കേപ് കനാവെറല്‍: ചന്ദ്രനെക്കുറിച്ചു വിശദമായി പഠിക്കുന്നതിന് നാസ ഇരട്ട ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നു. ഗ്രയില്‍- എ, ഗ്രയില്‍-ബി എന്നീ ഉപഗ്രഹങ്ങള്‍ ഈ മാസം എട്ടിനു ഫ്‌ളോറിഡയിലെ കേപ് കനാവെറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നാണു വിക്ഷേപിക്കുന്നത്. ഒമ്പതു മാസം നീണ്ടുനില്‍ക്കുന്ന ദൗത്യമാണിത്. ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ഇന്റീരിയര്‍ ലബോറട്ടറി (GRAIL ) എന്നാണ് നാസയുടെ ചാന്ദ്രദൗത്യം അറിയപ്പെടുന്നത്. ചന്ദ്രോപരിതലം മുതല്‍ അന്തര്‍ഭാഗം വരെയുളള ഘടനയുടെ വിശദാംശങ്ങള്‍ ഗ്രയില്‍ ദൗത്യത്തില്‍ ശേഖരിക്കും.
വിക്ഷേപണവാഹനമായ ഡെല്‍റ്റ 2 എന്ന റോക്കറ്റില്‍ രണ്ട് ഉപഗ്രഹങ്ങളും ഘടിപ്പിച്ചതായി ഗ്രയില്‍ ദൗത്യത്തിന്റെ മാനേജര്‍ ഡേവിഡ് ലെക്മാന്‍ അറിയിച്ചു. 4.2 മില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ച് ഗ്രയില്‍ എയും 4.3 മില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ച് ഗ്രയില്‍ ബിയും ചന്ദ്രന്റെ പോളാര്‍ ഓര്‍ബിറ്റില്‍ എത്തും. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് റേഡിയോ സിഗ്നലുകള്‍ അയയ്ക്കും. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ക്ഷേത്രത്തെക്കുറിച്ചുളള കൃത്യമായ വിവരങ്ങള്‍ ഗ്രയില്‍ ദൗത്യത്തിലൂടെ ലഭ്യമാകുമെന്നാണു കരുതുന്നത്.
ചന്ദ്രന്റെ പോളാര്‍ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചാണ് ഇരട്ട ഉപഗ്രഹങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. 2012 ജനുവരിയില്‍ ഇരട്ട ഉപഗ്രഹങ്ങള്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. 2012 മാര്‍ച്ചു മുതല്‍ 2012 മേയ് വരെയാണ് ഉപഗ്രഹങ്ങള്‍ കൃത്യമായ ജോലിയില്‍ ഏര്‍പ്പെടുന്നത്. അതീവ കൃത്യതയോടെയുളള ഗ്രാവിറ്റേഷന്‍ ഫീല്‍ഡ് മാപ്പിംഗാണ് (ചന്ദ്രന്റെ ഭൂഗുരുത്വക്ഷേത്രത്തിന്റെ – ഭൂഗുരുത്വബലം അനുഭവപ്പെടുന്ന പരിധി – ചിത്രം തയാറാക്കുന്ന പ്രക്രിയ) ഇരട്ട ഉപഗ്രഹങ്ങളുടെ മുഖ്യ ദൗത്യം. 90 ദിവസം ചെലവഴിച്ചാണ് ഉപഗ്രഹങ്ങള്‍ ഗ്രാവിറ്റി മാപ്പിംഗ് പൂര്‍ത്തിയാക്കുക.
ഇപ്രകാരം ലഭ്യമാകുന്ന വിവരങ്ങളില്‍നിന്നു ചന്ദ്രന്റെ ആന്തരഘടന നിര്‍ണയിക്കാനവും. ചന്ദ്രന്റെ ഉപരിതലം മുതല്‍ അകക്കാമ്പു വരെയുളള കൃത്യമായ ഘടന നിര്‍ണയിക്കുക, ചന്ദ്രനിലെ താപപരിണാമത്തെക്കുറിച്ചു വിശദവിവരങ്ങള്‍ ശേഖരിക്കുക എന്നിവയാണു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഗ്രയില്‍ ദൗത്യത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ഭൂമി, ശുക്രന്‍, ചൊവ്വ, ബുധന്‍ തുടങ്ങിയ ഗ്രഹങ്ങളുടെ പരിണാമചരിത്രം മനസിലാക്കുന്നതിനു സഹായകമാകും.
Discussion about this post