ചെന്നൈ: കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 9.10നായിരുന്നു അന്ത്യം. വൃക്ക രോഗബാധിതനായി രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്നു. ആശുപത്രിയില്‍ നിരന്തരം ഡയാലിസിസിന് വിധേയനായിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ നില വൈകിട്ടോടെ വഷളാവുകയായിരുന്നു. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഇന്നു സ്വദേശമായ പുതുച്ചേരിയിലേക്ക് കൊണ്ടുപോയി. വൈകിട്ടു 4.30നാണു സംസ്‌കാരം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംസ്ഥാന മന്ത്രിമാരും പുതുച്ചേരിയിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.
എം.ഒ. ഹസന്‍ ഫാറൂഖ് മരിക്കാര്‍ എന്ന എം.ഒ.എച്ച്. ഫാറൂഖ് കേരള ഗവര്‍ണറാകുന്നതിനു മുന്‍പ് ജാര്‍ഖണ്ഡില്‍ ഗവര്‍ണറായിരുന്നു. മൂന്നുതവണ പുതുച്ചേരിയില്‍ മുഖ്യമന്ത്രി ആയി – 1967, 1969, 1974 എന്നീ വര്‍ഷങ്ങളില്‍. ഗവര്‍ണറുടെ മരണത്തെത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി . സംസ്ഥാനത്തു ഏഴു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചിച്ചു.ആദര്‍ശ ശുദ്ധിയുള്ള രാഷ്ട്രീയത്തിനേറ്റ നഷ്ടമാണ് ഗവര്‍ണര്‍ എംഒഎച്ച് ഫാറൂഖിന്റെ വിയോഗം മൂലമുണ്ടാകുന്നത്. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യത്തിന്റെ മുന്‍നിര പോരാളിയായിരുന്നു ഫാറൂഖ്. ദേശീയ കാഴ്ചപ്പാടുള്ള നേതാവായിരുന്നു ഫാറൂഖ്. പഴയ പോണ്ടിച്ചേരിയിലെ കാരയ്ക്കലില്‍ ജനിച്ച ഫാറൂഖ് ഫ്രഞ്ച് കോളനിയുടെ മോചനത്തിന്റെ മുന്‍നിര പോരാളിയായാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മുഖ്യമന്ത്രിയായി റെക്കോര്‍ഡിട്ട ആളാണു ഫാറൂഖ്. 29 വയസ്സുള്ളപ്പോഴാണ് 1967 ല്‍ അദ്ദേഹം മുഖ്യമന്ത്രിയായത്. മൂന്നുതവണ അദ്ദേഹം പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയായി – 1991, 1996, 1999 വര്‍ഷങ്ങളില്‍. കേന്ദ്രത്തില്‍ വ്യോമയാന, ടൂറിസം സഹമന്ത്രിയുമായിരുന്നു. വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, ഗോവ, പോണ്ടിച്ചേരി പ്രദേശങ്ങളുടെ ചുമതലയുള്ള ഉപസമിതിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേന്ദ്ര ഹജ് കമ്മിറ്റി അംഗമായി. 2004ല്‍ അദ്ദേഹത്തെ സൗദി അറേബ്യയില്‍ ഇന്ത്യയുടെ അംബാസഡറായി നിയമിച്ചു. 2010 ല്‍ ജാര്‍ഖണ്ഡില്‍ ഗവര്‍ണറായ അദ്ദേഹം 2011 ലാണ് കേരളത്തിന്റെ പത്തൊന്‍പതാമത് ഗവര്‍ണറായി സ്ഥാനമേറ്റത്.
Discussion about this post