ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 9 സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ക്ക് പരിക്കേറ്റു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 10 സൈനികരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറും എട്ടു ജവാന്‍മാരുമാണ് വീരമൃത്യു വരിച്ചത്. ലേയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ കിയാരിയിലാണ് അപകടം ഉണ്ടായത്. വൈകിട്ട് 4നും 5നും ഇടയിലാണ് അപകടം ഉണ്ടായതെങ്കിലും അല്പം മുന്‍പാണ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ലേയില്‍ നിന്ന് കിയാരിയിലേക്ക് വാഹനവ്യൂഹം നീങ്ങുകയായിരുന്നുവെന്നും ഒരു വാഹനം ഓഫ് റോഡിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്നും ലേയിലെ സൈനിക പി.ആര്‍..ഒ അറിയിച്ചു. ഒരു മാരുതി ജിപ്‌സി, ഒരു ട്രക്ക്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെ മൂന്നു വാഹനങ്ങളിലായി മൂന്നു ഓഫീസര്‍മാരും രണ്ട് ജെ.സി.ഒമാരും 34 ജവാന്‍മാരുമാണ് യാത്ര ചെയ്തിരുന്നത്.













