
ഗുരുവിനെപ്പറ്റിയുള്ള ഭാരതീയദര്‍ശനം
സ്വാമി സത്യാനന്ദസരസ്വതി
അര്‍ത്ഥം അര്‍പ്പിക്കുമ്പോള്‍ ആഗ്രഹങ്ങളില്‍ നിന്നുണ്ടാകുന്ന വികാരങ്ങളും അര്‍പ്പിക്കപ്പെടുന്നു. പുത്രൈഷണ, ദാരൈഷണ, അര്‍ത്ഥൈഷണ എന്നിങ്ങനെ ദു:ഖകാരണമായ ഏഷണത്രയങ്ങളും ഗുരുസങ്കല്‍പ്പത്തില്‍ സമര്‍പ്പിക്കുന്നു.
പ്രാണനെ അര്‍പ്പിക്കുമ്പോള്‍ ആദ്ധ്യാത്മികം, ആധിദൈവികം, ആധിഭൗതികം എന്നീ താപത്രയത്തെയും (3 ദു:ഖങ്ങളെയും) അര്‍പ്പിക്കുന്നു.
ആദ്ധ്യാത്മികം:- താപത്രയത്തില്‍ ആദ്ധ്യാത്മികം എന്ന വാക്കിന് ശരീരമെന്നാണര്‍ത്ഥം. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളില്‍ നിന്നും ഉണ്ടാകുന്ന രോഗങ്ങളും ദു:ഖവുമാണ് ആദ്ധ്യാത്മികം. ജീവനും ശരീരവുമായിട്ടുള്ള ബന്ധം മൂലം മേല്‍പ്പറഞ്ഞ ശരീരദോഷം ജീവനനുഭവിക്കുന്നു.
ആധിദൈവികം:- തണുപ്പ്, കാറ്റ്, മഴ, ചൂട്, എന്നിങ്ങനെയുള്ള ഭൂതാംബന്ധിയായ ദു:ഖങ്ങളെ ആധിദൈവികം എന്നുപറയുന്നു.
ആധിഭൗതികം:- ഭൂതങ്ങളെ (ജീവരാശികളെ, പഞ്ചഭൂതങ്ങളെ) അധികരിച്ചുള്ള ദു:ഖമായതിനാല്‍ ഇതിനെ ആധിഭൗതികം എന്നുപറയുന്നു. ശത്രുക്കള്‍, കളളന്മാര്‍ ജന്തുക്കള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഭയം ഈ ഇനത്തില്‍പെടുന്നു.
മേല്‍പ്പറഞ്ഞ താപത്രയങ്ങളെ ബ്രഹ്മസ്വരൂപനായ ഗുരുവിലര്‍പ്പിക്കുന്നതുകൊണ്ട് പ്രാണന്‍ ശുദ്ധനായിത്തീരുന്നു. ഇവിടെ പരിശുദ്ധമായ പ്രാണന്‍ ആത്മസ്വരൂപമായി മാറുന്നു. ആത്മസ്വരൂപവും ബ്രഹ്മസ്വരൂപവും രണ്ടല്ലാത്തതിനാല്‍ അര്‍പ്പിക്കുന്ന ശിഷ്യനും ഗുരുവും ഒന്നാണെന്നു വരുന്നു. ഇങ്ങനെ ശിഷ്യന്റെ നിജസ്വരൂപം ഗുരുസ്വരൂപമെന്നറിയുന്നു.
ഭാരതീയ സങ്കല്‍പത്തില്‍ ഗുരു പരമാത്മ സ്വരൂപനാണ്. ഗുരുവിനും ബ്രഹ്മസങ്കല്‍പ്പത്തിനും (ആത്മസങ്കല്‍പം) അല്‍പവ്യത്യാസമേയുള്ളൂ. ബ്രഹ്മം അദൃശ്യവും ഗുരു ശരീരഭാവനകൊണ്ട് ദൃശ്യനുമാണ്. എന്നാല്‍ ആത്മഭാവം ഒന്നുതന്നെ. ദൃശ്യനായ ഗുരുവിലൂടെ അദൃശ്യമായ ബ്രഹ്മത്തെ അറിയുന്നു. ആത്മദര്‍ശനത്തിന് ഗുരു കാരണമാകുന്നു എന്നര്‍ത്ഥം. അകത്തും പുറത്തും വ്യാപരിക്കുന്ന ധര്‍്മം ആത്മാവിനുണ്ട്. സര്‍വാന്തര്‍യാമിയും സര്‍വവ്യാപിയും ആത്മാവുതന്നെ. ഗുരുവിനും ഇതേ ധര്‍മങ്ങളുണ്ട്. ശരീരധര്‍മം കൊണ്ട് ഗുരു സഗുണനാണ്. എന്നാല്‍ അശരീരിയായ ബ്രഹ്മം നിര്‍ഗുണനാണ്. ആത്മഭാവത്തില്‍ ഗുരുവും ബ്രഹ്മവും (ആത്മാവും) നിര്‍ഗുണം തന്നെ.
ഈശ്വരങ്കലുള്ള വിശ്വാസവും ഭക്തിയും ഗുരുവിലും ഉണ്ടാകണം. മനുഷ്യബുദ്ധിയോടെ (ഇന്ദ്രിയ വിഷയമായ ബുദ്ധി) ഗുരുവിനെ കാണരുത്. അത് ദര്‍ശിക്കുന്നവനുള്ള വികാരദോഷം മൂലം ഉണ്ടാകുന്നതാണ്. ഗുരുദര്‍ശനം ഈശ്വരദര്‍ശനം എന്നു കരുതണം. ദര്‍ശനീയമായ ബ്രഹ്മം തന്നെയാണ് ഗുരു.
(തുടരും)
Discussion about this post