സ്വാമി സത്യാനന്ദസരസ്വതി
ഓം സദ്ഗുരവേ നമ:
ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ
ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരുഃസാക്ഷാത് പരംബ്രഹ്മ
തസ്‌മൈ ശ്രീ ഗുരവേ നമഃ
ഗുരുശബ്ദത്തിനുള്ള നാനാര്‍ത്ഥങ്ങള്‍
ഗുരു എന്ന ശബ്ദത്തിന് ഏറ്റവും വലുത് എന്നാണര്‍ത്ഥം.
വ്യാഴന്‍ ഏറ്റവും വലിയ ഗ്രഹമായതുകൊണ്ടാണ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ബൃഹസ്പതി (ദേവഗുരു) എന്ന അര്‍ത്ഥത്തില്‍ ജ്ഞാനം കൊണ്ടുള്ള ഗുരുത്വവും അതിനുണ്ട്. മുഖ്യമായ, ഉത്തമമായ, വന്ദ്യമായ എന്നിങ്ങനെ നാനാര്‍ത്ഥവും ഈ ശബ്ദത്തിനുണ്ട്. വലിയരൂപമുള്ളത്, വിലയേറിയത് എന്നിവയും ഗുരു എന്ന പദത്തിന്റെ അര്‍ത്ഥങ്ങളാണ്. കാവ്യത്തില്‍ രണ്ടു മാത്രയുള്ള അക്ഷരങ്ങളെ ഗുരു എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.
പഞ്ചഗുരുക്കന്‍മാര്‍
മാതാവ്, പിതാവ്, വിദ്യോപദേഷ്ടാവ്, ജ്യേഷ്ഠസഹോദരന്‍, ഭര്‍ത്താവ് ഇവര്‍ പഞ്ചഗുരുക്കന്‍മാര്‍ എന്നറിയപ്പെടുന്നു. ഇവിടെ മാതാവും പിതാവും സന്താനങ്ങളോട് ബന്ധപ്പെട്ട വ്യക്തിത്ത്വമുള്ളവരാണ്. കുഞ്ഞുങ്ങളുടെ അധര്‍മ്മത്തിനോ തന്മൂലമുള്ള അസുഖത്തിനോ മാതാവും പിതാവും തുനിയുകയില്ല. ശരീരം, അര്‍ത്ഥം, പ്രാണന്‍ ഇതുകളെ ധര്‍മോപാധിയാക്കി മാത്രമേ, മാതാപിതാക്കള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. അതുകൊണ്ടാണ് പഞ്ചഗുരുക്കന്മാരില്‍ മാതാപിതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിദ്യാദാനം ചെയ്യുന്ന ആചാര്യനും, ജ്ഞാനം കൊണ്ട് അജ്ഞാനത്തെ അകറ്റുന്ന ധര്‍മമാണ് നിര്‍വഹിക്കുന്നത്. ധര്‍മത്തില്‍നിന്ന് വ്യതിചലിച്ച് ദു:ഖ കാരണമാകുന്ന അറിവ് ആചാര്യന്‍ നല്‍കാന്‍ പാടില്ല. അക്കാരണത്താല്‍ ആചാര്യന്‍ പഞ്ചഗുരുക്കന്‍മാരില്‍ പെട്ടിരിക്കുന്നു. ജ്യേഷ്ഠസഹോദരനും ഭര്‍ത്താവും ഇതേമാതിരി ധര്‍മനിര്‍വഹണത്തില്‍ മാത്രം ബാദ്ധ്യതപ്പെടുന്നതുകൊണ്ട് അവരും പഞ്ചഗുരുക്കന്‍മാരില്‍പെടുന്നു.
ജ്യോതിഷത്തില്‍ 9-ാം ഭാവവും അക്ഷരങ്ങളില്‍ കൂട്ടക്ഷരത്തിനുമുമ്പുള്ള അക്ഷരം, ദീര്‍ഘാക്ഷരം, പൂര്‍വികന്‍, പൂയം നക്ഷത്രം, മാതൃകാപുരുഷന്‍, പരമാത്മാവ്, എന്നിവകളും ഗുരുശബ്ദത്തിന്റെ അര്‍ത്ഥങ്ങളാണ്.
ഗുരുക്കന്‍മാര്‍ 3 തരം
ചോദകഗുരു, ബോധകഗുരു, മോക്ഷദഗുരു
ചോദകഗുരു
അറിവ് സമ്പാദിക്കുന്നതിന് പ്രചോദനം നല്കുന്നതുകൊണ്ട് പ്രകൃതി (സര്‍വചരാരങ്ങളും) ചോദകഗുരു എന്ന പദത്തിനര്‍ഹമായിരിക്കുന്നു. പ്രകൃതിയില്‍ നടക്കുന്ന സര്‍വകര്‍മങ്ങളും ഓരോ ജീവനും ശരീരവുമായിട്ടുള്ള ബന്ധത്തില്‍ അതാതിന്റെ ധര്‍മം നിര്‍വഹിക്കുന്നു. എന്നാല്‍ സാധാരണ മനുഷ്യന് എല്ലാ കര്‍മങ്ങളേയും ധാര്‍മികബോധത്തോടെ അംഗീകരിക്കാന്‍ കഴിയുകയില്ല. പ്രകൃതിയില്‍ നിന്നു കിട്ടുന്ന ചില ശബ്ദങ്ങളും പ്രവൃത്തികളും ദു:ഖഫലമുണ്ടാക്കുന്നവയാണ്. ദു:ഖം ഒഴിവാക്കപ്പെടേണ്ടതായതുകൊണ്ട് ആ കര്‍മം ധര്‍മത്തിനുവേണ്ടി നിര്‍വഹിക്കണം.
ബോധകഗുരു
ബോധനം കൊണ്ട് അവിദ്യയെ മാറ്റുന്നതിനാല്‍ ബോധകഗുരു എന്ന പേരു ലഭിച്ചു. കാര്യകാരണ വിവേചനംകൊണ്ട് നന്മതിന്‍മകളെ വേര്‍തിരിച്ചെങ്കിലേ ബോധനം ധര്‍മത്തിന് ഫലിക്കൂ. സുഖദു:ഖ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രകൃതിയില്‍ നിന്നുണ്ടാകുന്നതിനെ ഒഴിവാക്കുന്നതിനു ധര്‍മം ലക്ഷ്യമാക്കിയുള്ള ബോധനം ആവശ്യമാണ്. ധര്‍മാധര്‍മ വിവേചനം ചെയ്ത് ധര്‍മത്തെ ഉറപ്പിക്കുകയും അധര്‍മത്തെ നിരാകരിക്കുകയും ചെയ്യുന്ന കര്‍മം ബോധക ഗുരുവിനുള്ളതാണ്.
മോക്ഷദഗുരു
ഇന്ദ്രിയവിഷയങ്ങളില്‍ വ്യാപരിച്ച് ജീവന്‍ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നു. ബന്ധകാരണമായിത്തീരുന്നതും മേല്‍പ്പറഞ്ഞ ഇന്ദ്രിയങ്ങളുടെ വിഷയവ്യാപാരമാണ്. ബോധകഗുരു നല്‍കുന്ന ബോധനം തത്വത്തിലൂടെ ലക്ഷ്യത്തെ കാട്ടുന്നു. എന്നാല്‍ പ്രായോഗികമായി അത് പലര്‍ക്കും പൂര്‍ണഫലം ഉണ്ടാക്കുന്നില്ല. അതിന്റെ ഫലമായി ചെയ്യുന്ന ഏതുകര്‍മ്മവും സുഖവും ദു:ഖവും നല്‍കിക്കൊണ്ടിരിക്കും. അതുകൊണ്ട് ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളെയും അതിജീവിക്കുന്ന ഒരു വിദ്യാഭ്യാസം ആവശ്യമാണ്. ആ വിദ്യ നല്‍കുന്ന ഗുരു ബന്ധങ്ങളില്‍ നിന്ന് ജീവനെ മുക്തമാക്കുന്നു. ഈ മുക്തി (സ്വാതന്ത്ര്യം) അഥവാ മോക്ഷം നല്‍കുന്നതാണ് മോക്ഷദ ഗുരുവിന്റെ ധര്‍മം. മേല്‍പ്പറഞ്ഞ 3 ഗുരുക്കന്‍മാരും പ്രകൃതിയെ ധര്‍മോപാധിയാക്കി കര്‍മം ചെയ്യിക്കുന്നു. എന്നാല്‍ പ്രകൃതിയിലെ ചോദകത്വം സമ്പൂര്‍ണമായ ബന്ധമുക്തിക്ക് കാരണമാകാത്തതിനാല്‍ ആ കുറവ് ശാസ്ത്രബോധം കൊണ്ടൊഴിവാക്കുന്ന ചുമതല ബോധകഗുരുവിനും പ്രായോഗിക പരിശീലനം കൊണ്ടൊഴിവാക്കുന്ന ചുമതല മോക്ഷദഗുരുവിനുമുണ്ട്. ഭൗതികവിദ്യയും ആദ്ധ്യാത്മ വിദ്യും ഗുരുവില്‍ നിന്ന് സ്വീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മൂന്നുതരം ഗുരുത്വത്തിനും വിദ്യാദാനത്തില്‍ എന്തുപങ്കുണ്ടെന്ന് മനസ്സിലാക്കുന്നു.
(തുടരും)
Discussion about this post