ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് ഇന്നലെ ഉണ്ടായ സുപ്രീംകോടതി പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. പരമോന്നത നീതിപീഠത്തോടുള്ള എല്ലാ ആദരവോടുംകൂടിതന്നെ ഇങ്ങനെ പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. ദൈവഹിതമറിയാന്‍ ദേവപ്രശ്‌നം നടത്തിയതിന്റെ പേരില്‍ സുപ്രീംകോടതി തിരുവിതാംകൂര്‍ രാജകുടുംബത്തെ അതിനിശിതമായാണ് വിമര്‍ശിച്ചത്.
ഒരു ക്ഷേത്രത്തെ സംബന്ധിച്ച് അന്തിമമായി അഭിപ്രായംപറയേണ്ടത് ക്ഷേത്ര തന്ത്രിയാണ്. എന്നാല്‍ ദേവഹിതം അനിവാര്യമായിവരുന്ന ഘട്ടങ്ങളില്‍ ദേവപ്രശ്‌നത്തിലൂടെയാണ് ഇതിന് പരിഹാരം കണ്ടെത്തുന്നത്. അതാണ് പാരമ്പര്യവും കീഴ് വഴക്കവും താന്ത്രികമായി അനുവദനീയമായതും. ഇക്കാര്യത്തില്‍ മറ്റ് ഏതൊരു ബാഹ്യശക്തിയുടെയും ഇടപെടല്‍ ക്ഷേത്രാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ലംഘനമാണ്. മാത്രമല്ല ഇക്കാര്യത്തില്‍ കോടതി അഭിപ്രായംപറയുന്നതുപോലും ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണ്.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകള്‍ തുറക്കുന്നതിനുമുമ്പുതന്നെ ദേവഹിതം അറിയേണ്ടതായിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദ്രുതഗതിയില്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ ഇക്കാര്യത്തില്‍ ആരും വേണ്ടത്ര ഗൗരവം കാണിച്ചില്ല. എന്നാല്‍ നിലവറകള്‍ ഒന്നൊഴികെ എല്ലാം തുറക്കുകയും ലക്ഷക്കണക്കിന് കോടിരൂപയുടെ കാണിക്കയെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും ചെയ്തപ്പോഴാണ് ദേവഹിതം അനിവാര്യമാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായത്. രാജകുടുംബാംഗങ്ങള്‍ മാത്രമല്ല ശ്രീപത്മനാഭസ്വാമിയുടെ ഭക്തജനങ്ങളും ദേവപ്രശ്‌നം വേണമെന്ന ആവശ്യം ഒരേ സ്വരത്തില്‍ ഉയര്‍ത്തി. ഇതിനെതുടര്‍ന്നാണ് അവിടെ ദേവപ്രശ്‌നം നടത്തിയത്.
ദേവപ്രശ്‌നം നടത്തിക്കഴിഞ്ഞാല്‍ ദൈവജ്ഞര്‍ നല്‍കുന്ന ചാര്‍ത്തിനനുസരിച്ച് പരിഹാരക്രിയകള്‍ നടത്താന്‍ ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്നവര്‍ ബാദ്ധ്യസ്ഥരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ ചിലപരിഹാരക്രിയകള്‍ നടക്കുകയും ചെയ്തു. ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത് ഡി നിലവറ തുറക്കരുത് എന്നാണ്. മാത്രമല്ല നേരത്തെതുറന്ന നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പോ ചിത്രീകരണമോ പാടില്ലെന്നും തെളിഞ്ഞിരുന്നു. ഇതിനെയാണ് പരമോന്നതനീതിപീഠമായ സുപ്രീംകോടതി നിസ്സാരവല്‍ക്കരിച്ചിരിക്കുന്നത്.
ഹൈന്ദവവിരുദ്ധമായ നിലപാടുകളാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ മിക്കപ്പോഴും സ്വീകരിക്കുന്നത്. ജുഡീഷ്യറിയും ഇതിനുസമാനമായ നിലപാടുകളിലേക്കാണോ പോകുന്നതെന്ന സംശയമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെമാത്രമാണ് സര്‍ക്കാരുകളും കോടതികളും ഇടപെടുന്നത്. ഇത് അതീവഗുരുതരമായ വിഷയമാണ്. അതേസമയം മുസ്ലീങ്ങളുടെയോ ക്രൈസ്തവരുടെയോ ആരാധനാലയങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നേരെയാണ് ഇത്തരമൊരു നീക്കമുണ്ടാകുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം എങ്ങനെയായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്.
ഭാരതത്തിലെ സ്വതന്ത്രസഭകള്‍ ഒഴിച്ച് ക്രൈസ്തവ സ്ഥാപനങ്ങളുടെയെല്ലാം സ്വത്തിന്റെ അധിപന്‍ ഇന്നും പോപ്പാണ്. ഇത് തദ്ദേശീയരുടെ പേരില്‍ കൈമാറണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഉണ്ടായകോലാഹലങ്ങള്‍ ചില്ലറയല്ല. അതുപോലെതന്നെയാണ് ഏകീകൃത സിവില്‍കോഡിന്റെ കാര്യവും. മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാ മതസ്ഥക്കര്‍ക്കും ഒരേ സിവില്‍ നിയമം ഏര്‍പ്പെടുത്താന്‍ സ്വാതന്ത്ര്യംലഭിച്ച് ആറുപത്തിനാലുവര്‍ഷ ങ്ങളായിട്ടും ഇതുവരേയും കഴിഞ്ഞിട്ടില്ല. ശരിയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ പലഭാഗത്തും മുസ്ലീങ്ങള്‍ സിവില്‍ വ്യവഹാരം നടത്തിവരുന്നു. ഇതിനൊക്കെ എതിരെ ഒരുചെറുവിരല്‍പോലും അനക്കാന്‍ മതേതരത്വത്തിന്റെ പേരില്‍ വീമ്പിളക്കുന്ന സര്‍ക്കാരുകള്‍ക്കോ ജുഡീഷ്യറിക്കോ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍വേണം കഴിഞ്ഞദിവസം ശ്രീപത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ചുണ്ടായ സുപ്രീംകോടതിയുടെ പരാമര്‍ശത്തെ കാണേണ്ടത്.
നിയമത്തിന്റെ തലനാരിഴകീറി ദൈവഹിതം വ്യാഖ്യാനിക്കാനാവില്ല. അതുപറയേണ്ടത് ദൈവജ്ഞര്‍ തന്നെയാണ്. ആ വിവേകമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്ന എല്ലാ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ഉണ്ടാകേണ്ടത്. മറിച്ചായാല്‍ അതിന്റെ ഭവിഷ്യത്ത് മാനുഷികമായിമാത്രമല്ല ദൈവികമായും അതീവ ഗുരുതരമായിരിക്കും.
Discussion about this post