തിരുവനന്തപുരം: കിഴക്കേകോട്ട അഭേദാശ്രമത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 27 ദിവസം നീണ്ടു നില്‍ക്കുന്ന ശ്രീ വിഷ്ണു സഹസ്രനാമ കോടിയര്‍ച്ചന മഹായജ്ഞം നടക്കുന്നു. അഭേദാശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി ആണ് യജ്ഞാചാര്യന്‍. ഒക്ടോബര്‍ 1 രാവിലെ 6.30 നു ശ്രീ കേശവാനന്ദ സ്വാമിജി ദീപം കൊളുത്തുന്നതോടെ യജ്ഞം ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6.30 വരെ തുടര്‍ച്ചയായി അര്‍ച്ചന ഉണ്ടാകും. 27 നു വൈകുന്നേരം 7 മണിക്ക് സമാപന അര്‍ച്ചനയും തുടര്‍ന്ന് മഹാദീപാരാധനയോട് കൂടി കോടിയര്‍ച്ചനാ യജ്ഞം സമാപിക്കും. 28 നു രാവിലെ അവഭൃഥ സ്‌നാനം, ദീപം പൊലിക്കല്‍ എന്നിവ ഉണ്ടായിരിക്കും. അഭേദാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 124 – മതു കോടിയര്‍ച്ചനയാണിത്.
ഭക്തജനങ്ങള്‍ ഒന്നു ചേര്‍ന്നു ഒരുകോടി തിരുനാമങ്ങളെ ഭക്തിയോടും ഭാവത്തോടും കൂടി ചൊല്ലി പുഷ്പങ്ങളോ അക്ഷതമോ അര്‍പ്പണം ചെയ്യുന്നതാണ് കോടിയര്‍ച്ചന. ജാതിവ്യത്യാസമില്ലാതെ മനുഷ്യര്‍ ഏവരും ഈശ്വരാരാധന ചെയ്യുവാന്‍ അധികാരികളാണെന്നുള്ള ശാസ്ത്രസമ്മതത്തെ മുന്‍നിറുത്തിയാണ് കോടി അര്‍ച്ചനാ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കി തുടങ്ങിയത്. സനാതന ധര്‍മ്മത്തിന് വന്നു ചേര്‍ന്ന ദുഃഖാവസ്ഥയെ പരിഹരിച്ച്, ജനങ്ങളെ സംഘടിപ്പിച്ച് ഈശ്വര പ്രേമികളാക്കുവാന്‍ സര്‍വ്വേശ്വരന്‍ നല്‍കിയ ഒരനുഗ്രഹമായിട്ടാണ് കോടിയര്‍ച്ചനയെ കാണുന്നത്. ഭാരതത്തില്‍ പല സ്ഥലങ്ങളിലും ഇതിനകം കോടി അര്‍ച്ചനകള്‍ ആശ്രമം നേരിട്ടും, ആശ്രമത്തിന്റെ നേതൃത്വത്തിലും വിജയകരമായി നടത്തിയിട്ടുണ്ട്. തിരുവനന്തപുരം അഭേദാശ്രമത്തില്‍ ഒരു ദശകോടിയര്‍ച്ചനയും നേരത്തേ നടന്നിരുന്നു. എല്ലാ ഭക്തജനങ്ങളും ഈ കോടി അര്‍ച്ചനാ യജ്ഞത്തില്‍ പങ്കുചേരണമെന്ന് ആശ്രമം സെക്രട്ടറി രാംകുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post