തിരുവനന്തപുരം: ‘നൂതന’ സര്‍വകലാശാലകള്‍ എന്ന പേരില്‍ സര്‍ക്കാരിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുന്ന കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ബില്ലിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട്.
പരമ്പരാഗത സര്‍വകലാശാലാ സമ്പ്രദായത്തില്‍ നിന്നു മാറി, ചുവപ്പുനാടയുടെ കെട്ടുപാടുകള്‍ ഇല്ലാത്ത സംവിധാനമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നവേഷന്‍ യൂണിവേഴ്‌സിറ്റികള്‍ എന്ന പേരില്‍ നൂതന സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുനത്. കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇത്തരം സര്‍വകലാശാലകള്‍ സ്ഥാപിക്കാം. കൂടാതെ കമ്പനികള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, നിശ്ചിതകാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിദേശ സര്‍വകലാശാലകള്‍ എന്നിവയ്‌ക്കൊക്കെ നൂതന സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതാണ് കരട് ബില്‍.
സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊമോട്ടര്‍ കേന്ദ്രസര്‍ക്കാരുമായി ഒരു ധാരണാപത്രം ഒപ്പിടണം. ധാരണാപത്രത്തില്‍ സര്‍വകലാശാല ഏത് മേഖലയിലെ പഠനമാണ് ഉദ്ദേശിക്കുന്നത്, ധനസമാഹരണ വഴികള്‍,അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഭരണ സമിതി അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഉണ്ടാകണം. പ്രൊമോട്ടര്‍ നല്‍കുന്ന വിശദാംശങ്ങള്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന വിഗഗ്ദ്ധ സമിതി പരിശോധിച്ചാണ് അനുമതി നല്‍കുക.
പൂര്‍ണമായ സ്വയംഭരണാവകാശമുള്ളതായിരിക്കും നൂതന സര്‍വകലാശാലകള്‍. ഭരണപരമായും അക്കാദമികമായും സ്വയംഭരണാവകാശം അവര്‍ക്കുണ്ടാകും. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സായിരിക്കും ഭരണ സമിതി. ഇതിലെ അംഗങ്ങളില്‍ പകുതിപേര്‍ സ്ഥാപനത്തിന് പുറത്തു നിന്നുള്ളവരായിരിക്കണം. മൂന്നിലൊന്നുപേര്‍ അധ്യാപകരും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിനെ നിയമിക്കാനുള്ള അവകാശം പ്രൊമോട്ടര്‍ക്കായിരിക്കും. ചാന്‍സലറായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക പണ്ഡിതനെ നിയമിക്കണം. വൈസ് ചാന്‍സലറെ ഭരണസമിതി നിര്‍ദേശിക്കുന്ന പാനലില്‍ നിന്ന് കണ്ടെത്തണം.
ഓരോ നൂതന സര്‍വകലാശാലയിലും അക്കാദമിക് ബോര്‍ഡിനായിരിക്കും ഭരണ നിര്‍വഹണ ചുമതല. അധ്യാപകരെ നിശ്ചിത കാലത്തേക്ക് നിയമിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. എമിരേറ്റസ് പ്രൊഫസര്‍മാരായുംപ്രൊഫസര്‍മാരായും ഓരോരുത്തരുടെയും സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് ശമ്പളം വാഗ്ദാനം ചെയ്ത് നിയമിക്കാം. ഫാക്കല്‍റ്റികളിലെ മറ്റധ്യാപകരെയും അതത് മേഖലകളിലെ യോഗ്യതകള്‍ നിര്‍ണയിച്ച് പ്രമുഖരെ കണ്ടെത്തി ക്ഷണിച്ചുകൊണ്ടുവന്ന് നിയമിക്കാം. സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിന് അവസരം നല്‍കി അസിസ്റ്റന്റ് പ്രൊഫസര്‍മാരായി നിയമനം നല്‍കുന്നതിനും അനുമതിയുണ്ട്. ഇതിനുള്ള അധികാരം അക്കാദമിക് ബോര്‍ഡിനായിരിക്കും. അധ്യാപകരായി വിദേശ സര്‍വകലാശാലയിലുള്ളവരേയും കൊണ്ടുവരാം.
ഗവേഷണ സൗകര്യങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പിനുമായി കേന്ദ്രസര്‍ക്കാര്‍ ഈ യൂണിവേഴ്‌സിറ്റികള്‍ക്ക്പണം നല്‍കും. ഗവേഷണ സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥലം നല്‍കുന്നതിനും വ്യവസ്ഥയുണ്ട്.ലോക നിലവാരമുള്ള സര്‍വകലാശാലകള്‍ എന്ന നിലയിലാണ് കേന്ദ്രം ഇവ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കരട് ബില്ലിനെക്കുറിച്ചുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും കേന്ദ്രം ചോദിച്ചിട്ടുണ്ട്.
Discussion about this post