തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 88-ാം ജയന്തി വിശ്വശാന്തി പഞ്ചദശാഹയജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 7ന് രാവിലെ 6.30ന് മിഥില ഭജനസമിതിയുടെ ഹരിനാമകീര്‍ത്തനം, 8ന് ഭജന, 10ന് പാളയം ശ്രീ ശക്തിവിനായക ഭജനസമിതിയുടെ നാമസങ്കീര്‍ത്തനം, വൈകുന്നേരം 3ന് കോന്നിയൂര്‍ പ്രമോദ്കുമാര്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സ് എന്നിവ നടക്കും.
വൈകുന്നേരം 5ന് നടക്കുന്ന വിശ്വശാന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി മുന്‍ ജസ്റ്റിസും തൃശ്ശൂര്‍ യു.ഇ.സി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ചെയര്‍മാനുമായ എം.ആര്‍.ഹരിഹരന്‍ നായര്‍ നിര്‍വഹിക്കും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേരള സര്‍വകലാശാല സെന്റര്‍ ഫോര്‍ വേദാന്ത സ്റ്റഡീസ് ഡയറക്ടര്‍ ഡോ.സി.എന്‍.വിജയകുമാരി പ്രഭാഷണം നടത്തും. ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, അഡ്വ.കുമാരപുരം മോഹന്‍ കുമാര്‍, എസ്.ആര്‍.ഡി.എം.യു.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 6.30ന് സ്വാമിയാര്‍മഠം ശ്രീശങ്കരം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ നടക്കും.
ജയന്തി ദിനമായ അന്നേദിവസം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, തുടര്‍ന്ന് ശ്രീരാമായണ പാരായണം. 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് 1ന് അമൃതഭോജനം, വൈകുന്നേരം 4.30ന് ജ്യോതിക്ഷേത്രത്തില്‍ ചെണ്ടമേളം, 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 7.30ന് ഭജന, രാത്രി 8.30ന് ആരാധന. ഒക്ടോബര്‍ 8ന് വെളുപ്പിന് 3.30ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി പഞ്ചദശാഹയജ്ഞം സമ്പൂര്‍ണമാകും.
Discussion about this post