ഭാരതത്തിന്റെ നിയമസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി തന്റെ അനുയായികളെ ഇളക്കിവിട്ട് അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നത്. കര്‍ണ്ണാടക ഹൈക്കോടതി മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് അറിഞ്ഞയുടന്‍ പിഡിപി നേതാവ് പൂന്തുറ സിറാജ് വാര്‍ത്താലേഖകരോട് പറഞ്ഞത് മദനിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് എന്ത് വിലകൊടുത്തും തടയുമെന്നാണ്. എന്നാല്‍ അതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയ മദനി പറഞ്ഞത് താന്‍ അറസ്റ്റിന് തയ്യാറാണെന്നും നിയമപരമായി കേസ് നേരിടുമെന്നുമാണ്. ഈ രണ്ട് പ്രസ്‌താവനകളും തമ്മില്‍ വൈരുദ്ധ്യമുണ്ട്. മദനിയുടെ വാക്കുകളാണോ പൂന്തുറ സിറാജിന്റെ വാക്കുകളാണോ മുഖവിലയ്‌ക്കെടുക്കേണ്ടതെന്ന് വ്യക്തമല്ല. മദനി അറിയാതെ പൂന്തുറ സിറാജ് ഇത്തരത്തില്‍ നിലപാട് വ്യക്തമാക്കില്ലായെന്ന് ഉറപ്പാണ്. ഒരേസമയം താന്‍ നിയമവ്യവസ്ഥയ്‌ക്ക് കീഴടങ്ങാന്‍ തയ്യാറാണെന്നും അതേസമയം അണികള്‍ പ്രകോപിതരായാല്‍ അത് തന്റെ കുറ്റമല്ല എന്നും പറയാതെ പറയുകയാണ് മദനി ചെയ്യുന്നത്. നേരത്തെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോഴും മദനി ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.
മദനിയെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായാല്‍ അതിനെ പ്രതിരോധിക്കുന്നതിനായി അന്‍വാര്‍ശേരിയില്‍ കുടില്‍കെട്ടി സമരം തുടങ്ങിക്കൊണ്ട് അതിനെ തടയാനാണ് നീക്കം. സ്‌ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി പ്രശ്‌നം രൂക്ഷമാക്കാനാണ് പിഡിപി ശ്രമിക്കുന്നത്.
കര്‍ണ്ണാടക ഹൈക്കോടതി തന്നെ സംസ്ഥാന പോലീസിനെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മദനിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്. അറസ്റ്റ് നീട്ടിക്കൊണ്ടുപോയതിനെക്കുറിച്ചും കോടതി സംശയം പ്രകടിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക പോലീസ് മദനിയെ ഏതുനിമിഷവും അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പാണ്. മദനി സുപ്രീം കോടതിയില്‍ അപ്പീലുമായി പോകുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതുവരെ പോലീസ് കാത്തുനില്‍ക്കില്ല.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നും പിഡിപി പ്രവര്‍ത്തകര്‍ അന്‍വാര്‍ശേരിയിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ നിയമസംവിധാനമുള്ള ഒരു രാജ്യമാണ് ഭാരതം.ഒരാള്‍ കേസിലകപ്പെട്ടാല്‍ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണ്. അല്ലാതെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് തടഞ്ഞുകൊണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ ശ്രമിച്ചാല്‍ അത് ഒരിക്കലും അനുവദിച്ചുകൊടുക്കാ
നാകില്ല.
തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടിയതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെതിരെ പോലീസ് അതിശക്തമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഇതിനെ മുസ്ലീങ്ങള്‍ക്കെതിരായ പീഡനമായി ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മദനിയുടെ അറസ്റ്റ് തടയുന്നതിന് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചന. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ത്തുകൊണ്ട് വര്‍ഗ്ഗീയതയുടെ വിത്ത് വിതയ്‌ക്കാനുള്ള ശ്രമമാണ് മദനിയുടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിന് പിന്നിലെ തന്ത്രം.
തടിയന്റവിട നസീറിന്റെയും മറ്റു പല പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസില്‍ മദനിയെ പ്രതിയാക്കിയത്. കര്‍ണ്ണാടകയിലെ കുടകിന് സമീപം നടന്ന ഗൂഢാലോചനയില്‍ മദനി പങ്കെടുത്തെന്നാണ് ഒന്നിലധികം പ്രതികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതൊക്കെ കര്‍ണ്ണാടക പോലീസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞുകൊണ്ട് രക്ഷപ്പെടാനാണ് മദനിയും കൂട്ടരും ശ്രമിക്കുന്നത്.
കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ നിരപരാധിയായതിനാലാണ് വെറുതെ വിട്ടതെന്നാണ് പിഡിപിയുടെ പ്രാചരണം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. തമിഴ്‌നാട്ടിലെ ഭരണമാറ്റവും അതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ സമീപനവുമാണ് മദനി രക്ഷപ്പെടുന്നതിന് കാരണമായത്. ഇത് പച്ചയായ സത്യമാണ്. എന്നാല്‍ നിരപരാധിയായ മദനിയെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പത്ത് വര്‍ഷക്കാലം വെറുതെ ജയിലിലടച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്‌താലും മദനിയെ ഇതുപോലെ വര്‍ഷങ്ങളോളം ജയിലിലടയ്‌ക്കുമെന്ന ഭയം കൊണ്ടാണ് അറസ്റ്റ് ചെറുക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇവരുടെ ന്യായം.
ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഭാരതം. ഇവിടെ രാഷ്‌ട്രീയ നേതൃത്വമാണ് ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്. പാകിസ്ഥാനിലേതുപോലെ പട്ടാളവും രഹസ്യാന്വേഷണ ഏജന്‍സിയുമൊന്നുമല്ല ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ട് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടിയാണ് പിഡിപിയെന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല. ജനാധിപത്യത്തിന്റെ മുഖ്യ ഘടകമായ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമ്പോള്‍ ജനാധിപത്യത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. നിയമ വ്യവസ്ഥയെ ആര് വെല്ലുവിളിച്ചാലും എന്തു വില കൊടുത്തും അതിനെതിരെ അതിശക്തമായ നടപടി സ്വീകരിക്കുക തന്നെ വേണം.
Discussion about this post