോടും, ഭൂതങ്ങളോടും തല്‍സംബന്ധിയായ ദേവതകളോടും ബന്ധപ്പെട്ടു നില്‍ക്കുന്ന അനുഷ്ഠാനങ്ങളാണ്.
പ്രപഞ്ചശരീരത്തെ ഉപാസിക്കുകയും അതിലെ ദേവതാംശങ്ങളെ പ്രാണസംസ്‌കാരമാക്കി മാറ്റുകയും ചെയ്യുന്ന തികഞ്ഞ ശാസ്ത്രീയപരിശീലനമാണ് വ്രതാനുഷ്ഠാനങ്ങള്‍. ഇങ്ങനെ കര്‍ക്കടകത്തില്‍ തുടങ്ങി ആറാം മാസമായ മകരത്തിലെത്തുമ്പോള്‍ പൊങ്കലൂണിന്റെ സമയമാവുന്നു. സൂര്യനെ സംബന്ധിക്കുന്ന ഈ വ്രതസങ്കല്‍പ്പം പ്രാണസൂര്യനെയും പ്രപഞ്ചത്തിലെ ബാഹ്യസൂര്യനെയും നിബന്ധിപ്പിച്ചുള്ളതാണ്. ഇത്രയും കൊണ്ട് ജീവനുണ്ടാകുന്ന അധ്യാത്മിക വളര്‍ച്ചയും ആനന്ദവുമാണ് ഉത്സവമായി കുംഭം മീനം മാസങ്ങളില്‍ കൊണ്ടാടുന്നത്. ഉത്സവം എന്ന വാക്കിന് ഉയര്‍ത്തുന്നത്, അധ്യാത്മികമായി വളര്‍ത്തുന്നത് എന്നാണര്‍ത്ഥം. ഗാത്രക്ഷേത്രത്തില്‍ പ്രാണനുണ്ടായ ഈ ഉത്സവം പ്രപഞ്ചഗാത്രത്തിലും സംക്രമിപ്പിക്കുകയും ബന്ധപ്പെടുത്തുകയും ചെയ്യുന്നതാണ് ക്ഷേത്രോത്സവങ്ങള്‍.
കര്‍ക്കടകം മുതലുള്ള ആറുമാസത്തെ അനുഷ്ഠാനങ്ങളിലൂടെ പ്രാണസൂര്യന്‍ പ്രസന്നനാകുന്നതുപോലെ പ്രപഞ്ചസൂര്യനും കുംഭം മീനം മാസങ്ങളില്‍ ശക്തനും പ്രസന്നനുമായിതീരുന്നു. ഇവരണ്ടും സമ്മേളിപ്പിക്കുന്നതിനുള്ള കര്‍മ്മങ്ങളാണ് ഉത്സവകാലത്തു വേണ്ടതു. അതുകൊണ്ട് ജീവനുണ്ടാകുന്ന ഉയര്‍ച്ചയാണ് ഉത്സവം. ഇന്ന് അതിന് തികച്ചും വിപരീതമായ അനുഭവങ്ങളാണ് ഉത്സവം നശിപ്പിക്കുന്ന പ്രക്രിയകളായി കാണുന്നത്. സംവത്സബന്ധിയായ ഈ അനുഷ്ഠാനശാസ്ത്രത്തെ ആക്ഷേപിക്കുന്നവന്റെ അജ്ഞതയും അപകടവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിക്കും സമൂഹത്തിനുമുള്ള മൂല്യശോഷണം ഇതുമൂലം സംഭവിക്കുന്നു. ഉത്സവം ആര്‍ക്കാണ്, എന്താണ് എന്നറിയാതെയുള്ള വികാരങ്ങളാണ് അതിനു കാരണം. ചംക്രമണ സ്വഭാവമുള്ള ജീവന്റെ സംസ്‌കാരം സ്ഥിരസ്വഭാവമാര്‍ജിക്കുന്നതിനുള്ള സംസ്‌കാരവും കലയുമാണ്. ഉത്സവകല പരമാത്മാവിനെ അറിയുന്നതിനുള്ള സൗന്ദര്യാവിഷ്‌കരണമാണ്. വിപരീതഫലങ്ങളുളവാക്കുന്ന യാതൊന്നും കലയല്ല; കൊലയാണ്. ഉത്സവപരിപാടികളുടെ അര്‍ത്ഥവും ആവശ്യവും പ്രാണന്റെ ഉയര്‍ച്ചയാണെന്നറിഞ്ഞ ആചാര്യന്മാര്‍ അതുകൊണ്ടാണ് അതിനനുയോജ്യമായ കലകളെ ക്ഷേത്രങ്ങളില്‍ ഉത്സവകലയാക്കി ആദരിച്ചത്. ശരീരം തന്നെ ക്ഷേത്രമാണെന്ന ഗീതോവചനം ഓര്‍മ്മിക്കുക. ശരീരം ക്ഷേത്രമാണെന്നറിയാതെ വിഷയ വിഷമങ്ങളില്‍പ്പെട്ടുഴലുന്ന പ്രാണനെ മുക്തമാക്കുന്ന കലയാണ് ഉത്സവം. കര്‍ക്കടകമാസത്തില്‍ ആരംഭിക്കുന്ന ഉത്സവകല പൂര്‍ത്തിയാകുന്നത് മകരത്തോടെയാണ്. കുംഭം, മീനം മാസങ്ങളില്‍ അത് പ്രപഞ്ചശരീരവുമായി ചേര്‍ന്നു ലയിക്കുന്നതാണ് ക്ഷേത്രോത്സവമായി നാം ആചരിക്കുന്നത്. കര്‍ക്കടക മാസത്തില്‍ രാമായണ പാരായണമെന്തിനെന്ന് ഇതുകൊണ്ട് ചിന്തിക്കാവുന്നതാണ്.
Discussion about this post