കാലിഫോര്‍ണിയ: പെഴ്‌സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് എന്നിവ ലോകത്തിന് സമ്മാനിച്ച ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റിയ ആപ്പിളിന്റെ സ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്‌സ് (56) അന്തരിച്ചു. കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസിന് ബാധിച്ച കാന്‍സറാണ് മരണകാരണം. ഏതാനും വര്‍ഷമായി രോഗബാധിതനാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആഗസ്ത് 24നാണ് ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞത്. എങ്കിലും കമ്പനിയുടെ ചെയര്‍മാന്‍ ഇപ്പോഴും അദ്ദേഹം തന്നെയായിരുന്നു.
1970 ലാണ് സ്റ്റീവ് വോസ്‌നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ തുടങ്ങിയത്. എന്നാല്‍, 1985 ല്‍ അധികാര വടംവലിയെ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് പുറത്തായി. പിന്നീട് 1997ലാണ് കമ്പനിയുടെ മേധാവിയായി അദ്ദേഹം ആപ്പിളില്‍ തിരിച്ചെത്തുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ആപ്പിളിന്റെ മാത്രമല്ല, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ രംഗത്തെയും വിപ്ലവകരമായ മാറ്റത്തിന്റെ കാലമായിരുന്നു.
ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്‌സറും ആരംഭിച്ചു. 1996ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് ജോബ്‌സ് വീണ്ടും തന്റെ മാതൃകമ്പനിയില്‍ തിരിച്ചെത്തിയത്. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമെന്ന് സ്റ്റീവ് ജോബ്‌സ് ഒരിക്കല്‍ പറഞ്ഞിരുന്നു. ലൂക്കാസ് ഫിലിംസിനെ സ്വന്തമാക്കിയ ജോബ്‌സ് പിക്‌സറിനെ പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോയാക്കി. പിക്‌സറിനെ പിന്നീട് വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ ജോബ്‌സ് വാള്‍ട്ട് ഡിസ്‌നി കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായി. ആപ്പിള്‍ ഒരിക്കല്‍ തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്നും സ്റ്റീവ് പറഞ്ഞിരുന്നു.
സിറിയക്കാരനായ അബദുള്‍ഫത്ത ജോ ജന്‍ഡാലിയുടെ മകനായി 1955 ഫിബ്രവരി 24ന് സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ജനനം. പോള്‍, ക്ലാര ജോബ്‌സ് ദമ്പതികള്‍ സ്റ്റീവിനെ ദത്തെടുക്കുകയായിരുന്നു. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും ജീവിക്കാനായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ ഒരു കാലത്തെ കുറിച്ചും സ്റ്റീവ് ജോബ്‌സ് പറഞ്ഞിട്ടുണ്ട്.
പിന്നീട് കാലിഗ്രാഫി പഠിക്കാന്‍ റീഡ് കോളേജില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. ആപ്പിള്‍ തുടങ്ങി പത്ത് വര്‍ഷം കൊണ്ട് 20 ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. സ്റ്റീവിന് 29 വയസ്സുള്ളപ്പോഴാണ് ആപ്പിളില്‍ നിന്ന് വിപ്ലവത്തിന് തിരികൊളുത്തിക്കൊണ്ട് മക്കിന്‍ടോഷ് പുറത്തുവരുന്നത്. സ്റ്റീവ് ആപ്പിളില്‍ നിന്ന് പുറത്താകുന്നതും ഈ കാലത്താണ് എന്നത് വിധിവൈപരിത്യമായി. മരിക്കുമ്പോള്‍ 8.3 ദശക്ഷം ഡോളറായിരുന്നു സ്റ്റീവിന്റെ ആസ്തി. അമേരിക്കയിലെ ധനാഢ്യരില്‍ 42ാം സ്ഥാനമായിരുന്നു സ്റ്റീവിന്. ഈ വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച സി.ഇ.ഒയായി ഗൂഗിള്‍ സ്റ്റീവിനെ തിരഞ്ഞെടുത്തിരുന്നു. ബുദ്ധമത വിശ്വാസിയായിരുന്നു സ്റ്റീവ്. ലോറീന്‍ പവല്‍ ജോബ്‌സാണ് ഭാര്യ. നാല് മക്കളുണ്ട്.
Discussion about this post