കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മെക്‌സിക്കന്‍ കുടുംബത്തിലെ അഞ്ചു പേരും പൈലറ്റും മരിച്ചു. എവറസ്റ്റ് കൊടുമുടിക്കു സമീപമാണ് കോപ്റ്റര്‍ തകര്‍ന്നത്. സുര്‍കെ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാവിലെ 10.04ന് പറന്നുയര്‍ന്ന് ഒന്പതു മിനിറ്റിനകം എന്‍എ-എംവി ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായി. ഈ സമയം 12,000 അടി മുകളിലായിരുന്നു ഹെലികോപ്റ്റര്‍. ലിഖുപികെ റൂറല്‍ മുനിസിപ്പാലിറ്റിയിലെ പര്‍വതമേഖലയിലാണു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
ആറു മൃതദേഹങ്ങളും അപകടസ്ഥലത്തുനിന്നു കണ്ടെടുത്തു. അപകടമുണ്ടായ ഉടന്‍ പ്രദേശവാസികളും ലോക്കല്‍ പോലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ടു ഹെലികോപ്റ്ററുകള്‍ക്ക് മോശം കാലാവസ്ഥയെത്തുടര്‍ന്ന് അപകടസ്ഥലത്ത് ഇറങ്ങാനായില്ല. തുടര്‍ന്ന് സമീപത്തുള്ള സ്ഥലത്താണ് ഹെലികോപ്റ്ററുകള്‍ ഇറങ്ങിയത്. പര്‍വതമേഖലയിലൂടെയുള്ള പറക്കല്‍ ആസ്വദിച്ചശേഷം കാഠ്മണ്ഡുവിലേക്കു മടങ്ങുകയായിരുന്നു വിനോദസഞ്ചാരസംഘം.
ക്യാപ്റ്റന്‍ ചേത്ബഹാദൂര്‍ ഗുരുംഗ് ആണ് അപകടത്തില്‍ മരിച്ച പൈലറ്റ്. മെക്‌സിക്കന്‍ സംഘത്തില്‍ തൊണ്ണൂറിനുമേല്‍ പ്രായമുള്ള രണ്ടു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണുണ്ടായിരുന്നത്. മനാംഗ് എയറിന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മുന്പ് ഒരു അപകടത്തില്‍നിന്നു രക്ഷപ്പെട്ട ചരിത്രമുള്ള ക്യാപ്റ്റന്‍ ഗുരുംഗ് 7000 മണിക്കൂര്‍ ഹെലികോപ്റ്റര്‍ പറത്തിയിട്ടുണ്ട്.
Discussion about this post