ന്യൂയോര്‍ക്ക്: അമേരിക്കയുടെ കിഴക്കന്‍ തീരത്ത് വീശിയടിച്ച ഐറിന്‍ ചുഴലിക്കാറ്റില്‍ അഞ്ചു പേര്‍ മരിച്ചു. നോര്‍ത്ത് കരോലിനയില്‍ മൂന്നു പേരും വിര്‍ജീനിയയില്‍ ഒരാളുമാണ് മരിച്ചത്. വിര്‍ജീനിയയില്‍ മരിച്ചത് 11 വയസുള്ള ഒരു കുട്ടിയാണ്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനൊപ്പം കനത്ത മഴയും വെളളപ്പൊക്കവും ഉണ്ടായി. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധങ്ങളും വിഛേദിക്കപ്പെട്ടു. തീരപ്രദേശത്ത് 11 അടിവരെ ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിച്ചു. കാറ്റിനെത്തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി. 8000 വിമാനങ്ങള്‍ റദ്ദാക്കി. 10 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലായി താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒട്ടേറെ മുന്‍കരുതലുകള്‍ ഐറീന്റെ പേരില്‍ യു.എസ്.സ്വീകരിച്ചിട്ടുണ്ട്. നോര്‍ത്ത് കരോലിന, മേരിലാന്‍ഡ്, വെര്‍ജീനിയ, ഡെലവേര്‍, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ അടിയരന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര വിതരണത്തിനുള്ള സാധനങ്ങള്‍ നിറച്ച 200 ട്രക്കുകളും ഒരുലക്ഷം ദേശീയ സുരക്ഷാ ഗാര്‍ഡുകളെയും തയ്യാറാക്കി നിര്‍ത്തിയിന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ പുതിയ സ്മാരകം രാജ്യത്തിന് സമര്‍പ്പിക്കുന്ന പരിപാടി ചുഴലിക്കാറ്റ് ഭീതിയില്‍ അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയില്‍ ഒബാമ പങ്കെടുക്കേണ്ടതായിരുന്നു.
നോര്‍ത്ത് കരോലിന തീരത്ത് ശനിയാഴ്ച മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചോടെയാണ് കാറ്റ് നോര്‍ത്ത് കരോലിന തീരത്തെത്തിയത്. അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് 20 ലക്ഷം പേര്‍ ഇവിടെ നിന്ന് ഒഴിഞ്ഞു പോയിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ 3.7 ലക്ഷം പേരോട് ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിര്‍ജീനിയ, നോര്‍ത്ത് കരോളിന,മേരിലാന്‍ഡ്, കൊളംബിയ സംസ്ഥാനങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. ശനിയാഴ്ച ഉച്ചയോടെ വിമാനത്താവളങ്ങള്‍ അടച്ചിട്ടു. തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു. റോഡ് ഗതാഗത സംവിധാനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം, താരതമ്യേന ശക്തികുറഞ്ഞ ‘കാറ്റഗറി ഒന്നി’ ലാണ് കാലാവസ്ഥാ അധികൃതര്‍ ‘ഐറീന്‍’ ചുഴലിക്കാറ്റിനെ പെടുത്തിയിരിക്കുന്നത്. കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ ആസ്പത്രികളില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപമെടുത്ത ‘ഐറീന്‍’ ചുഴലിക്കാറ്റ് നോര്‍ത്ത് കരോലിനയില്‍ ആഞ്ഞടിക്കുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമ വേനലവധി വെട്ടിക്കുറച്ച് വൈറ്റ്ഹൗസില്‍ തിരിച്ചെത്തി. ഐറീന്റെ ഭീഷണിയെ ഗൗരവമായി എടുക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ അലംഭാവമരുതെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
Discussion about this post